വാട്ട്‌സ്ആപ്പിന്‍റെ ആധിപത്യം തടയാന്‍ 3 ആയുധങ്ങളുമായി ഗൂഗിള്‍


സ്‌പേസസ്

വിവിധ സോഷ്യല്‍ മീഡിയകളില്‍ ഇരിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഒന്നിച്ച് ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് സ്‌പേസസ്. ഒട്ടുമിക്ക മെസഞ്ചറുകളിലും ഗ്രൂപ്പ് ചാറ്റിങ് സംവിധാനമുണ്ട് എന്നാല്‍ കുറഞ്ഞ ക്ലിക്കുകളില്‍ വലിയൊരു ഗ്രൂപ്പുമായി എന്ത് കാര്യവും പങ്കുവയ്ക്കാം എന്നാണ് സ്‌പേസസ് നല്‍കുന്ന അവസരം എന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിളിന്റെ ആപ്ലികേഷനുകളില്‍ ഇന്‍ബില്‍ട്ടായി ഈ ചാറ്റ് ആപ്പ് ഉണ്ടാകും, അതിനാല്‍ തന്നെ ആപ്ലിക്കേഷനില്‍ നിന്നിറങ്ങാതെ തന്നെ ചിത്രങ്ങളും വിഡിയോകളും ഓഡിയോയും കണ്ടെത്തി ഷെയര്‍ ചെയ്യാന്‍ ഈ ആപ്പ് ഏറെ സൗകര്യമാണ്. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ക്രോം എന്നിവയെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സ്‌പേസസ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ജിമെയില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ സ്‌പേസ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്ടോപ്പ്, മൊബൈല്‍ ഫല്‍റ്റ് ഫോമുകളില്‍ സ്‌പേസസ് ആപ്ലിക്കേഷന്‍ ലഭ്യമാണ്.

അലോ ചാറ്റ് ആപ്പ്

നേരിട്ട് വാട്ട്‌സ്ആപ്പുമായി യുദ്ധം ചെയ്യുവാനുള്ള ഗൂഗിളിന്റെ ആയുധമാണ് അലോ. ടെക്സ്റ്റ് മെസേജിംഗ് സേവനമാണ് ഗൂഗിള്‍ തുടങ്ങുന്നത്. ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ മെസഞ്ചര്‍, ഗൂഗിള്‍ ഹാങൗട്ട് തുടങ്ങി സേവനങ്ങള്‍ ഇപ്പോഴും ഉള്ളതിനാല്‍ അവയുടെ പ്രത്യേകതകള്‍ ഇതിലേക്ക് കൊണ്ടു വന്നിട്ടില്ല. വാട്ട്‌സ്ആപ്പ് മോഡലലില്‍ ഉപയോക്താവിന്‍റെ ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ടാണ് അലോ പ്രവര്‍ത്തിക്കുക. വിവരങ്ങള്‍ ഗൂഗിളില്‍ നിന്നും ലഭിക്കാന്‍ സ്മാര്‍ട്ട് ആന്‍സര്‍ സംവിധാനവും വിസ്പര്‍ ഷൗട്ട് പോലെയുള്ള ഫീച്ചറുകളും ഗൂഗിള്‍ അലോയില്‍ ഉണ്ട്. സെര്‍ച്ച് ചെയ്യുക, യു ട്യൂബ് വീഡിയോസ് ഉള്‍പ്പെടുത്തുക, സംഭാഷണങ്ങള്‍ തര്‍ജമ ചെയ്യുക എന്നുള്ള പല കാര്യങ്ങളും അലോ വഴി ചെയ്യാന്‍ സാധിക്കും. ഇതിന് പുറമേ അലോ വഴി ഒരു ചിത്രം അയച്ചു കൊടുക്കുമ്പോള്‍ തന്നെ, അതില്‍ നമുക്കിഷ്ടമുള്ള അക്ഷരങ്ങളോ ചിത്രങ്ങളോ വരച്ചു ചേര്‍ക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്‍റും അലോയൊടൊപ്പം പ്രവര്‍ത്തിക്കും. നമ്മുടെ സംഭാഷണങ്ങളില്‍ പലയിടത്തും ഗൂഗിള്‍ അസിസ്റ്റന്‍റിനെ ഉപയോഗിക്കാന്‍ സാധിക്കും.

ഗൂഗിള്‍ ഡ്യുവോ

ഇതിനു പുറമെ ഡ്യുവോ എന്ന വിഡിയോ ചാറ്റ് സര്‍വീസും ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്. തീര്‍ത്തും ലളിതമായ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം എന്നാണ് ഗൂഗിള്‍ നല്‍കുന്ന സൂചന. നിങ്ങളുടെ വീഡിയോ കോള്‍ പ്രിവ്യൂ നോക്കിയ ശേഷം നിങ്ങള്‍ക്ക് ആരുമായണോ ബന്ധപ്പെടേണ്ടത് ആ വ്യക്തിയുടെ കോണ്‍ടാക്റ്റ് നിങ്ങളുടെ പ്രിവ്യൂ സ്‌ക്രീന് താഴെ കാണാം, അത് ഒന്ന് ടെച്ച് ചെയ്യുക മാത്രം ചെയ്താല് മതി. എന്നാല്‍ വീഡിയോ കോണ്‍ഫ്രന്‍സ് സാധ്യമല്ലെന്നാണ് ഇതിന്റെ ഒരു പോരായ്മ, ഇത് വരുന്നതോടെ ഗൂഗിള്‍ ഹാങ്ങ്ഔട്ടിന്റെ ഭാവി എന്താകും എന്നത് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഇതിന്റെ ആപ്ലിക്കേഷനുകള്‍ ലഭ്യമാകും.