പനീർ എങ്ങനെ ഉണ്ടാക്കാം


പനീർ ഉപയോഗിച്ച്‌ നാം പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്‌ . എന്നാൽ ഈ പനീർ പലരും കടകളിൽ നിന്ന് വാങ്ങാറാണ്‌ പതിവ്‌. പനീറിനെ കുറിച്ച്‌ ചെറിയൊരു വിവരണവും അത്‌ നമുക്ക്‌ എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്നും ആണ്‌ ഇന്നത്തെ പാചകത്തിൽ വിശദീകരിക്കുന്നത്‌

പേർഷ്യയിലും ദക്ഷിണേഷ്യയിലും ഉപയോഗിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്‌ പനീർ- തിളക്കുന്ന പാലിനെ നാരങ്ങാനീരോ മറ്റു ഭക്ഷ്യ അമ്‌ളങ്ങളോ ഉപയോഗിച്ച് പിരിച്ചാണ്‌ പനീർ നിർമ്മിക്കുന്നത്. പനീറിൽ ഉപ്പ് ചേർക്കുന്നില്ല എന്ന ഒരു കാര്യം മാത്രമാണ്‌ മെക്സിക്കൻ ഭക്ഷണമായ ക്വെസോ ബ്ലാങ്കൊ-യിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

പിരിഞ്ഞ പാലിനെ ഭാരത്തിനടിയിൽ വച്ച് ഞെക്കി അതിലെ ജലാംശം മുഴുവൻ കളയുന്നു. എന്നിട്ട് ചെറിയ കട്ടകളായി മുറിച്ചെടുക്കുന്നു. പനീർ ഒരു തനത് ദക്ഷിണേഷ്യൻ ഭക്ഷണമാണ്‌. പനീർ ഒരു ശുദ്ധ സസ്യാഹാരമാണ്‌. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പനീർ ഒരു പ്രോട്ടീൻ കലവറയാണ്‌. എന്നാൽ, ഇത് വേഗൻ ഭക്ഷണശൈലി പാലിക്കുന്നവർ എതിർക്കുന്ന ഒരു ഭക്ഷണമാണ്‌. മലേഷ്യൻ ഭക്ഷണമായ തൊഫുകട്ടിയായിക്കഴിഞ്ഞാൽ പനീറിന്റെ അതേ സ്വഭാവമാണ്‌. അതിനാൽ തന്നെ പനീറിനു പകരം തൊഫു ഉപയോഗിക്കാറും ഉണ്ട്.

വെജ് കഴിക്കുന്നവർക്കും നോൺ കഴിക്കുന്നവർക്കും ഒരു പോലെ ഇഷ്ട്ടമുള്ള പനീർ നമുക്ക്‌ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം

വളരെ ഈസിയാണ് ഇത്‌. മാത്രമല്ല നമുക്ക് ആവശ്യമുള്ളപ്പോൾ നല്ല ഫ്രഷ് ആയി കൂടുതൽ രുചിയും സോഫ്റ്റുമായ പനീർ ഉണ്ടാക്കി എടുക്കാം ……

ഹോം മേയ്ഡ് പനീർ

ഓരോരുത്തരും ഉണ്ടാക്കുന്നതിൽ ചെറിയ ചെറിയ ,വ്യത്യാസങ്ങൾ ഉണ്ടാകും. ഞാൻ വീട്ടില് ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ കൊടുക്കുന്നത്‌ . ഇങ്ങനെ ഉണ്ടാക്കുമ്പോൾ കുറച്ചു കൂടി സോഫ്റ്റും കൂടുതൽ പൊടിഞ്ഞു പോകാതെയും കിട്ടുന്നുണ്ട് എന്ന് തോന്നി ഇവിടെ പറയുന്ന അളവിൽ നിന്നും എകദേശം 230ഗ്രാം മുതൽ 260 ഗ്രാം വരെ നീർ പാലിന്റെ കട്ടിക്ക് അനുസരിച്ച് കിട്ടുന്നുണ്ട്

ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളും രീതിയും

പാൽ – 2 ലിറ്റർ
നല്ല പുളിയുള്ള തൈര് – 3 മുതൽ 4 ടേബിൾ സ്പൂൺ

ഇനി നിങ്ങൾക്ക് തൈരിനു പകരം വേണമെങ്കിൽ നാരങ്ങാനീരോ, വിനീ ഗറോ ചേർക്കാവുന്നതാണ് അതിന്റെ അളവ് 1 1/2 മുതൽ 2 ടേബിൾ സ്പൂൺ വരെ ഉപയോഗിക്കാം

ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ നല്ലപോലെ തിളപ്പിക്കുക ഇനി തീ കുറച്ചു വച്ച് ഇതിലേക്ക് തൈര് അല്ലെങ്കിൽ നാരങ്ങാനീര് വിനീഗർ ഇവയിൽ ഏതാണ് ചേർക്കുന്നത് എങ്കിൽ അത് ചേർത്ത് ഇളക്കി കൊണ്ടിരിക്കുക നല്ല പോലെ പാൽ മുഴുവനും പിരിഞ്ഞ് വരുന്നതു വരെ ഇളക്കി കൊടുക്കുക. ഇനി ഇതിനെ ഒരു അരിപ്പയിൽ കോട്ടന്റെ തുണി വിരിച്ചു വച്ച് അതിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക ,ഇങ്ങനെ അരിച്ചെടുത്തതിനെ തുണി കൂട്ടി പിടിച്ച് ഒരു കിഴിപോലെ ആക്കി നല്ല വെള്ളത്തിൽ രണ്ടു മൂന്നു തവണ മുക്കി കഴുകി എടുക്കേണ്ടതാവശ്യമാണ് എന്നാൽ മാത്രമേ ഇതിന് പുളിരസം പോയി നല്ല രുചി ലഭിക്കൂ, ഇനി ഈ തുണിയിലുള്ള പനീറിനെ കൈ കൊണ്ട് നല്ല പോലെ അമർത്തി കൊടുത്ത് വെള്ളം കളയുക എന്നിട്ട് ഏതെങ്കിലെ വെള്ളം പോകുന്ന പാത്രത്തിൽ ഇതിനെ നല്ല മുറുക്കത്തിൽ കിഴികെട്ടിയ ശേഷം ഇറക്കി വച്ച് മുകളിൽ നല്ല ഭാരമുള്ള എന്തെങ്കിലും വസ്തു കയറ്റി വയ്ക്കുക. എന്നിട്ട് എകദേശം ഒരു മണിക്കൂറിനു ശേഷം ഇതു തുറന്ന് ഇഷ്ട്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കാം