തറ തുടയ്ക്കാന്‍ ഷവോമിയുടെ ‘യെന്തിരന്‍’ എത്തുന്നു


പൊല്ലാപ്പുകള്‍ക്കും പങ്കപ്പാടുകള്‍ക്കും അറുതിവരുത്തി സ്മാര്‍ട്‌ഫോണ്‍ രംഗത്തെ വമ്പന്‍ ബ്രാന്‍ഡുകളിലെന്നായ ഷവോമിയുടെ തറ തുടയ്ക്കുന്ന ‘യെന്തിരന്‍’ വിപണിയില്‍. വ്യത്യസ്തമായ പൈപ്പുകളൂം ട്യൂബുമൊക്കെ ഘടിപ്പിച്ച് വേണം നിലവില്‍ വിപണിയിലുള്ള സാധാരണ വാക്വം ക്ലീനര്‍ ഉപയോഗിക്കാന്‍. അതുമാത്രമോ, അഴുക്കുള്ള മുക്കും മൂലയുമൊക്കെ കണ്ടെത്തി ക്ലീനര്‍ അങ്ങോട്ട് കൊണ്ടുപോയില്ലെങ്കില്‍ മുറി വൃത്തിയാകണമെന്നില്ല, പ്ലഗ്‌പോയിന്റില്‍ നിന്ന് ഒരു പരിധിയിലധികം ദൂരം കൊണ്ടുപോയാല്‍ അതിലും പ്രശ്‌നങ്ങള്‍ ഏറെ. വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും ഇതിലും ഭേദം ചൂലെടുത്ത് അടിച്ചുവാരുന്നതാണ് നല്ലതെന്ന്.

ഇതിനെല്ലാം പരിഹാരം കണ്ടുകൊണ്ടാണ് പോരായ്മകളെന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന അത്യുഗ്രന്‍ വാക്വം ക്ലീനറുമായി ചൈനീസ് കമ്പനിയായ ഷവോമി കടന്നുവരുന്നത്. സ്മാര്‍ട്‌ഫോണ്‍ രംഗത്തെ വമ്പന്‍ ബ്രാന്‍ഡുകളിലെന്നായ ഷവോമി ‘എം.ഐ.ഇക്കോസിസ്റ്റം എന്ന പേരില്‍ ഗൃഹോപകരണരംഗത്തേക്കും കടന്നിട്ടുണ്ട്. ‘എം.ഐ.ഇക്കോസിസറ്റ’ ത്തിന്റെ ഭാഗമായാണ് ‘എം.ഐ.റോബോട്ട് വാക്വം’ ക്ലീനര്‍ എന്ന യെന്തിരനെ ഷവോമി വിപണിയിലെത്തിക്കുന്നത്.

പരമ്പരാഗത വാക്വം ക്ലീനറുമായി കാഴ്ചയില്‍ യാതൊരു സാമ്യവുമില്ല. 360 ഡിഗ്രിയില്‍ സെക്കന്‍ഡില്‍ 1800 തവണ സ്‌കാന്‍ ചെയ്യാന്‍ കഴിവുള്ള ലേസര്‍ ഡിസ്റ്റന്‍സ് സെന്‍സറാണ് ഇതിലെ പ്രധാനഘടകം. ലേസര്‍ ഡിസ്റ്റന്‍സ് സെന്‍സറിനു പുറമെ അള്‍ട്രാസോണിക് റഡാര്‍, ക്ലിഫ് സെന്‍സര്‍, ജിറോസ്‌കോപ്, ആക്‌സിലറോമീറ്റര്‍ തുടങ്ങി 12 സെന്‍സറുകള്‍ വേറെയുമുണ്ട്.

ഡ്രൈവറില്ലാതെ ഓടുന്ന കാറുകളിലെ എല്‍.ഡി.എസിന് സമാനമായ പ്രവര്‍ത്തനമാണ് ഇത് കാഴ്ചവെയ്ക്കുന്നത്. വാക്വം ക്ലീനര്‍ സഞ്ചരിക്കുന്ന വഴികള്‍ മുന്‍കൂട്ടി സ്‌കാന്‍ ചെയ്ത് ഉപരിതലത്തിലെ ഉയര്‍ച്ചകളും താഴ്ചകളും മുമ്പിലുള്ള തടസ്സങ്ങള്‍ കണ്ടെത്താനും, സൈമള്‍ട്ടേനിയസ് ലോക്കലൈസേഷന്‍ ആന്‍ഡ് മാപ്പിങ് സംവിധാനമുപയോഗിച്ച് തറയിലെ വൃത്തികേടായ ഭാഗങ്ങള്‍ തിരിച്ചറിയാനും സാധിക്കും.

ബ്രഷില്ലാത്ത തരം ഡി.സി മോട്ടര്‍ ഉപയോഗിച്ചാണ് തറയിലെ അഴുക്കുകള്‍ ക്ലീനര്‍ വലിച്ചെടുക്കുക. മുറിക്കുള്ളിലെ ചുമരില്‍ തട്ടി കേടാകുമെന്ന ആധിയും വേണ്ട. ചുമര് പോലുള്ള തടസ്സങ്ങള്‍ ഒരു സെന്റിമീറ്റര്‍ അകലെ വച്ചുപോലും തിരിച്ചറിഞ്ഞ് വഴിമാറി പോകാനുള്ള കഴിവും റോബോട്ട് വാക്വം ക്ലീനറിനുണ്ട്.

രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള 5200 എം.എ.എച്ച്. ബാറ്ററിയും ഇതിലുണ്ട്. വാക്വം ക്ലീനറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുന്ന മെബൈല്‍ ആപ്ലിക്കേഷനും ഇതിനോടകം തന്നെ ഷവോമി വികസിപ്പിച്ചെടുത്തുട്ടുണ്ട്. സെപ്റ്റംബര്‍ 6 മുതല്‍ എം.ഐ റോബോട്ട് വാക്വം ക്ലീനര്‍ ചൈനീസ് വിപണിയില്‍ ലഭിച്ചുതുടങ്ങും. 16,992 രൂപയാണ് വില.