ഫേസ്ബുക്കിലെ പേജ് ഹാക്ക് ബഗ് കണ്ടുപിടിച്ചു മലയാളി


ഫേസ്ബുക്കിലെ ഒരു പേജ് ഹാക്ക് ചെയ്യാന്‍ വേണ്ടതു വെറും പത്തു സെക്കന്‍ഡ്! സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേജില്‍ കയറി തിരിമറി കാട്ടാനുള്ള വിദ്യ കണ്ടുപിടിച്ച മലയാളി ബിടെക് വിദ്യാര്‍ത്ഥിക്കു ഫേസ്ബുക്ക് ഉപഹാരമായി നല്‍കിയതു 11 ലക്ഷം രൂപ.

കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അരുണ്‍ സുരേഷ് കുമാറിനാണ് ഫേസ്ബുക്ക് പതിനാറായിരം ഡോളര്‍ പാരിതോഷികം നല്‍കിയത്. ചാത്തന്നൂര്‍ എംഇഎസ് എന്‍ജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ത്ഥിയാണ് അരുണ്‍.

ഫേസ്ബുക്കിലെ ആരുടെയും പേജ് പത്തു സെക്കന്‍ഡുകൊണ്ട് സ്വന്തമാക്കി മാറ്റാന്‍ കഴിയുന്ന ബഗ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിനാണ് ഫേസ്ബുക്ക് അരുണിനു പാരിതോഷികം നല്‍കിയത്. ഫേസ്ബുക്കില്‍ ആരും കൈകാര്യം ചെയ്യുന്ന പേജുകള്‍ പത്തു സെക്കന്‍ഡ് സമയം കൊണ്ട് ഈ ബഗ് ഉപയോഗിച്ച്‌ സ്വന്തം പേരിലേക്കു മാറ്റാനും അഡ്മിന്‍ അധികാരങ്ങള്‍ സ്വന്തമാക്കാനും കഴിയുമെന്നാണ് അരുണ്‍ കണ്ടെത്തിയത്.

ഓഗസ്റ്റ് 30നാണ് ഇക്കാര്യം അരുണ്‍ ഫേസ്ബുക്കിനു റിപ്പോര്‍ട്ട് ചെയ്തത്. പരിശോധിച്ച്‌ സത്യമാണെന്നു ബോധ്യപ്പെട്ട ഫേസ്ബുക്ക് രണ്ടു മണിക്കൂറിനുള്ളില്‍ ഇക്കാര്യം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന മറുപടി അരുണിനു നല്‍കിയിരുന്നു. ആറു മണിക്കൂറിനുള്ളില്‍ പ്രശ്നം പൂര്‍ണമായി പരിഹരിച്ചതായും അറിയിച്ചു. ഫേസ്ബുക്ക് തലപ്പത്തെ കൂടിയാലോചനകള്‍ക്കു ശേഷമാണ് അരുണിനു പാരിതോഷികത്തുക തീരുമാനിച്ചത്. പാരിതോഷികത്തിലെ ഒരു പങ്കായ പതിനാറായിരം ഡോളറാണ് അരുണിന്റെ അക്കൗണ്ടിലേക്കു കൈമാറിയത്.

അരുണ്‍ റിപ്പോര്‍ട്ട് ചെയ്ത ബഗ് ഫേസ്ബുക്കിന്റെ നിലനില്‍പിനെത്തന്നെ ആശങ്കയിലാക്കുന്ന വലിയൊരു ബഗിന്റെ കണ്ടെത്തലിലേക്കു നയിച്ചിട്ടുണ്ട്. ഇതേതാണെന്നു ഫേസ്ബുക്ക് പുറത്തുവിട്ടിട്ടില്ല. യുആര്‍എല്‍ മാത്രമുണ്ടെങ്കില്‍ ഏതു പേജിലും നുഴഞ്ഞുകയറാവുന്ന ബഗാണ് അരുണ്‍ കണ്ടെത്തിയത്. പലപ്പോഴും സെലിബ്രിറ്റികളും നേതാക്കളുമെല്ലാം തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങള്‍ ലോകത്തോടു പങ്കുവയ്ക്കുന്നതു ഫേസ്ബുക്ക് പേജുകളിലൂടെയാണ്. ദശലക്ഷക്കണക്കിനു ലൈക്കുകളും ഫോളോവേഴ്സുമുള്ള ആയിരക്കണക്കിനു പേജുകള്‍ ഫേസ്ബുക്കിലുണ്ട്.

അടുത്തകാലത്തായി ഫേസ്ബുക്ക് അവതരിപ്പിച്ച ‘ബിസിനസ് മാനേജരി’ൃലാണ് ബഗ് അരുണിന്റെ ശ്രദ്ധയില്‍ പെട്ടത്. സോഷ്യല്‍മീഡിയാ മാര്‍ക്കറ്റിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്ന സംവിധാനമാണ് ഫേസ്ബുക്കിന്റെ ബിസിനസ് മാനേജര്‍. ലോകത്തെവിടെയും ഈ ബഗ് എത്തിയിരുന്നു. ഈ ബഗ് ഉപയോഗിച്ചു ഹാക്കര്‍മാര്‍ക്കു വേണമെങ്കില്‍ ഫേസ്ബുക്കില്‍ കാര്യമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു.

മൂന്നാം തവണയാണ് ഫേസ്ബുക്കിലെ സാങ്കേതികപ്പിഴവ് അരുണ്‍ കണ്ടെത്തി നല്‍കുന്നത്. ആകുറച്ചുനാള്‍ മുമ്ബ് ഫേസ്ബുക്ക് അക്കൗണ്ട് നിഷ്പ്രയാസം ഹാക്ക് ചെയ്യാന്‍ കഴിയുന്ന ബഗ് അരുണ്‍ കണ്ടെത്തി നല്‍കിയിരുന്നു. ഇതിന് ഫേസ്ബുക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഫേസ്ബുക്കിലെ ബ്ലോക്കിങ് പ്രൈവസിയുമായി ബന്ധപ്പെട്ട ബഗ് കണ്ടെത്തിയതിന് അയ്യായിരം ഡോളറും നല്‍കിയിരുന്നു. ഇതോടെ ആറുമാസത്തിനുള്ളില്‍ അരുണിന് ഫേസ്ബുക്കില്‍നിന്നു ലഭിക്കുന്ന പാരിതോഷികം മുപ്പത്തിരണ്ടായിരം ഡോളറായി.

നേരത്തേ ബഗ് കണ്ടെത്തി പ്രശ്നപരിഹാരത്തിന് സഹായിച്ചതിന് അരുണിനെ അമേരിക്കയില്‍ സിലിക്കോണ്‍വാലിയിലുള്ള ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. ഫേസ്ബുക്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ക്ഷണമായിരുന്നു ഇത്. ഇത്തരത്തില്‍ ബഗുകള്‍ കണ്ടെത്തി പ്രശ്നപരിഹാരത്തില്‍ സഹായിച്ച നിരവധിപേരെ വന്‍ ശമ്ബളം നല്‍കി ഫേസ്ബുക്ക് ജോലിക്കെടുത്തിട്ടുണ്ട്.

അരുണിന്റെ പിതാവ് സുരേഷ് കുമാര്‍ ചിറക്കര പഞ്ചായത്ത് ഓഫീസില്‍ യുഡി ക്ലര്‍ക്കാണ്. നാഗലക്ഷ്മിയാണു മാതാവ്. ഏക സഹോദരന്‍ അഖില്‍ എസ് കുമാറും അരുണിന്റെ അതേ കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്.

Source : dailyhunt.in