ഗൂഗിള്‍ ട്രിപ്‌സ് ഒരു യാത്രാ സഹായി


ഗൂഗിള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങള്‍ തെരയാന്‍ മാത്രമല്ല വീഡിയോ കാണാനും വഴിചോദിക്കാനും ഒക്കെ നമുക്ക് ഗൂഗിള്‍ ഉറ്റതോഴന്‍. പുറത്ത് മഴപെയ്യുന്നുണ്ടോ എന്ന് ഇരുന്ന സീറ്റില്‍നിന്ന് അനങ്ങാതെ കണ്ടുപിടിക്കാന്‍ നമ്മള്‍ ഗൂഗിളിനെ ആശ്രയിക്കുന്നു.

ഗൂഗിളിന്റെ നൌ കാര്‍ഡുകള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും (ആന്‍ഡ്രോയ്ഡ്) പരിചിതമാകും. നൌ സ്ക്രീനില്‍ നിങ്ങളുടെ യാത്രാ വിവരങ്ങളും —ടിക്കറ്റ്, താമസം എന്നിവയുടെ വിവരങ്ങളും ഒക്കെ കണ്ടുകാണും നിങ്ങള്‍. നിങ്ങള്‍ക്ക് വരുന്ന മെയിലുകള്‍ ‘വായിച്ചുമനസ്സിലാക്കിയാണ് ഗൂഗിള്‍ നിങ്ങളുടെ യാത്രാകാര്യങ്ങളും, പോകുന്ന ഇടത്തെ കാലാവസ്ഥയും ഒക്കെ നിങ്ങളുടെ ഫോണ്‍ സ്ക്രീനില്‍ എത്തിക്കുന്നത്. ഒന്നും അങ്ങോട്ട് ചോദിക്കാതെ.

നിങ്ങളുടെ ടിക്കറ്റ്, ലൊക്കേഷന്‍, ഹോട്ടല്‍ ബുക്കിങ് ഇവയൊക്കെ അറിയുന്ന ഗൂഗിള്‍ ഒരുപടി മുന്നോട്ടുപോയി യാത്രകള്‍ സുഗമമാക്കാന്‍ ഒരു ആപ് ലോഞ്ച് ചെയ്തിരിക്കുന്നു. അതാണ് ഗൂഗിള്‍ ട്രിപ്സ്.

ഒരു ദൂരയാത്ര പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ചെറിയ ചെറിയ കാര്യങ്ങള്‍പോലും ആസൂത്രണംചെയ്താല്‍ അത്രയും നല്ലതെന്ന് നമ്മള്‍ക്ക് അറിയാമല്ലോ. ചെല്ലുന്നിടത്ത് അടുത്തൊന്നും എടിഎം ഇല്ലെങ്കിലോ? അല്ലെങ്കില്‍ പോകാന്‍ വിചാരിച്ച ഇടത്തേക്ക് ഹോട്ടലില്‍നിന്ന് ടാക്സി പിടിക്കേണ്ട ആവശ്യമുണ്ടോ? അല്ല നടന്നാല്‍ മതിയോ? ട്രിപ്സ് എന്ന ഈ ഗൂഗിള്‍ ആപ് നിങ്ങളുടെ പേഴ്സണലൈസ്ഡ് ഗൈഡ് ആണ്.

ദിവസം പ്ളാന്‍ചെയ്യാനും, ചെല്ലുന്നിടത്ത് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളുടെ വിവരങ്ങള്‍, ഭക്ഷണംകഴിക്കേണ്ട ഇടങ്ങളുടെ വിവരങ്ങള്‍, റിസര്‍വേഷന്‍ വിവരങ്ങള്‍ എന്നിവ അടക്കമുള്ളവ അറിയുന്ന ഒരു അസിസ്റ്റന്റ്. ഇതുകൂടാതെ 200 നഗരങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന് ഗൂഗിള്‍ ഇങ്ങോട്ട് പറഞ്ഞുംതരും മറ്റുള്ളവര്‍ എവിടെയൊക്കെ പോയി, എന്തൊക്കെ ചെയ്തു എന്നത് അപഗ്രഥിച്ചാണ് ഗൂഗിള്‍ ഇത് നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്. ഡാറ്റ ആണല്ലോ പുതിയ ആയുധം. ഒരു സ്ഥലത്ത് ചെലവഴിക്കാന്‍ മുഴുവന്‍ദിവസം ഇല്ലെങ്കില്‍ അത് ട്രിപ്സ് ആപ്പിനോട് പറഞ്ഞാല്‍ അതിന് കണക്കായുള്ള പ്ളാന്‍ നിങ്ങളുടെ മുന്നിലെത്തും. നിങ്ങള്‍ പുതിയ ഇടങ്ങള്‍ ‘കണ്ടെത്തിയെങ്കില്‍ അത് ആപ്പിനോട് പറയുക. പുതിയ പ്ളാന്‍ നിങ്ങളുടെ മുന്നില്‍ തയ്യാര്‍.

ചുരുക്കിപ്പറഞ്ഞാല്‍ നല്ല വിവരമുള്ള ഒരു യാത്രാസഹായി. ഇതൊന്നും കൂടാതെ നിങ്ങളുടെ ഹോട്ടല്‍, വിമാനയാത്ര, ടാക്സി എന്നിവയൂടെ ബുക്കിങ്ങും ഇതിനുള്ളില്‍ കാണാം. മെയില്‍ തപ്പി സമയംകളയേണ്ട ആവശ്യമേയില്ല.

എല്ലാം ഓഫ് ലൈന്‍ ആയി സേവ് ചെയ്യാവുന്നതുകൊണ്ട് നെറ്റ് വേണം എന്ന ടെന്‍ഷനുമില്ല. വിവരങ്ങള്‍ക്ക്: www.oogle.com/trips/

Leave a Reply

Your email address will not be published. Required fields are marked *