എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?


മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ.
ചില ഉദാഹരണങ്ങള്‍…

സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ആരംഭത്തില്‍ പത്തുരൂപ യൂണിറ്റുകളായാണ് ഫണ്ട് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ആയിരം യൂണിറ്റുകള്‍ വാങ്ങാന്‍ 10,000 രൂപ അടക്കണം. കുറച്ച് കഴിഞ്ഞ് യൂനിറ്റിന് 12 രൂപയാണെന്നിരിക്കട്ടെ, വില്‍പ്പന നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 12000 രൂപ ലഭിക്കും. രണ്ടായിരം രൂപ ലാഭം. ഓപണ്‍ എന്‍ഡഡ് ഫണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. അപ്പോഴത്തെ യൂനിറ്റ് വില കൊടുക്കണമെന്നു മാത്രം. ഓരോ ഫണ്ടിന്റെയും യൂനിറ്റ് വില ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ചും സര്‍ക്കാറിന്റെ പലിശ നയത്തിനനുസരിച്ചും മാറി കൊണ്ടിരിക്കും.