ചിക്കൻ മപ്പാസ്


ഇന്ന് നമുക്ക്‌ ഈസ്റ്റർ സ്പെഷ്യൽ ചിക്കൻ മപ്പാസ്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മപ്പാസ്‌ പല വിധം ഉണ്ട്‌. ചിക്കൻ മപ്പാസ്‌, താറാവ്‌ മപ്പാസ്‌, വെജിറ്റബിൾ മപ്പാസ്‌, ഫിഷ്‌ മപ്പാസ്‌… ..എന്താണ്‌ മപ്പാസ്‌ ??
തേങ്ങപ്പാൽ ഉപയോഗിച്ച്‌ കറി വക്കുന്ന വിഭവത്തിന്‌ സാധാരണ മപ്പാസ്‌ എന്ന് പറയാറുണ്ട്‌… പ്രത്യേകിച്ച്‌ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ . .. തേങ്ങ പാൽ ഒഴിച്ച്‌ ഉണ്ടാക്കുന്ന ഇവക്ക്‌ രുചി ഒന്ന് വേറെ തന്നെയാണെന്ന് പറയേണ്ടല്ലൊ….

 

ആവശ്യം വേണ്ട സാധനങ്ങൾ

 

1. കോഴിയിറച്ചി – അര കിലോ

2. സവാള – 2 എണ്ണം അരിഞ്ഞത്

3. തക്കാളി – 2 എണ്ണം അരിഞ്ഞത് + വട്ടത്തിൽ അരിഞ്ഞുവെച്ച തക്കാളി 6 കഷ്ണം

4. ഇഞ്ചി – കാൽ കപ്പ് അരിഞ്ഞത്

5. വെളുത്തുള്ളി – 10 അല്ലി

6. ചെറിയ ഉള്ളി – 10 എണ്ണം

7. പച്ചമുളക് – 4 എണ്ണം അരിഞ്ഞത്

8. വറ്റൽമുളക് – 4 എണ്ണം മുറിച്ചത്

9. കറിവേപ്പില – 2 തണ്ട്

10. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ + അര ടീസ്പൂൺ

11. പെരുംജീരകം – അര ടീസ്പൂൺ

12. മഞ്ഞൾപൊടി – അര ടീസ്പൂൺ

13. മല്ലിപൊടി – ഒന്നര ടീസ്പൂൺ

14. കുരുമുളകുപൊടി – ഒരു ടീസ്പൂൺ

15. കരമസാലപ്പൊടി – അര ടീസ്പൂൺ

16. ഉപ്പ് ആവശ്യത്തിന്

17. ഒരു തേങ്ങയുടെ ഒന്നാംപാൽ – അര കപ്പ്

18. രണ്ടാംപാൽ – 2 കപ്പ്

 

തയ്യാറാക്കുന്ന വിധം

 

1. ചട്ടി അടുപ്പത്ത് വെച്ച് നന്നായിട്ട് ചൂടായിവരുമ്പോൾ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

2. ചൂടായ വെളിച്ചെണ്ണയിലേക്ക്‌ പെരുംജീരകം, കറിവേപ്പില, വറ്റൽ മുളക് ഇവ ചേർത്ത് നന്നായി മൂപ്പിക്കുക

3. ഇതിലേക്ക് 10 അല്ലി വെളുത്തുള്ളി, കാൽ കപ്പ് നീളത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റിയെടുക്കുക.

4. ശേഷം സവാള, ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക.

5. ഇനി ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.

6. ചെറുതീയിൽ വെച്ചിട്ട് പൊടികൾ ചേർത്ത് കൊടുക്കാം (മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാലപൊടി, കുരുമുളകുപൊടി) പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കണം.

7. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിച്ചു 2 മിനിറ്റ് വേവിക്കുക.

8. ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ചേർത്തുക്കൊടുത്ത് നന്നായി ഇളക്കിയോജിപ്പിച്ച് 20 മിനിറ്റ് വരെ അടച്ചുവെച്ച് വേവിക്കുക (ഇടയ്ക്ക് അടപ്പുതുറന്ന് ഇളക്കി കൊടുക്കുക).

9. ചിക്കൻ വെന്ത ശേഷം വട്ടത്തിൽ അരിഞ്ഞുവെച്ച തക്കാളിയും കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കുക, കൂടെ പച്ച വെളിച്ചെണ്ണ അര ടീസ്പൂൺ തൂവിക്കൊടുത്ത് ഒന്ന് തിളപ്പിക്കുക (ഈ സമയം ഉപ്പ് നോക്കിയിട്ട്‌ വേണമെങ്കിൽ ചേർക്കാം)

10. ശേഷം ഒന്നാംപാൽ ചേർത്ത് ചൂടാക്കിയിട്ട് തീ ഓഫ് ചെയ്യാം ( ഒന്നാംപാൽ ചേർത്ത ശേഷം തിളപ്പിക്കരുത്)

ഇപ്പോൾ നമ്മുടെ രുചികരമായ ചിക്കൻ മപ്പാസ് തയ്യാറായിട്ടുണ്ട്.