ആന്‍ഡ്രോയ്ഡ് ഫോണുമായി ബ്ലാക്ക്ബെറി


ആന്‍ഡ്രോയ്ഡ് നിരയില്‍പെട്ട രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ബ്ലാക്ക്‌ബെറി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിടെക്ക്-50 ഡിടെക്ക്-60 എന്നിവയാണ് ബ്ലാക് ബെറി പുറത്തിറക്കിയ പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍. ഈ വര്‍ഷം ജൂലൈയില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ഡിടെക്ക് 50 നാല് മാസത്തിന് ശേഷമാണ് ഇന്ത്യയിലെത്തുന്നത്.

1080×1920 പിക്‌സല്‍ റിസല്യൂഷനുളള 5.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുളളത്. 21,990 രൂപയാണ് വില. ഡിടെക്ക് 50 ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുമെങ്കിലും ഡിടെക്ക് 60 വാങ്ങാന്‍ ഡിസംബര്‍ ആദ്യവാരം വരെ കാത്തിരിക്കണം. സിംഗിള്‍ സിം മോഡലാണ് ഡിടെക്ക് 60.

അഞ്ചര ഇഞ്ച് ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. ഡ്യുവല്‍-ടോണ്‍ എല്‍ഇഡി ഫ്‌ളാഷും 6 എലിമെന്റ് ലെന്‍സുമുളള 21 മെഗാപിക്‌സല്‍ പിന്‍കാമറയും 84 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സുള്ള എട്ട് മെഗാപിക്‌സല്‍ മുന്‍കാമറയുമാണ് ഫോണിലുളളത്. ഡിടെക്ക് 60ന് 46,990 രൂപയാണ് വില.