കാഷ്മിരിലെ ഒരു ചായക്കട


ജമ്മുവിലെ ഏറ്റവും ദുര്‍ഘടം പിടിച്ച സൈനികപോസ്റ്റിലേക്ക് നിയുക്തരായ 15 സൈനികര്‍ അവരുടെ മേജറുടെ നേതൃത്വത്തില്‍ അവിടേക്കുള്ള യാത്രയിലാണ്.

പാത അതീവദുര്‍ഘടം പിടിച്ചത്. മഞ്ഞുകാലം. ഏതുസമയവും മഞ്ഞുമലയിടിച്ചില്‍ ഉണ്ടാകാം. മുന്നിലിപ്പോ കാണുന്ന വഴി ഇല്ലെന്നാകാം. കൈയിലിപ്പോ പിടിച്ചിരിക്കുന്ന ജീവനും ഇല്ലെന്നാകാം.

എങ്കിലും അവര്‍ക്കവിടെ ചെന്നേ പറ്റൂ. മൂന്നു മാസത്തേക്കാണവരെ അവിടേക്ക് നിയോഗിച്ചിരിക്കുന്നത്. അവരവിടെ ചെന്നിട്ടുവേണം മൂന്നുമാസം മുമ്പ് അവിടേക്കുപോയ സൈനികര്‍ക്ക് മടങ്ങാന്‍.

തണുപ്പ് അസ്ഥിവരെയൊക്കെ ചെന്നുതൊട്ടുനോക്കാന്‍ തുടങ്ങിയപ്പോള്‍ അവര് ചുമ്മാ കൊതിച്ചു, ഈ വഴിയരികില്‍ ഒരു ചായ കിട്ടുന്ന കടയുണ്ടായിരുന്നെങ്കില്‍.. ചായ കുടിച്ച് അകവും തീകാഞ്ഞ് പുറവും ചൂടാക്കാമായിരുന്നു. ഒന്ന് ഉഷാറാകാമായിരുന്നു.

അപ്പോഴാണ് നോക്കണേ… കൊതിച്ചതുപോലെ വഴിയിലൊരു ഒറ്റക്കട പൊളിഞ്ഞുവീഴാറായിനില്ക്കുന്നത് അവര്‍ കണ്ടത്.

അതൊരു ചായക്കടയായിരുന്നു.

പക്ഷേ അടുത്തുചെന്ന് നോക്കിയ മേജര്‍ നിരാശനായി തിരിച്ചുവന്നിട്ട് പറഞ്ഞു,

No tea boys, bad luck !!

ആ കട ചായക്കട തന്നെ. പക്ഷേ അടഞ്ഞുകിടക്കുകയാണ്..

നമുക്കു പോകാം എന്നവരോട് മേജര്‍ പറഞ്ഞെങ്കിലും തണുത്തുമരച്ചുപോയ ജവാന്മാര്‍ക്ക് അതിന് മനസ്സുവന്നില്ല.

നമുക്ക് ഇതിനകത്ത് കയറി ചായയുണ്ടാക്കി കഴിക്കാം… അവര്‍ നിര്‍ബന്ധിച്ചു.

മനസ്സില്ലാമനസ്സോടെ മേജറത് സമ്മതിച്ചു. പൂട്ട് പൊളിച്ച് അകത്തുകയറിയ ഉടനെ സന്തോഷം അവരെ വന്ന് പിടികൂടി.

അതിനുള്ളില്‍ വിറകും ചായപ്പൊടിയും ബിസ്കറ്റും പാത്രങ്ങളും എല്ലാം റെഡി ആയിരുന്നു.

അവര്‍ ചായ ഉണ്ടാക്കി. കൈകാലുകള്‍ ചൂടാക്കി. ബിസ്കറ്റും ചായയും എന്ന എളിയ ഭക്ഷണമാണ് കഴിച്ചതെങ്കിലും വലിയ സദ്യ ഉണ്ടിട്ടെന്നതുപോലെ നിറഞ്ഞ്, മനസ്സും നിറഞ്ഞ് പുറത്തിറങ്ങിയ അവരോട് മേജര്‍ പറഞ്ഞു,

നമ്മള്‍ കൊള്ളക്കാരല്ല. കൃത്യമായ നിയമവ്യവസ്ഥയില്‍ ജീവിക്കുന്ന ഉത്തമമനുഷ്യരാണ്. അവരെപ്പോലെ പെരുമാറണം.

ഇങ്ങനെ പറഞ്ഞ് ആയിരം രൂപയെടുത്ത് പഞ്ചസാരപ്പാത്രത്തിനടിയില്‍ തിരുകിവച്ചിട്ട് കതകും ചേര്‍ത്തടച്ച് അവര്‍ യാത്ര തുടര്‍ന്നു.

മൂന്ന് മാസത്തെ സൈനികഉത്തരവാദിത്തങ്ങള്‍ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ക്യാമ്പിന്‍റെ ചുമതലയിലേക്ക് പുതിയ ഒരു ബറ്റാലിയന്‍ വന്നെത്തി.

നമ്മുടെ മേജറും 15 സൈനികരും താഴ്വരയിലേക്ക് തിരിച്ചിറങ്ങവേ ആ ചായക്കട വീണ്ടും കണ്ടു.

അപ്പോളത് തുറന്നിരിക്കുകയായിരുന്നു.

അവര്‍ ഉള്ളില്‍ കയറി. അതിന്‍റെ ഉടമസ്ഥന്‍ ഒരു വൃദ്ധനാണ്. ചായക്കട പോലെതന്നെ കീറിപ്പറിഞ്ഞ വൃദ്ധന്‍. 16 കസ്റ്റമേഴ്സിനെ കണ്ട് അദ്ദേഹം വളരെ സന്തോഷിച്ചു.

ചായ കുടിച്ചുകൊണ്ടിരിക്കേ വൃദ്ധന്‍ തന്‍റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. ഏകാന്തമായ ആ സ്ഥലത്ത് എങ്ങനെ തന്‍റെ ചെറിയ ജീവിതത്തെ ദൈവം സന്തോഷം കൊണ്ട് പൊതിഞ്ഞുസംരക്ഷിക്കുന്നു എന്ന് അയാളങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

അപ്പോള്‍ ഏതോ ഒരു ജവാന്‍ അദ്ദേഹത്തോട്, അല്ല ബാബാ…. അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ…? എന്ന് ചോദിച്ചു.

കണ്ടിട്ടുണ്ടോ എന്നോ… അദ്ദേഹം എന്‍റെ കടയില്‍ വന്നിട്ടുമുണ്ട് എന്നായിരുന്നു ബാബാ അതിന് മറുപടി പറഞ്ഞത്.

മൂന്ന് മാസം മുമ്പ് എന്‍റെ മകനെ ഭീകരര്‍ തല്ലിച്ചതച്ചു. സൈനികരുടെ വരവിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ അവര്‍ക്ക് കിട്ടണമായിരുന്നു. അവനത് പറഞ്ഞുകൊടുത്തില്ല. അടികൊണ്ടവശനായ അവനെ ആശുപത്രിയിലെത്തിക്കേണ്ടത് അത്യാവശ്യമായിരുന്നതിനാല്‍ ഞാന്‍ കട അടച്ചു. പക്ഷേ എനിക്ക് പണം തരാന്‍ ആരും തയ്യാറായില്ല. ഭീകരരെ ഭയന്നിട്ടാണ് ആരും സഹായിക്കാതിരുന്നത്.

ഞാനാ രാത്രി ദൈവത്തോട് വളരെയേറെ പ്രാര്‍ത്ഥിച്ചു. ആ രാത്രിയില്‍ ദൈവം എന്‍റെ കടയില്‍ വന്നു. ദേ…. ഈ പഞ്ചസാരപ്പാത്രത്തിനടിയില്‍ ദാ, ഇങ്ങനെ ആയിരം രൂപാ മടക്കിവച്ചിട്ട് അദ്ദേഹം പോയി. ഞാനതുകൊണ്ട് മകനെ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചു. അന്നത്തെ ആ രൂപയുടെ വില എത്രയെന്ന് എനിക്ക് ഒരിക്കലും കണക്കാക്കി പറയാനാവില്ല.

നിങ്ങള്‍ പറ…. ദൈവം ഇല്ലേ…

ആരും ഒന്നും പറഞ്ഞില്ല. ചായയുടെ പണം കൊടുക്കാനെഴുന്നേറ്റ മേജര്‍ വൃദ്ധനെ കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു,

ഉണ്ട് ബാബാ, ദൈവം ഉണ്ട്….

നിങ്ങളുടെ ചായ വളരെ നല്ലതായിരുന്നു, ബാബാ നല്ലതായിരുന്നു.

അപ്പോള്‍ മേജറുടെ കണ്ണില്‍ അല്പാല്പമായി ഉരുണ്ടുകൂടിയ നനവിനെ ആ പതിനഞ്ചുപേരും കൃത്യമായി കാണുന്നുണ്ടായിരുന്നു.

ഒരാളുടെ ജീവിതത്തിലേക്ക് ദൈവമായി കയറിവരാന്‍ നമുക്ക് കഴിയും. ദൈവത്തിനത് കഴിഞ്ഞെന്നുവരില്ല