പെസഹ ഇണ്ട്രിയപ്പം ( കല്‍ത്തപ്പം ) തൃശ്ശൂര്‍, കുന്നംകുളം


പെസഹ ഇണ്ട്രിയപ്പം ( കല്‍ത്തപ്പം ) തൃശ്ശൂര്‍, കുന്നംകുളം

പെസഹാ ആഘോഷത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം അപ്പമാണ് കല്‍ത്തപ്പം. ഇത് ഇണ്ട്രിയപ്പം, കല്‍ത്തപ്പം എന്നൊക്കെ അറിയപ്പെടുന്നു.

കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഈ അപ്പം അടിയിലും മുകളിലും തീകത്തിച്ചു പൊരിച്ചാണ്‌ ഉണ്ടാക്കിയിരുന്നത്‌. അപ്പം ഉണ്ടാക്കുന്ന ഉരുളിക്കു മുകളില്‍ വറകലംവച്ച്‌ അതില്‍ വിറകും ഇട്ടു കത്തിച്ചാണ്‌ കല്‍ത്തപ്പമുണ്ടാക്കുന്നത്. അങ്ങനെ ചുട്ടെടുക്കുന്ന അപ്പമായതിനാലാണ് ഇതിന് കല്‍ത്തപ്പം എന്നു പേരുവന്നത്.

പെസഹ അപ്പം ഉണ്ടാക്കുന്ന അതെ മാവ് തന്നെ ആണ് ഇതിനും ഉപയോഗിക്കുന്നത്.

ചേരുവകള്‍: വറുത്ത അരിപ്പൊടി, ഉഴുന്ന്, തേങ്ങ ചിരവിയത്, തേങ്ങക്കൊത്ത് , ചെറിയ ഉള്ളി , ജീരകം, കറിവേപ്പില

▪️രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക.

▪️വറുത്ത തേങ്ങാക്കൊത്തും വഴറ്റിയ ചെറിയുള്ളി ഒക്കെ ചേര്‍ത്ത് അപ്പച്ചട്ടിയില്‍ കട്ടിയില് മാവൊഴിച്ച് മൊരിച്ച് വേവിച്ചെടുച്ചെടുക്കുക. ( പണ്ട് മണ്‍ ചട്ടിയില്‍ മാവ് ഒഴിച്ച് മുകളിലും താഴെയും കനല്‍ വച്ചു ചുട്ട് എടുക്കും )

ആദാമിനെ കബറടക്കിയ സ്ഥലത്താണ് കര്‍ത്താവിൻ്റെ കുരിശു നാട്ടിയതെന്നും, കര്‍ത്താവിൻ്റെ ശരീരത്തില്‍ നിന്നും രക്തം താഴോട്ടോഴുകിയപ്പോള്‍ കുരിശിനടിയിലുണ്ടായിരുന്ന പാറ നടുപിളര്‍ന്നു രക്തവും വെള്ളവും ആദാമിൻ്റെ വായിലേക്ക് ഇറ്റിറ്റു വീണുമെന്നുമുള്ള വിശ്വാസത്തില്‍ നിന്നാണ് ഇതുണ്ടായിട്ടുള്ളത്. അത് കൊണ്ടാണ് പാറ പോലുള്ള ഇണ്ട്രി ഉണ്ടാക്കി മുറിക്കാതെ പിളര്‍ത്തി കഴിക്കുന്നത്‌.

ഇണ്ട്രിയപ്പം എന്ന പേരിൻ്റെ കഥ ഇങ്ങനെ :

പെസഹാ അപ്പത്തിനു ഇണ്ട്രിയപ്പം എന്നു പേരു വന്നതിനു പുറകിലും ഒരു കഥയുണ്ടു. പണ്ടു പണ്ടൊരു പെസഹാ വ്യാഴാഴ്ച. അപ്പം പുഴുങ്ങി വെച്ചിട്ടു, പള്ളിയിലെ സന്ധ്യാ നമസ്കാരം കൂടാന്‍ പോകുന്ന വഴി ചില എന്നെപ്പോലുള്ള ചേടത്തിമാരുടെ സംസാര വിഷയം, പെസഹാ അപ്പത്തിനു ഒരു പേരില്ലല്ലോ എന്നുള്ളതായിരുന്നു. പള്ളിയില്‍ ചെന്നുകഴിഞ്ഞും ഇതു തന്നെ ചിന്ത. അതില്‍ ഒരു ചേടത്തി കുരിശേല്‍ കിടക്കണ കര്‍ത്താവിനെ നോക്കിയപ്പോളാണു സാധാരണ ശ്രദ്ധിക്കാത്ത ഒരു കാര്യം കണ്ണില്‍ പെട്ടതു. കര്‍ത്താവിൻ്റെ തലയ്ക്കു മുകളിലെ നാലക്ഷരങ്ങള് …I … N.. R..I… ചേടത്തി ഒനു കൂട്ടി വായിച്ചു. ഇന്‍റി… കൊള്ളാമല്ലോ! തിരിച്ചു നടന്നപ്പോ ചേടത്തി തൻ്റെ കണ്ടെത്തല്‍ പരസ്യപ്പെടുത്തി. അങ്ങനെ അപ്പത്തിനു ഇന്‍റി അപ്പം എന്നു പേരു വീണു. പിന്നെ കാലക്രമേണ അതു ഇണ്ട്രിയപ്പമായി.