റാന്‍സംവേര്‍ മാല്‍വേര്‍ കേരളത്തിലും


അതീവ ജാഗ്രതൈ! സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്‌റ്റോവൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ കേരളത്തിലെ കംപ്യൂട്ടര്‍ ഉപയോക്താക്കളെയും തേടിയെത്തിയിരിക്കുന്നു. റാന്‍സംവേര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മാല്‍വേറിന്റെ പിടിയില്‍പ്പെട്ട് കാസര്‍കോട്ടെ നിരവധി പേരുടെ ഫയലുകള്‍ നഷ്ടപ്പെട്ടു.

ചെറുവത്തൂര്‍, നീലേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ഭാഗങ്ങളിലെ ഇരുപതോളം പേര്‍ സമാന പരാതിയുമായി സര്‍വീസ് സെന്ററുകളിലെത്തി. സൈബര്‍ സെല്ലില്‍ പരാതി നല്‍കാനൊരുങ്ങുകയാണിവര്‍. ഇന്നു വൈകുന്നേരത്തോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു.

എങ്ങനെ എത്തുന്നു?

മെയിലിലൂടെയാണ് ഈ മാല്‍വേര്‍ കംപ്യൂട്ടറിനെ ബാധിക്കുക. മാല്‍വേര്‍ കടന്നുകൂടിയാല്‍ കംപ്യൂട്ടറിലെ എല്ലാ ഡാറ്റകളും എന്‍ക്രിപ്ഷന്‍ ചെയ്ത് മാറ്റി മറിക്കും. ഈ ഫയലുകള്‍ പിന്നീട് യൂസര്‍ക്ക് കാണാനാവില്ല. കൂടെ, ഒരു നോട്ടിഫിക്കേഷനും ഡെസ്‌ക്ടോപ്പിലുണ്ടാവും. ‘നിങ്ങളുടെ ഫയലുകള്‍ തങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിരിക്കുകയാണെന്നും തിരിച്ചുലഭിക്കണമെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ കയറണമെന്നും’ നോട്ടിഫിക്കേഷനില്‍ നിര്‍ദേശിക്കുന്നു.

റാന്‍സം മണി കൊടുത്താല്‍ ഫയല്‍ കിട്ടും

എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ഹാക്കര്‍മാര്‍ വലിയൊരു തുക (റാന്‍സം മണി) നിശ്ചിത തീയതിക്കകം നല്‍കുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഈ തുക നല്‍കിയാല്‍ മാത്രമേ മാല്‍വെയര്‍ വഴി മാറ്റിമറിക്കപ്പെട്ട വിവരങ്ങള്‍ തിരികെ ലഭിക്കുകയുള്ളൂ.

കരുതിയിരിക്കാം

ഇമെയില്‍ സന്ദേശങ്ങളിലൂടെയാണ് ഈ മാല്‍വെയര്‍ പടരുന്നത്. സംശയാസ്പദമായ ഇമെയിലുകള്‍ തുറക്കാതിരിക്കുകയെന്നാതാണ് പ്രധാന മുന്‍കരുതല്‍.

എന്നാല്‍ സംശയാസ്പദമായ ഒരു മെയിലും ലഭിക്കുകയോ തുറക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ ഹാക്ക് ചെയ്യപ്പട്ടവര്‍ പറയുന്നത്. സാധാരണ ദിവസങ്ങളിലെപ്പോലെ മെയില്‍ ലോഗിന്‍ ചെയ്തപ്പോള്‍ എല്ലാം തകിടം മറിയുകയായിരുന്നു.

നല്ല ഒരു ആന്റി മാല്‍വെയര്‍ സോഫ്റ്റ്‌വെയര്‍ സിസ്റ്റിത്തില്‍ കയറ്റുക മാത്രമാണ് ഇതിനെ തടയാനുള്ള ഏക പോംവഴി.