പുതിയ റേഷന്‍ കാര്‍ഡിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം അറിയേണ്ടതെല്ലാം


പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണല്ലോ? ഇതാ അറിയേണ്ട വിവരങ്ങള്‍ എല്ലാം

ആര്‍ക്കൊക്കെ അപേക്ഷിക്കാം

റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയം ഫോട്ടോ എടുത്തു കാര്‍ഡ് പുതുക്കാത്തവര്‍, നാളിതുവരെ ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരും നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുടെ കുടുംബത്തിനും താല്‍ക്കാലിക കാര്‍ഡ് കാര്‍ഡ് (ചട്ട കാര്‍ഡ്) കൈവശമുള്ളവര്‍, റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി ഫോട്ടോ എടുത്തിട്ടും ലിസ്റ്റില്‍ പേരു വരാത്തവര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നു റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ

അപേക്ഷയില്‍ എല്ലാ വിവരങ്ങളും എഴുതി കാര്‍ഡ് ഉടമയുടെ രണ്ടു പാസ്‌പോര്‍ട്ടു സൈസ് ഫോട്ടോ (ഒന്ന് നിര്‍ദിഷ്ട സ്ഥാനത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം.) സഹിതം സപ്ലൈ ഓഫീസില്‍ ഹാജരാക്കണം. എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. രണ്ടു വയസിനു മുകളിലുള്ള കുട്ടികളെ ചേര്‍ക്കുന്നതിനു ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷയോടൊപ്പം ഈ പറയുന്ന രേഖകളും സമര്‍പ്പിക്കണം.

*രേഖകള്‍ എന്തൊക്കെ

പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍നിന്നു ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസില്‍നിന്നു ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടേയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം മേല്‍ പറഞ്ഞിട്ടുള്ള ഓരോ വിഭാഗത്തിന്റേയും താഴെ പറയുന്ന രേഖകളും ഹാജരാക്കണം.

വിഭാഗം, ഹാജരാക്കേണ്ട രേഖ ക്രമത്തില്‍

1. പുതുക്കാത്ത റേഷന്‍കാര്‍ഡ് ഉടമകള്‍ (പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കണം)

2. നിലവില്‍ സംസ്ഥാനത്തെ ഒരിടത്തും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ (കേരളത്തില്‍ ഒരിടത്തും ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ല എന്നു കാണിക്കുന്ന രേഖ)

3. താല്‍കാലിക റേഷന്‍ ചട്ടകാര്‍ഡ് ഉള്ളവര്‍ (നിലവിലുള്ള താല്‍ക്കാലിക ചട്ട കാര്‍ഡ്)

4. ഫോട്ടോ എടുത്തിട്ട് ഒരു ലിസ്റ്റിലും പേരു വരാത്തവര്‍ (നിലവിലെ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും അസ്സല്‍ കാര്‍ഡും)

5. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ (സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ കോപ്പി എന്നിവയും ഹാജരാക്കണം).

അപേക്ഷ സ്വീകരിക്കുന്നത് ഫെബ്രുവരി 15 മുതല്‍

ശ്രദ്ധിക്കാന്‍

നിലവിലെ റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, കാര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കല്‍, കുറവു ചെയ്യല്‍, റേഷന്‍കട മാറ്റം, വരുമാനം തിരുത്തല്‍, വിട്ടു പോയ അംഗങ്ങളെ ചേര്‍ക്കല്‍ എന്നിവക്കുള്ള അപേക്ഷകള്‍ നിലവില്‍ സ്വീകരിക്കില്ല. അതിന്റെ തിയതി പിന്നീട് അറിയിക്കും.

കുടുംബ റേഷന്‍കാര്‍ഡ് വിഭജിച്ച് പുതിയ റേഷന്‍കാര്‍ഡ് ഉണ്ടാക്കല്‍, റേഷന്‍കാര്‍ഡിലെ തിരുത്തല്‍, കൂട്ടിച്ചേര്‍ക്കലുകള്‍,ഒഴിവാക്കലുകള്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, റണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷകളും ഇപ്പോള്‍ സ്വീകരിക്കില്ല.