അമ്മയും മകളും


മോൾടെ പിറ്റിഎ മീറ്റിംഗിന് ഇനി അമ്മയെ വിടണ്ടാ ട്ടോ പപ്പായേ…..
പപ്പ വന്നാൽ മതി…

വെെകിട്ട് ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു എട്ടാം ക്ലാസുകാരി മോളുടെ പരാതി…

അതെന്താ മോളേ.. അമ്മ മോൾടെ എന്തേലും കുറ്റം മിസ്സിനോട് പറഞ്ഞോ….

ഡീ.. നീയെൻെറ മോൾടെ കുറ്റം പറയാനാ പിറ്റിഎ യ്ക്ക് പോയത്?….”

അടുക്കളയിൽ തിരക്കിലായിരുന്ന ഉണ്ണിമായയോട് ഹരി വിളിച്ച് ചോദിച്ചു…

ഞാനൊന്നും പറഞ്ഞില്ലല്ലോ ഹരിയേട്ടാ.. രാവിലെ എണീക്കാൻ മടിയാന്ന് പറഞ്ഞു.. അതിനാവും….

സോറി ട്ടോ അനൂട്ടീ..
..

സാരല്ല്യ ട്ടോ.. പപ്പാടെ മോൾടെ പിറ്റിഎ യ്ക്ക് ഇനി പപ്പ വന്നോളാം…

അനുവിനെ ആശ്വസിപ്പിക്കാൻ അവൻ പറഞ്ഞു.. പക്ഷേ അപ്പോഴും അനുവിൻെറ മുഖത്ത് തെളിച്ചം വന്നില്ല…

അതൊന്നൂവല്ല പപ്പായേ കാര്യം….

എല്ലാ കുട്ട്യോൾടേം അമ്മമാർക്ക് നല്ല ജോലിയുണ്ട്.. ഡോക്ടറും എഞ്ചിനീയറും ഒക്കെയാ…

അമ്മയ്ക്ക് മാത്രം ജോലിയില്ല… അവരുടെയൊക്കെ അമ്മമാർ കാറിലും സ്കൂട്ടിയിലുമൊക്കെയാ വരണേ…

അവരുടെ ഡ്രസും ഹെയർ സ്റ്റെെലും ഒക്കെ എന്ത് ഭംഗിയാ…

അമ്മ മാത്രം പഴഞ്ചൻ… സാരിയുടുത്ത് ചന്ദനം തൊട്ട്…

നിയ്ക്ക് നാണക്കേടാ അമ്മ വരണത്..

പപ്പ വന്നാൽ മതി ഇനി..

അനുവിൻെറ മറുപടി കേട്ടപ്പോ ഹരി പൊട്ടി ചിരിച്ചു..

അതാണോ കാര്യം…
മോള് വിഷമിക്കണ്ട.. നമ്മുടെ പഴഞ്ചൻ അമ്മയെ നമുക്ക് ഇനി എങ്ങും കൊണ്ടു പോകണ്ട ട്ടോ

ഇത് പറഞ്ഞ് അടുക്കളയിലേക്ക് ഹരി കാതോർത്തു…

സാധാരണ ഇത്തരം സന്ദർഭങ്ങളിൽ പാത്രങ്ങളോട് പരാതി തീർക്കുന്നവളാണ്.. പക്ഷേ ഇന്ന് അത് ഉണ്ടായില്ല… നിശബ്ദമായിരുന്നു അടുക്കള…

ജോലിക്ഷീണം കാരണം കിടന്നയുടനെ ഹരി ഉറങ്ങി.. ഇടയ്ക്കെപ്പോഴോ കണ്ണു തുറന്നപ്പോൾ അരികിൽ കിടന്നിരുന്ന ഉണ്ണിമായയുടെ അടക്കിപ്പിടിച്ച തേങ്ങൽ കേട്ടു….

എന്താ ഉണ്ണീ.. എന്തിനാ നീ കരയണേ?

അവളെ ചേർത്ത് പിടിച്ച് നെഞ്ചിൽ കിടത്തി അവൻ ചോദിച്ചു..

ഹരിയേട്ടൻ കേട്ടോ ഇന്ന് അനുമോള് പറഞ്ഞത്.. അവൾക്ക് എന്നെ കൂട്ടുകാർടെ മുന്നിൽ നിർത്താൻ നാണക്കേടാത്രേ…”

കരച്ചിലടക്കാൻ പാടുപെട്ട് അവൾ പറഞ്ഞു…

ഡീ പൊട്ടീ.. അവള് കുഞ്ഞല്ലേ… അതിനാണോ നീ കരയണേ… നമ്മുടെ മോളല്ലേടീ അവള്.. അവള് അത് തമാശയ്ക്ക് പറഞ്ഞതാവും…

ഹരി അവളെ ഒന്നു കൂടെ നെഞ്ചിൽ ചേർത്തു കിടത്തി….

ഇല്ല ഹരിയേട്ടാ.. തമാശയല്ല.. കുറച്ച് നാളായി ഞാൻ ശ്രദ്ധിക്കണു.. മോൾക്ക് എന്നോട് വല്ലാത്ത അകൽച്ച….

മുൻപൊക്കെ എന്നോട് ചേർന്നു കിടന്നേ അവൾ ഉറങ്ങിയിരുന്നുള്ളൂ… ഉറങ്ങാൻ നേരം ചെന്നില്ലെങ്കിൽ വഴക്കായിരുന്നു… ഇപ്പോ അവൾടെ മുറിയിൽ ഞാൻ കയറണത് പോലും അവൾക്ക് ദേഷ്യാ….

സ്കൂളിലെ എല്ലാ വിശേഷോം നമ്മളോട് പറഞ്ഞിരുന്നതല്ലേ മോൾ… ഇപ്പോ ഒക്കെ ഹരിയേട്ടനോടും അച്ഛമ്മയോടും ് മാത്രം….

പഠിക്കുമ്പോ ഞാൻ അടുത്തിരുന്നാൽ നിയ്ക്ക് ഒന്നും അറിയില്ലാന്ന് പറഞ്ഞ് എണീപ്പിച്ച് വിടും…

എന്നോട് ഒരു കാരണോം ഇല്ലാണ്ട് ദേഷ്യപ്പെടും…

നിയ്ക്ക് ഇതൊന്നും സഹിക്കാൻ പറ്റണില്ലാ ട്ടോ ഹരിയേട്ടാ……”

മഴ പെയ്തൊഴിയും പോലെ അവളുടെ കണ്ണുനീർ ഹരിയുടെ നെഞ്ചിനെ നനയിച്ചു…

ശരിയാണ്… തൻെറ കൺമുന്നിൽ നടന്നിട്ടും കാണാതെ പോയ കാര്യങ്ങളാണ് ഇതൊക്കെ….

അനുമോൾക്ക് ഉണ്ണിമായയോട് ഒരു തരം പുച്ഛഭാവമായിരുന്നു.. പക്ഷേ അപ്പോഴും അവൾക്ക് താൻ ഹീറോ ആയതു കൊണ്ടാവാം താൻ അത് ശ്രദ്ധിക്കാതെ പോയത്….

കരഞ്ഞ് തളർന്ന് എപ്പോഴോ ഉണ്ണിമായ ഉറങ്ങി പോയി…..

പിറ്റേന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ മോളുടെയും എൻെറയും കാര്യങ്ങൾ നോക്കി അവൾ പതിവ് തുടർന്നു…

ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ പ്രശ്നം ഇതു പോലെ തന്നെ ഉണ്ടെന്ന് മനസിലായപ്പോഴാണ് പരിഹാരം കാണണമെന്നും അല്ലെങ്കിലിത് ഇനിയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഹരിയ്ക്ക് തോന്നിയത്….

മനപൂർവമാണ് ഉണ്ണിമായയെ ഒരു ദിവസത്തേക്ക് അവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കിയത്…

അമ്മയുടെ അസാന്നിദ്ധ്യം അവളിൽ കുറ്റബോധമുണ്ടാക്കുമെന്ന് കരുതി…

പക്ഷേ അമ്മ ഇല്ലാത്തോണ്ട് കൂടുതൽ സ്വാതന്ത്ര്യം കിട്ടിയ പോലെയായിരുന്നു അനുവിൻെറ പെരുമാറ്റം ..

അമ്മ ഉണ്ടാരുന്നെങ്കിൽ കുളിക്ക് അനൂട്ടീ.. കഴിക്ക് അനൂട്ടീ. പഠിക്ക് അനൂട്ടീ ന്ന് പറഞ്ഞ് സ്വെെര്യം തരില്ല.. ഇന്ന് എന്തൊരു സമാധാനം എന്ന് പറഞ്ഞിരുന്ന അനുവിനെ ഹരി അരികിൽ വിളിച്ചു….

അനുമോൾ ചെന്ന് ആ അലമാരയുടെ മുകളിൽ വെച്ചിരിക്കുന്ന വലിയ പെട്ടി ഇങ്ങെടുത്തേ…”

അവൾ മുകളിലേക്ക് നോക്കി…

ഇത് വല്യ പെട്ടിയല്ലേ… മോൾ ഇതെങ്ങനെ എടുക്കും….”

മോൾ ഇപ്പോ വല്യ കുട്ടിയായീന്ന് മോൾ തന്നെയല്ലേ പറയാറ്.. അതെടുക്ക്..

ഹരി വീണ്ടും പറഞ്ഞു…

അനു ഒരു വിധം അത് വലിച്ചെടുത്ത് താഴെ വച്ചു…

ഹരി അവളെ കൊണ്ട് തന്നെ അത് തുറപ്പിച്ചു….

പെട്ടിയിലെ പൊടി പിടിച്ചിരുന്ന ഫയൽ അനു തന്നെ തുറന്നു നോക്കി….

അത് നിറയെ ഉണ്ണിമായയുടെ സർട്ടിഫിക്കറ്റുകളായിരുന്നു……

MA യ്ക്ക് ഒന്നാം റാങ്ക് നേടിയ സർട്ടിഫിക്കറ്റുൾപ്പെടെ പൊടി പിടിച്ചിരുക്കുന്ന ട്രോഫികളും സർട്ടിഫിക്കറ്റുകളുമെല്ലാം അവൾ അത്ഭുത്തോടെ നോക്കി…..

ഇതൊക്കെ അമ്മേടേയാ?….. അമ്മ ഇത്രേം മിടുക്കിയായിരുന്നോ?…

കൗതുകം നിറഞ്ഞ മിഴികളുമായി നിൽക്കുന്ന അനുവിനെ നോക്കി ഹരി ചിരിച്ചു,..

അമ്മ മിടുക്കിയായിരുന്നു…. പഠിത്തത്തിലും സാഹിത്യത്തിലും കലയിലുമെല്ലാം അമ്മ ഒന്നാമതായിരുന്നു… ഒക്കെ അമ്മ വേണ്ടാന്ന് വെച്ചത് നമുക്ക് രണ്ടാൾക്കും വേണ്ടിയാ…..

മോൾക്ക് അറിയോ. പപ്പായ്ക്ക് അമ്മയെ ഒരുപാട് ഇഷ്ടാരുന്നു.. അമ്മയ്ക്ക് പപ്പായേം…
പക്ഷേ അമ്മയുടെ വീട്ടിൽ ആരും സമ്മതിച്ചില്ല.. വിളിച്ചിറക്കാൻ ചെന്നപ്പോ ആരേം വിഷമിപ്പിച്ച് വരില്ലാന്ന് പറഞ്ഞു അമ്മ… പപ്പ അന്നൊരുപാട് കരഞ്ഞു… പക്ഷേ ആരും വിഷമിക്കാതിരിക്കാൻ അമ്മ ഒരു സാരിയിൽ അമ്മേടെ ജീവിതം തീർക്കാൻ നോക്കി… പക്ഷേ അമ്മ രക്ഷപ്പെട്ടു…..

അമ്മയുടെ ഇഷ്ടം മനസിലായപ്പോ പൂർണ സമ്മതത്തോടെയാ അമ്മയെ എല്ലാവരും പപ്പായ്ക്ക് തന്നത്….

അവിടുന്നിങ്ങോട്ട് അമ്മയുടെ ലോകം നമ്മൾ രണ്ടു പേരും മാത്രമാ….

മോളു പറഞ്ഞില്ലേ അമ്മയ്ക്ക് നല്ല ജോലി ഇല്ലാന്ന്… അമ്മയെ പപ്പ വിടാഞ്ഞതാണ് ജോലിക്ക്… മോള് കളിയാക്കുന്ന ഈ പഴഞ്ചൻ രീതിയും സാരിയുമൊക്കെ പപ്പയുടെ ഇഷ്ടങ്ങളാണ്……

മോൾ അമ്മയുടെ വയറ്റിൽ ഉണ്ടായപ്പോൾ മുതൽ മോളെ നെഞ്ചിലേറ്റിയതാ അവൾ.. രാവും പകലും മോളെ പറ്റിയാരുന്നു വിചാരം … ഇപ്പോഴും അത് അങ്ങനെ തന്നെയാ…

്അമ്മയുടെ ലോകം നമ്മൾ രണ്ടു പേരും മാത്രമാ… അതിനപ്പുറത്തേക്ക് ഇഷ്ടങ്ങളോ മോഹങ്ങളോ അവൾക്കില്ല… മോള് അത് മനസിലാക്കണം ട്ടോ…

ആ അമ്മയെയാ മോള് നാണക്കേടാന്ന് പറഞ്ഞത്….

ഇന്ന് വീട്ടിൽ അമ്മ പോയതും പാതി മനസോടെയാ.. നമ്മളെ പിരിയാൻ വയ്യാത്തോണ്ട്..

മോളുടെ കാര്യം നോക്കാൻ പപ്പായും അച്ഛമ്മേം ഉണ്ടായിട്ടും അവൾ ഒരു നൂറ് തവണ വിളിച്ചിരുന്നു..

പക്ഷേ മോളോ???…

ഹരി ഇത്രയും പറഞ്ഞപ്പോഴേക്കും അനുമോൾ കരയാൻ തുടങ്ങിയിരുന്നു….

സോറി പപ്പായേ… അമ്മയോട് ഇഷ്ടം അല്ലാഞ്ഞിട്ടല്ല… മോൾ പറഞ്ഞു പോവാ അങ്ങനൊക്കെ. .
ഹരി അവളെ ചേർത്തു പിടിച്ചു…

പപ്പാടെ മോൾ മിടുക്കി കുട്ടിയല്ലേ… മോൾ മനപൂർവം പറയണതല്ലാന്ന് എനിക്ക് അറിയാം… മോളുടെ പ്രായത്തിൻെറയാ…

പക്ഷേ ഇപ്പോ പപ്പ ഇത് പറഞ്ഞു തന്നില്ലെങ്കിൽ പിന്നെ പറഞ്ഞു തന്നാലും മോൾക്ക് തിരുത്താൻ പറ്റില്ല… അതോണ്ടാ ….

സാരല്ല്യ ട്ടോ..

ഹരി അവളുടെ കണ്ണുകൾ തുടച്ചു….

പിറ്റേ ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ മുതൽ അനു പഴയ പോലെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്ന അനൂട്ടിയായി..

കണ്ടോ ഹരിയേട്ടാ… ഞാനൊരു ദിവസം മാറി നിന്നപ്പോ ൻെറ മോൾക്ക് എന്നോട് പഴയ ഇഷ്ടം വന്നേ… ഇത്രേ ഉള്ളൂ ട്ടോ ൻെറ മോൾ…..”

അവളുടെ വാക്ക് കേട്ട് ഹരി പതിയെ മൂളി…

ഉറങ്ങാൻ നേരം ഉണ്ണിമായയെ ചേർത്ത് പിടിച്ച് അനു കിടന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു… നിറഞ്ഞ മനസോടെ, സന്തോഷത്തോടെ തന്നെ നോക്കി ചിരിക്കുന്ന ഉണ്ണിമായയെ നോക്കി ഹരിയും പുഞ്ചിരിച്ചു….

അടുത്തിഴകിയിരുന്ന കുഞ്ഞുങ്ങൾ ഒരു പ്രായത്തിൽ മാതാപിതാക്കളോട് അകലം കാട്ടിത്തുടങ്ങാറുണ്ട്…. അത് തിരിച്ചറിയാനും തിരുത്താനും മാതാപിതാക്കൾക്ക് മാത്രമേ സാധിക്കൂ… പരസ്പരം അവഗണിക്കാനുള്ള അവസരങ്ങളാക്കാതെ അതിനേ മുളയിലേ നുള്ളിക്കളയാൻ ശ്രമിക്കുക…..
കുടുംബത്തിലെ ചെറിയ താഴപ്പിളകൾ തിരുത്താതെ പോകുമ്പോഴാണ് അത് വലിയ ദുരന്തങ്ങളായി മാറുന്നത്.