കേരളത്തില്‍ എങ്ങനെ വിവാഹം രജിസ്റ്റര്‍ ചെയ്യാം ?


കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ജാതിമതഭേദമന്യേ, വിവാഹം നടന്ന് 45 ദിവസത്തിനകം , അതാത് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് 2008 ഫെബ്രുവരി 29ന് കേരള സര്‍ക്കാര്‍ അനുശാസിച്ച ചട്ടത്തില്‍ പറയുന്നത്. 2013 ലെ കേരള സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് പെണ്‍കുട്ടിയ്ക്ക് 18 വയസ്സും ആണ്‍കുട്ടിയ്ക്ക് 21 വയസ്സും തികയണം.
വിവാഹ രജിസ്‌ട്രേഷന് ആവശ്യമായ രേഖകള്‍:
1. 5 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷാ ഫോം.
2. വിവാഹ ക്ഷണകത്ത്
3. വിവാഹ ഫോട്ടോ
4. അപേക്ഷകന്റെ പേരില്‍ 10 രൂപയുടെ മുദ്രപത്രം.
5. വധൂവരന്മാരുടെ 2 ജോഡി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. 6. വയസ്സ്, ജനന തിയതി തെളിയിക്കുന്ന രേഖ.
7. മതാചാര പ്രകാരം വിവാഹം നടന്നതിനുള്ള രേഖ.
മേല്‍പറഞ്ഞ രേഖകളുമായി പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ വധുവരന്മാര്‍ ഹാജരായാല്‍ വിവാഹ രജിസ്ട്രറില്‍ ഒപ്പ് വെയ്പ്പിക്കും.
രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപയും എക്‌സ്ട്രാ ഫീസായി 20 രൂപയും പഞ്ചായത്ത് ഓഫീസില്‍ അടയ്ക്കണം. രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 45 ദിവസത്തിനുള്ളില്‍ രജിസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി വാങ്ങി പിഴ അടച്ച് രജിസ്‌ററര്‍ ചെയ്യാം.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് എന്തിന്:
1. നിയമപരമായ അവകാശം സ്ഥാപിച്ച് കിട്ടുന്നതിന്.
2. സ്വത്തുക്കളില്‍ മേലുള്ള അവകാശം സ്ഥാപിക്കുന്നതിന്.
3. നിക്ഷേപങ്ങളില്‍ നോമിനിയായി പേര് പറഞ്ഞിട്ടില്ലാത്ത പക്ഷം സംഖ്യ കിട്ടുന്നതിന്.
4. ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനും ആശ്രിത നിയമവ്യവസ്ഥ അനുസരിച്ച് ജോലി ലഭിക്കുന്നതിനും.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍: വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുവാന്‍ കോര്‍പറേഷന്‍ തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തില്‍ മണ്ഡപത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിവാഹ ദിവസം വധൂവരന്മാര്‍ എല്ലാ രേഖകളും വിവാഹ മണ്ഡപത്തില്‍ നല്‍കണം. കോര്‍പറേഷന്‍ ചാര്‍ജ് ഓഫീസര്‍ മണ്ഡപത്തിലെത്തി ഇവ ശേഖരിക്കും. അടുത്ത ദിവസത്തില്‍ തന്നെ ഇത് നല്‍കും.
വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ വിവാഹം രജിസ്റ്റ് ചെയ്യുന്നതിന്: വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ സാധിക്കുകയില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും അംഗീകരിക്കുകയില്ല. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യണം.