ഭാവി നന്നാക്കാൻ


ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു..

മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?

മന്ത്രി പറഞ്ഞു.. രാജാവേ, താങ്കൾ 99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും.

രാജാവ്.. ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?

മന്ത്രി.. 99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!

രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി,
സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..

രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു..

ആഹാ.. 100 വെള്ളി നാണയങ്ങൾ!!

അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി..

എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം!

പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്!

ബാക്കിയുള്ള ഒരു, നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി..

ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു..

പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല!

ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!

അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.

അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു..

നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?

ഭടൻ.. പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല.
അതോർത്താണീ വിഷാദം!

രാജാവിന് കാര്യം പിടികിട്ടി..

തന്റെയും രോഗം ഇത് തന്നെ!

*കിട്ടാത്ത ഒന്നിനെ ഓർത്താണ് ദുഃഖം*

കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്… നമ്മുടേത് മാത്രം!!

*എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.*
*എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?*

..പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്!

ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!