ഫ്രീ കോള്‍: ജിയോയെ പ്രതിരോധിക്കാന്‍ പുതിയ ഓഫറുമായി ഐഡിയ


റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ ടെലികോം കമ്പനികളെല്ലാം കടുത്ത മത്സരത്തിലാണ്. സൌജന്യത്തില്‍ പൊതിഞ്ഞ വാഗ്ദാനങ്ങളില്‍ ജിയോയെ വെല്ലാന്‍ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും പ്രതിരോധിച്ച് നിലനില്‍ക്കാനാണ് മറ്റു ടെലികോം കമ്പനികളുടെ ശ്രമം.

ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‍വര്‍ക്കുകളിലൊന്നായ ഐഡിയ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. 148, 348 രൂപയുടെ പ്രീപെയ്ഡ‍് റീച്ചാര്‍ജുകളാണ് ഐഡിയ അവതരിപ്പിക്കുന്നത്. രാജ്യത്ത് ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാമെന്നതാണ് പുതിയ ഐഡിയ ഓഫറുകളുടെ പ്രത്യേകത. 348 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ പരിധിയില്ലാ വോയ്‌സ് കോളും ഒരു ജിബി 4ജി ഡേറ്റയും ലഭിക്കും. ഓഫറിന്റെ കാലാവധി 28 ദിവസമാണ്.

4ജി ലഭ്യമല്ലാത്ത ഉപയോക്തക്കള്‍ക്കായി 50 എംബി ഡേറ്റയും ഐഡിയ നല്‍കുന്നുണ്ട്. കൂടാതെ 148 രൂപ പാക്കില്‍ ഐഡിയയില്‍ നിന്നു ഐഡിയ നമ്പറുകളിലേക്ക് മാത്രം പരിധിയില്ലാ ലോക്കല്‍ എസ്‍ടിഡി കോളുകള്‍ വിളിക്കാനാകും. ഇതിനൊപ്പം 300 എംബി 4ജി ഡേറ്റയാണ് ലഭിക്കുക. 4ജി ലഭ്യമല്ലാത്ത ഉപഭോക്താക്കള്‍ക്ക് 50 എംബി ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ജിയോ വെല്‍ക്കം ഓഫര്‍ മൂന്നു മാസത്തേക്ക് നീട്ടുകയും എയര്‍ടെല്‍, എയര്‍സെല്‍, വൊഡാഫോണ്‍ തുടങ്ങിയവര്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഫ്രീ കോളുമായി ഐഡിയ രംഗത്തിറങ്ങിയിരിക്കുന്നത്.