ഇഡ്ഡലി


ദക്ഷിണ ഭാരതത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഇഡ്ഡലി (ഇഡ്ലി, ഇഡലി, ഇഡ്ഢലി). അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും ഇത് വ്യാപകമായി ഭക്ഷിച്ചൂവരുന്നു. ഗാർഹികമായി മാത്രം ഉണ്ടാക്കാറുണ്ടായിരുന്ന ഇഡലി ഇന്ന് വ്യാവസായികാടിസ്ഥാനത്തിലും നിർമ്മിച്ചൂവരുന്നു. ഇഡലി മാവും വ്യാവസായികാടിസ്ഥാനത്തിൽ ലഭ്യമാണ്. പൊതുവേ പ്രാതലായാണ് ഇഡലി കഴിക്കാറുള്ളത്. ചട്നിയും സാമ്പാറുമാണ്‌ ഇഡലിയോടൊപ്പം കഴിക്കുന്ന കറികൾ. ചെറുതായി ഉതിർത്ത ഇഡലിയിൽ മുളകുപൊടി വിതറി കറിവേപ്പിലയും ചേർത്ത് ചൂടാക്കിയും കഴിക്കാറുണ്ട്._

ചരിത്രം

ആധുനിക ഇഡലിയുടെ ഉത്ഭവകഥ എന്താണെന്ന് ആർക്കും അറിയില്ലെങ്കിലും, അതിപുരാതന കാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണമാണെന്ന് അറിയുന്നു[അവലംബം ആവശ്യമാണ്]. ക്രി.വ. 920-ആം ആണ്ടിൽ ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നു. അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ ‘വഡ്ഢാ രാധനെ’ എന്ന കൃതിയിൽ ഇഡ്ഡലിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ക്രി.വ. 1025-ലെ ഒരു കൃതിയിൽ മോരിലിട്ട് കുതിർത്ത ഉഴുന്ന് അരച്ചതും, കുരുമുളക്, മല്ലി, പെരുങ്കായം എന്നിവ ചേർത്തതുമായ ഒരു തരം ഇഡലിയെ പറ്റി പറയുന്നു.

കന്നഡ ദേശ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത് (ക്രി.വ. 1130)സംസ്കൃതത്തിൽ തയ്യാറാക്കിയ മാനസോല്ലാസ എന്ന സർവ്വവിജ്ഞാനകോശത്തിൽ ഇഡലി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 17-ആം നൂറ്റാണ്ട് വരെ ഇഡലിയിൽ അരി ചേർത്തിരുന്നതിന് തെളിവുകൾ ഒന്നും തന്നെ ഇല്ല. അരി, മാവ് പുളിക്കലിനെ ത്വരിതപ്പെടുത്തുന്നത് കൊണ്ടാ‍വാം ചേർത്ത് തുടങ്ങിയത്.

പാകം ചെയ്യുന്ന വിധം

ഇഡ്ഡലി ഉണ്ടാക്കാൻ എല്ലാവർക്കുമറിയാം എങ്കിലും അറിയാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്യുക.
നല്ല സോഫ്റ്റ് ഇഡ്ഡലി തന്നെ തയ്യാറാക്കാൻ പറ്റും.

ചേരുവകൾ

• പച്ചരി – 1 കപ്പ്‌

• ഉഴുന്ന്‍ – ½ കപ്പ്‌

• ഉലുവ – ½ ടീസ്പൂണ്‍

• ചോറ് – ¼ കപ്പ്‌

• വെള്ളം – 1 ¼ കപ്പ്‌

• ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കപ്പ് പച്ചരി നാല് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. അരക്കപ്പ് ഉഴുന്ന് അര ടീസ്പൂൺ ഉലുവ രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
രണ്ടും വേറെ വേറെ വേണം കുതിർക്കാൻ രണ്ടും നന്നായി കുതിർന്ന്‍ വന്നശേഷം കഴുകിയെടുത്ത് വെള്ളം ഊറ്റിയെടുക്കുക. ശേഷം പച്ചരിയിലേക്ക് കാൽ കപ്പ് ചോറ് മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഉലുവയും ഉഴുന്നും അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവുകൾ തമ്മിൽ നന്നായി യോജിപ്പിക്കുക. ശേഷം മൂടിവെച്ച് അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ പൊങ്ങാൻ വെക്കുക. മാവ് പൊങ്ങിവന്നാൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ചെറുതായി മാത്രം യോജിപ്പിച്ചെടുത്ത ശേഷം ഇഡ്ഡലിത്തട്ടിൽ മാവൊഴിച്ച് വേവിച്ചെടുക്കുക.