ഫോണിലും കാറിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി.


പുതിയ പദാര്‍ഥം വരുന്നു; ഫോണിലും കാറിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി.

ഇലക്‌ട്രിക് കാറാകട്ടെ, മൊബൈല്‍ ഫോണാകട്ടെ – ബാറ്ററി ചാര്‍ജ് ചെയ്യാനെടുക്കുന്ന കാലദൈര്‍ഘ്യം മടുപ്പിക്കുന്നതാണ്. ഇലക്‌ട്രോക് കാറുകള്‍ ഇനിയും വിപണിയില്‍ വലിയ ആവേശമുണ്ടാക്കാത്തതിന്റെ മുഖ്യ കാരണം ഇതാണ്.

അമേരിക്കയില്‍ ഡ്രെക്സല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ പുതിയ പദാര്‍ഥം ഈ ദുസ്ഥിതിക്ക് അറുതി വരുത്തിയേക്കാം. കാറിന്റെയും മൊബൈലിന്റെയുമൊക്കെ ബാറ്ററി സെക്കന്‍ഡുകള്‍ കൊണ്ട് ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നതാണ് അവര്‍ രൂപപ്പെടുത്തിയ ‘എംസ്കീന്‍’ ( MXene ) എന്ന നാനോമെറ്റീരിയല്‍.

വലിയ അളവില്‍ വൈദ്യുതോര്‍ജം ഒറ്റയടിക്ക് കടത്തിവിടാന്‍ സഹായിക്കുന്ന സൂപ്പര്‍കപ്പാസിറ്ററുകളുടെ സവിശേഷത ഇതിനകം ഗവേഷകലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

സൂപ്പര്‍കപ്പാസിറ്ററുകളുടെ ഈ സവിശേഷത ‘എംസ്കീന്‍’ പദാര്‍ഥത്തിന്റെ സഹായത്തോടെ പരമ്ബരാഗത ബാറ്ററികളിലേക്ക് സന്നിവേശിപ്പിക്കാന്‍ ഡ്രെക്സല്‍ ഗവേഷകര്‍ക്കായി. പുതിയ ഇലക്‌ട്രോഡ് ഡിസൈന്‍ വഴിയാണ് ഈ മുന്നേറ്റം സാധ്യമായത്.
വളരെ നേര്‍ത്ത എംസ്കീന്‍ ഇലക്‌ട്രോഡുകള്‍ സെക്കന്‍ഡിന്റെ ചെറിയൊരംശം കൊണ്ട് ചാര്‍ജുചെയ്യാന്‍ കഴിഞ്ഞതായി, ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന യൂറി ഗൊഗോറ്റ്സി അറിയിച്ചു. എംസ്കീന്‍ പദാര്‍ഥത്തിന്റെ ഉയര്‍ന്ന ഇലക്‌ട്രോണിക് ചാലകത കൊണ്ടാണ് ഇത് സാധ്യമായത്. പരമ്ബരാഗത സൂപ്പര്‍കപ്പാസിറ്ററുകളെ അപേക്ഷിച്ച്‌ വളരെ കൂടുതല്‍ ഊര്‍ജം സംഭരിക്കാനും, എന്നാല്‍ അത് സെക്കന്‍ഡുകള്‍ കൊണ്ട് സാധിക്കുന്നതുമായ അതിവേഗ ഊര്‍ജസംഭരണികള്‍ക്ക് ഇത് വഴിതുറക്കുമെന്ന് ഗൊഗോറ്റ്സി പറയുന്നു.

‘നേച്ചര്‍ എനര്‍ജി’ ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് ഈ മുന്നേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗവേഷണം പ്രാഥമിക ഘട്ടത്തിലാണ്, പുതിയ സാധ്യത എപ്പോള്‍ വിപണിയിലെത്തുമെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടില്ല.