വിദേശ തൊഴിലാളികള്‍ക്ക് കർശന നിയന്ത്രണമെന്ന് ട്രംപ്


വിദേശ തൊഴിലാളികളെ രാജ്യത്തെ കമ്പനികള്‍ നിയമിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സൂചന നൽകി നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. അമേരിക്കക്കാരെ പിരിച്ചുവിട്ട് പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസിൽ ഇന്ത്യക്കാരുടെ തൊഴിൽ സാധ്യതയെ ബാധിക്കുന്നതാണ് ട്രംപിന്‍റെ നിലപാട്

ഡിസ്നി വേൾഡ് അടക്കം പല അമേരിക്കൻ കമ്പനികളും അമേരിക്കൻ തൊഴിലാളികളെ മാറ്റി വിദേശികളെ ജോലിക്ക് വച്ചത് വിവാദമായിരുന്നു. ഇത്തരത്തിൽ ജോലി കിട്ടിയ വിദേശികളിൽ വലിയൊരു പങ്കും ഇന്ത്യക്കാരാണ്. തങ്ങളെ പുറത്താക്കി വിദേശികളെ നിയമിച്ച കമ്പനികള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് തൊഴിലാളികൾ.

അമേരിക്കക്കാരേക്കാൾ കുറഞ്ഞവേതനം നൽകിയാണ് എച്ച്1ബി വിസയിൽ Abroabroadവിദേശികളെ നിയമിച്ചത്. ഇത്തരത്തിൽ താല്‍കാലിക വിസയിലെത്തുന്ന വിദേശികൾ അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുന്ന അവസ്ഥ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് അയോവയിൽ അനുയായികളുടെ യോഗത്തിൽ ട്രംപ് പറഞ്ഞു. അവസാന അമേരിക്കക്കാരനെയും സംരക്ഷിക്കാനായി പോരാടുമെന്ന് ട്രംപ് വ്യക്തമാക്കി.

എച്ച്1ബി വിസയിൽ അമേരിക്കയിൽ ജോലി ലഭിക്കാനുള്ള ഇന്ത്യക്കാരുടെ സാധ്യതകൾക്ക് തിരിച്ചടിയാകും ട്രംപിന്‍റെ നിലപാട്. അമേരിക്കക്കാർക്ക് പകരം ജോലിക്ക് കയറിയ വിദേശികളെ പിരിച്ചുവിടുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. പ്രസിഡന്‍റ് പദമേറ്റ ശേഷം ട്രംപ് ഇത്തരം തൊഴിൽ പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നയങ്ങൾ ഇന്ത്യക്കാരെ സംബന്ധിച്ച് നിർണായകമാണ്.

അനധികൃത കുടിയേറ്റക്കാരെ തടയാൻ രാജ്യത്തിന്‍റെ മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്ന് ട്രംപ് ആവർത്തിച്ചു. മയക്കുമരുന്ന് രാജ്യത്ത് വ്യാപിക്കുന്നത് തടയുമെന്നും നിയുക്ത പ്രസിഡന്‍റ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *