ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍


ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍….!!!
കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? നമ്മുടെ രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 66 വയസ് ആണ്. എന്നാല്‍ ജപ്പാനില്‍ ഇത് 83 വയസ് ആണ്. ലോകത്തെ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യമാണ് ജപ്പാന്‍. ജപ്പാനില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള അമ്പതിനായിരത്തില്‍ അധികം ആളുകളുണ്ടെന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടുകാര്‍ക്ക് അതൊരു വിസ്‌മയമായി തോന്നും. ജപ്പാനില്‍ ആയുര്‍ദൈര്‍ഘ്യം കൂടിയതിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം…
1, ജാപ്പനീസ് ഭക്ഷണശൈലി
ലോകത്തെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ഏറെ ആരോഗ്യകരമായ ഭക്ഷണശൈലിയാണ് ജപ്പാന്‍കാര്‍ പിന്തുടരുന്നത്. മല്‍സ്യം ധാരാളമായി കഴിക്കുന്നവരാണ് ജപ്പാന്‍കാര്‍. ലോക ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് ജപ്പാനിലേത്. എന്നാല്‍ ലോകത്ത് ആകെയുള്ള മല്‍സ്യഭക്ഷണത്തില്‍ 10 ശതമാനവും അകത്താക്കുന്നത് ജപ്പാന്‍കാരാണ്. പ്രധാനമായും സാല്‍മണ്‍, ട്യൂണ വിഭാഗങ്ങളില്‍പ്പെട്ട മല്‍സ്യങ്ങളാണ് ജപ്പാന്‍കാര്‍ കൂടുതലായും കഴിക്കുന്നത്.
അടുത്തതായി ജപ്പാന്‍കാരുടെ ചായകുടി പ്രേമമാണ് എടുത്തുപറയേണ്ടത്. ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം ചായ കുടിക്കുന്നവരില്‍ ആദ്യ പത്തു സ്ഥാനത്തിനുള്ളിലാണ് ജപ്പാന്റെ സ്ഥാനം. അതായാത് ചൈനയേക്കാള്‍ മുകളില്‍. പ്രധാനമായും ഗ്രീന്‍ടീയാണ് ജപ്പാന്‍കാര്‍ കുടിക്കുന്നത്. ഒരു ദിവസം കുറഞ്ഞത് അഞ്ചു കപ്പ് ഗ്രീന്‍ടീ കുടിക്കുന്നതാണ്, ജപ്പാനിലെ മരണനിരക്ക് 26 ശതമാനം വരെ കുറയ്‌ക്കുന്നത്.
പച്ചക്കറികള്‍- പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുന്നവരാണ് ജപ്പാന്‍കാര്‍. ഭക്ഷണത്തിനൊപ്പം കുറഞ്ഞത് നാലുതരം പച്ചക്കറികളെങ്കിലും ജപ്പാന്‍കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടുതല്‍ ആന്റി ഓക്‌സിഡന്റ് ശരീരത്തില്‍ എത്തുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിനും സഹായകരമാണ്. മധുര കിഴങ്ങ്, ഗോയ എന്ന പച്ചക്കറി എന്നിവയും ജപ്പാന്‍കാര്‍ കൂടുതലായി കഴിക്കുന്നുണ്ട്.
പച്ചമരുന്നുകളുടെ വിപുലമായ ശേഖരം- മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ നിരവധി ആരോഗ്യഗുണങ്ങളുള്ള പ്രകൃതിദത്ത മരുന്നുകള്‍, ജപ്പാന്‍കാര്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഓരോ ജപ്പാന്‍കാരുടെയും വീടുകളില്‍ പച്ചമരുന്നുകളുടെ വിപുലമായ ഒരു തോട്ടം തന്നെ കാണും.
2, ആരോഗ്യജീവനം- ജപ്പാന്‍കാരുടെ പെരുമാറ്റം സ്വഭാവം എന്നിവയൊക്കെ മാനസികമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. മുതിര്‍ന്നവരെ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നവരാണ് ജപ്പാന്‍കാരുടെ സവിശേഷത. കുടുംബാംഗങ്ങളെ സ്‌നേഹിക്കുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഒരു മടിയുമില്ലാത്തവരാണ് ജപ്പാന്‍കാര്‍. അതുപോലെ കഴിഞ്ഞകാല ജീവിതത്തിലെ മോശം സംഭവങ്ങള്‍ അവര്‍ ഓര്‍ത്തുവെക്കാറില്ല. എപ്പോഴും സന്തോഷത്തോടെ ജീവിക്കാനാണ് ജപ്പാന്‍കാര്‍ ഇഷ്‌ടപ്പെടുന്നത്. മറ്റുള്ള രാജ്യക്കാരെ അപേക്ഷിച്ച് കൂടുതല്‍ ചിരിക്കുന്നവരാണ് ജപ്പാന്‍കാര്‍. ഇത് മാനസികസമ്മര്‍ദ്ദം കുറഞ്ഞ ഒരു ജീവിതശൈലിയാണ് അവര്‍ക്ക് നല്‍കുന്നത്.
3, ശാരീരികക്ഷമതയില്‍ വിട്ടുവീഴ്‌ചയില്ല- ജപ്പാന്‍കാരെ സംബന്ധിച്ച് മെച്ചപ്പെട്ട ശാരീരികക്ഷമതയാണ് നല്ല ആരോഗ്യം. കഠിനമായി വ്യായാമം ചെയ്യുന്ന കാര്യത്തില്‍ അവര്‍ ഒരു വിട്ടുവീഴ്‌ചയും വരുത്താറില്ല. അതുപോലെ ജപ്പാന്‍കാരുടെ വീടുകളില്‍ കൂടുതല്‍ ഫര്‍ണീച്ചറുകളോ യന്ത്രവല്‍കൃത ഉപകരണങ്ങളോ ഉണ്ടാകാറില്ല. ജോലികള്‍ കൂടുതല്‍ തനിയെ ചെയ്യുന്ന ജപ്പാന്‍കാര്‍ ഏറെയും തറയില്‍ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെയും വൈകിട്ടും സൂര്യപ്രകാശം ഏല്‍ക്കുന്നതുവഴി, ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി കൈവരിക്കാന്‍ ജപ്പാന്‍കാര്‍ ശ്രമിക്കാറുണ്ട്.

#കടപ്പാട് #ഏഷ്യാനെറ്റ് #ന്യൂസ്