ബിഎസ്‍എന്‍എല്‍ വെറും ഒരു രൂപക്ക് 1 ജിബി ഇന്റര്‍നെറ്റ്, 249 രൂപക്ക് 300 ജിബി ഡാറ്റ


വൻ ഓഫറുകളുമായി രംഗത്തെത്തിയ റിലെയൻസ് ജിയോയെ നേരിടാനൊരുങ്ങുകയാണെന്നു വ്യക്തമാക്കുകയാണ് ബിഎസ്എൻഎൽ പുതിയ പ്ലാനിലൂടെ. ഒരു ജിബിക്ക് 50 രൂപയെന്ന നിരക്കാണ് റിലെയൻസ് ജിയോ 4ജിയുടെ ഓഫർ. ജിയോ രംഗത്തെത്തിയതോടെ പ്രമുഖ കമ്പനികൾ നിരക്കുകൾ കുത്തനെ കുറച്ച് രംഗത്തെത്തിയിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രസീന്റെ വാർഷിക പൊതുയോഗത്തിലാണ് ജിയോയുടെ നിരക്കുകൾ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്.

വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡിന്റെ പ്രചരണാര്‍ഥമാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ റിയലന്‍സ് ജിയോയുടെ പരസ്യ മുഖമായി മാധ്യമങ്ങളില്‍ തെളിയുമ്പോഴാണ് രാജ്യത്തിന്റെ സ്വന്തം ബിഎസ്എന്‍എല്‍ സ്വയം പൊരുതി നേടാന്‍ തീരുമാനിച്ചുറച്ച് മുന്നോട്ടുവരുന്നത്. 249 രൂപയുടെ ഒരു മാസത്തേക്കുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. സെപ്തംബര്‍ 9 മുതല്‍ പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിധികളില്ലാത്ത ബ്രോഡ്ബാന്‍ഡ് ഡാറ്റ അനുഭവിക്കാമെന്നാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപനം. 2 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിനുള്ളത്.

മാസം മുഴുവന്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് 249 രൂപക്ക് 300 ജിബി ഡാറ്റ കൈമാറ്റം നടത്താന്‍ കഴിയുമെന്ന് ബിഎസ്എന്‍എല്‍ പ്രതിനിധി അറിയിച്ചു. അതായത്, 1 ജിബി ഡാറ്റക്ക് കേവലം ഒരു രൂപയ്ക്കും താഴെ മാത്രമാണ് ചെലവ് വരിക. ഇതുവഴി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാനും എംഡിയുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

ആറ് മാസത്തേയ്ക്കാണ് പുതിയ പ്ലാൻ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുശേഷം 499 പ്ലാനിലേയ്ക്ക് മാറാമെന്നും ബിഎസ്എൻഎൽ അറിയിച്ചു. ഇത് പ്രകാരം പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാം. സൗജന്യ കോൾ സൗകര്യവും ലഭിക്കും. ആറുമാസത്തേക്കാണ് പുതിയ പ്ലാൻ. അതിനുശേഷം ഉപഭോക്താവിനു താൽപ്പര്യമുള്ള മറ്റു പ്ലാനുകളിലേക്കു മാറാം.

സപ്തംബർ ഒമ്പതിന് പുതിയ പ്ലാൻ അവതരിപ്പിക്കും. 2 എംബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ ഇതോടെ ഉപഭോക്താക്കൾക്കാകുമെന്ന് ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞു. രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് വരെ കോളുകൾ സൗജന്യമായിരിക്കും. ഞായറാഴ്ചയിലെ സൗജന്യ കോളുകൾക്ക് പുറമെയാണിത്.