12 നാൾ ധനവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറംലോകവുമായി ബന്ധമില്ല.


കേന്ദ്ര ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇനിയുള്ള 12 നാൾ പുറംലോകവുമായി ബന്ധമുണ്ടാകില്ല. വീടുകളിലേക്കു പോകാനോ ഫോൺ ചെയ്യാനോ ഉള്ള അനുവാദംപോലും നൽകില്ല. ബജറ്റ് രേഖകൾ തയാറാക്കി അച്ചടിക്കുന്നതിന്റെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനാണിത്. കേന്ദ്ര സർക്കാർ പണ്ടു മുതലേ തുടർന്നു പോരുന്ന രീതിയാണ് ഇത്.

ഇന്നു വൈകിട്ട് പരമ്പരാഗത രീതിയനുസരിച്ചുള്ള ഹൽവാ പാർട്ടിയോടെയാണു ബജറ്റ് രേഖകളുടെ പ്രിന്റിങ് ആരംഭിക്കുന്നത്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലാണു പാർട്ടി. ഒരു വലിയ പാത്രത്തിൽ ഹൽവ തയാറാക്കി ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കു വിളമ്പും.

പാർട്ടിക്കു ശേഷമാണു ബജറ്റ് പ്രിന്റിങ് ജോലികൾ ആരംഭിക്കുന്നത്. പിന്നെ ധനമന്ത്രാലയത്തിന്റെ ബ്ലോക്ക് അതീവ സുരക്ഷയ്ക്കുള്ളിലാകും. ബജറ്റ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരു മാത്രമേ ഇവിടെയുണ്ടാകൂ. അവർ ഓഫിസിനുള്ളിൽ ഒരുക്കിയിരിക്കുന്ന സ്ഥലത്ത് താമസിക്കണം. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരണം പൂർത്തിയാക്കുംവരെ ഇവർക്കു പുറത്തിറങ്ങാൻ അനുവാദമില്ല, ഫോൺ ചെയ്യാനാവില്ല, എന്തിന് ബന്ധുക്കളെ കാണാൻ പോലും അനുമതി കിട്ടില്ല. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ബ്ലോക്കിലേക്ക് ഈ ദിവസങ്ങളിൽ ആരെയും കടത്തിവിടില്ല.

നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റാണ് ഇത്. റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ഉൾപ്പെടുത്തി ധനമന്ത്രി അവതരിപ്പിക്കുമെന്നത് ഈ ബജറ്റിന്റെ പ്രത്യേകത. നോട്ട് പിൻവലിക്കലിനെത്തുടർന്നു ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടു കണക്കിലെടുത്ത് സർക്കാർ നിരവധി ജനകീയ പദ്ധതികളും നികുതി ഇളവുകളും കരുതിവയ്ക്കമെന്നാണു ധനകാര്യ വിദഗ്ധർ പറയുന്നത്