ഗ്യാസടുപ്പിലെ നാളമെന്താ നീലനിറത്തിൽ ?


ഇന്ധനത്തിലെ കാർബൺ പൂർണമായും ജലനവിധേയമാവുന്നതുകൊണ്ടാണ് ഗ്യാസടുപ്പിലെ തീനാളം നീലനിറത്തിൽ കാണുന്നത്. ഗ്യാസടുപ്പിന്റെ നോബ് തിരിക്കുമ്പോൾ ഇന്ധനവാതകം (ബ്യൂട്ടെയിൻ) ഉയർന്ന വേഗതയിൽ ഒരു ചെറിയസുഷിരം വഴി പുറത്തേക്ക് വരുന്നു.

ഈ ഘട്ടത്തിൽ വായുവിനെ ഇന്ധനവാതകത്തിലേക്ക് വലിച്ചെടുക്കുന്നു. അങ്ങനെ ഇന്ധനം നന്നായി കത്തുന്നു. സിലിണ്ടറിലെ ഗ്യാസ് തീരാറാകുമ്പോൾ തീജ്വാലയ്ക്ക് മഞ്ഞനിറം ഉണ്ടാകും. ഈ അവസരത്തിൽ ഗ്യാസിന്റെ മർദ്ദം കുറയുന്നതിനാൽ ഗ്യാസടുപ്പിലെ സുഷിരംവഴി പുറത്തേക്കുവരുന്ന ഗ്യാസിന്റെ വേഗത കുറവായിരിക്കും.

അതിനാൽ ചുറ്റുപാടിൽ നിന്ന് ധാരാളം വായുവിനെ ഗ്യാസിലേക്ക് വലിച്ചെടുക്കാനാവില്ല. അതായത്, ഗ്യാസ് പൂർണ്ണമായും കത്തുന്നതിന് ആവശ്യമായ ഓക്‌സിജൻ ഗ്യാസുമായി കൂടിക്കലർന്നിട്ടുണ്ടാവില്ല. തീനാളത്തിന്റെ മഞ്ഞനിറത്തിന് കാരണം ഇതാണ്.