മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഉള്ള ഗുണങ്ങൾ


നിരവധി ഗുണങ്ങളുള്ള മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. പഴമയിലേക്കുള്ള മടക്കത്തിന് ഒരു ഉദാഹരണമായിട്ടാവണം മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്… മഞ്ഞള്‍ ചേര്‍ത്ത ഗോള്‍ഡന്‍ മില്‍ക്കില്‍’നില്‍ക്കുന്നില്ല കാര്യങ്ങള്‍.

ലോകത്തിലെ പ്രമുഖ കഫേകകളില്‍ ഉള്‍പ്പെടെ, ഗോള്‍ഡന്‍ മില്‍ക്ക് ചായയും കാപ്പിയും മറ്റു പാനീയങ്ങളും തയ്യാറാക്കികഴിഞ്ഞിരിക്കുന്നു. ‘ഹല്‍ദി ദൂദ്’ എന്നും ഈ പാനീയം അറിയപ്പെടുന്നു. ഏറെ പോഷക സമ്പുഷ്ടമാണ് പാല്‍. പാലില്‍ ശരാശരി 87 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം ലാക്ടോസ്, പാട്ടീന്‍, കൊഴുപ്പ് തുടങ്ങിയവയും. കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സാണിത്. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ആരോഗ്യകരമായ ഗുണങ്ങള്‍ വര്‍ധിപ്പിക്കും.

മഞ്ഞളിനും ധാരാളം ഔഷധ ഗുണങ്ങളുണ്ട്. മഞ്ഞ നിറം ലഭിക്കുന്നതും അണുനാശന സ്വഭാവവും മൂലം ഇന്ത്യന്‍ കറികളില്‍ ഒരു പ്രധാന ചേരുവ തന്നെയാണ് മഞ്ഞള്‍. അതിനാല്‍ മഞ്ഞള്‍’ഇന്ത്യന്‍ കുങ്കുമം’ എന്നും അറിയപ്പെടുന്നു. മികച്ച സൗന്ദര്യവര്‍ധകവസ്തു കൂടിയാണിത്.

എങ്ങനെ തയാറാക്കാം

ആയുര്‍വേദത്തില്‍ നിന്നാണ് ഗോള്‍ഡന്‍ മില്‍ക്കിന്റെ ആവിര്‍ഭാവം എന്നു കരുതപ്പെടുന്നു. പശുവിന്റെ പാല്‍ മഞ്ഞള്‍, മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാ ക്കുന്നത്. പാല്‍ തിളച്ചു കഴിയുമ്പോള്‍, അല്‍പം മഞ്ഞള്‍ പൊടിയിട്ട് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ ഗോള്‍ഡന്‍ മില്‍ക് റെഡി. ആവശ്യമെങ്കില്‍ രുചിയും ഗുണവും വര്‍ധിപ്പിക്കുവാന്‍ അല്‍പം കറുവപ്പട്ട, ഒരു നുള്ള് കുരുമുളക് പൊടി എന്നിവയും ചേര്‍ക്കാം. പച്ചമഞ്ഞള്‍ നീര്, പാല്‍, ബദാം,ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തും ഗോള്‍ഡന്‍ മില്‍ക്ക് തയ്യാറാക്കാം. പാല്‍ നന്നായി തിളപ്പിച്ചെടുത്ത ശേഷമാണ് വിവിധ ചേരുവകള്‍ ചേര്‍ക്കേണ്ടത്. മധുരവും ആവശ്യത്തിനാകാം. മൃഗങ്ങളുടെ പാല്‍ ഇഷ്ടമില്ലാത്തവര്‍ക്ക് തേങ്ങാപ്പാല്‍, സോയാബീന്‍ പാല്‍, ആല്‍മണ്ട് മില്‍ക്ക് തുടങ്ങിയവയില്‍ മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കാം. ശുദ്ധമായ മഞ്ഞള്‍പ്പൊടി ലഭ്യമല്ലെങ്കില്‍ ചെറിയ കഷണം മഞ്ഞള്‍ ചതച്ചോ, അരച്ചോ പാലില്‍ ചേര്‍ക്കാം. അല്‍പം കുരുമുളകോ ഇഞ്ചിയോ ചതച്ചു ചേര്‍ക്കുന്നതും ഗുണം ചെയ്യും.

ഗുണങ്ങള്‍

കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് പാല്‍. ഇതിനൊപ്പം മഞ്ഞളും കൂടിച്ചേരുമ്പോള്‍ ഗുണങ്ങളും ഏറും.ഗോള്‍ഡന്‍ മില്‍ക്കിലെ ചേരുവകള്‍ക്ക് ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഇവ ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കും. മഞ്ഞള്‍ ചേര്‍ത്ത പാലില്‍ ആന്റിഓക്‌സിഡന്റുകളും പ്രതിരോധശേഷിയുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന്റെപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഫലപ്രദമാണ്. മഞ്ഞളിന്റെ പ്രധാന ഘടകങ്ങള്‍ പിത്തസഞ്ചിയെ ഉത്തേജിപ്പിക്കുന്നു. ഇത് പിത്തരസം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.അങ്ങനെ ദഹനവ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമാകുന്നു.ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭം തടയാനും കാലതാമസം വരുത്താനും പ്രമേഹരോഗികളുടെ ചികിത്സയില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നു. കുര്‍കുമിനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്.മഞ്ഞള്‍, ഇഞ്ചി, കറുവപ്പട്ട എന്നിവ ചേര്‍ക്കുന്നതു വഴി സന്ധിവീക്കം, സന്ധി വേദന എന്നിവ കുറയ്ക്കാന്‍ കഴിയും.