പനിയാരം എങ്ങനെ ഉണ്ടാക്കാം


ദക്ഷിണേന്ത്യന്‍ പലഹാരമാണ് പനിയാരം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന്‍ എളുപ്പമുള്ളതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം.

മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില്‍ ഏത് വേണമെങ്കിലും തയ്യാറാക്കാവുന്നതാണ്. മാമ്പഴം കൊണ്ട് മധുരമുള്ള പനിയാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി- 200 ഗ്രാം

ഉഴുന്ന്- 200 ഗ്രാം

പാല്‍- 12 ടേബിള്‍ സ്പൂണ്‍

ഏലക്കപ്പൊടി- 20 ഗ്രാം

ഉപ്പ്- പാകത്തിന്

പഞ്ചസാര- 50 ഗ്രാം

തേങ്ങാപ്പാല്‍- നാല് ടേബിള്‍ സ്പൂണ്‍

പഴുത്ത മാമ്പഴച്ചാറ്- എട്ട് ടേബിള്‍ സ്പൂണ്‍

എണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും നല്ലതു പോലെ കുതിര്‍ത്തതിനു ശേഷം അരച്ചെടുക്കുക.

ഇഡ്ഡലി മാവിന്റെ പരുവത്തില്‍ അരഞ്ഞു കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം ഉപ്പ് ചേര്‍ക്കുക.

ഏലക്കപ്പൊടി ചേര്‍ത്ത് ഉണ്ണിയപ്പ ചട്ടിയില്‍ കോരിയൊഴിച്ച് ചുട്ടെടുക്കാം.

ബ്രൗണ്‍ നിറമാകുമ്പോള്‍ മൂപ്പെത്തിയെന്ന് മനസ്സിലാക്കാം. ഇത് എണ്ണയില്‍ നിന്നും കോരിയെടുത്ത് മാങ്ങാക്കൂട്ടില്‍ ഇട്ട് അല്‍പനേരം കഴിഞ്ഞ് ഉപയോഗിക്കാം.

മാങ്ങാക്കൂട്ട് തയ്യാറാക്കുന്നതിനും പ്രത്യേക പാകമുണ്ട്. പാലും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച ശേഷം ഇതിലേക്ക് മാങ്ങാച്ചാറും തേങ്ങാപ്പാലും മിക്‌സ് ചെയ്യുക. ഇങ്ങനെ മാങ്ങാക്കൂട്ടും തയ്യാറാക്കാം.