ഒരുമാസം കൊണ്ട് റിലയന്‍സ് ജിയോയ്ക്ക് 16 മില്ല്യണ്‍ ഉപയോക്താകള്‍ ലോകറെക്കോര്‍ഡ്


റിലയന്‍സ് ജിയോയ്ക്ക് പുതിയ ലോകറെക്കോര്‍ഡ്. ഒരുമാസം കൊണ്ട് 16 മില്ല്യണ്‍ ഉപയോക്താകളെ നേടാന്‍ സാധിച്ചതാണ് റിലയന്‍സ് ജിയോയ്ക്ക് ലോകറെക്കോര്‍ഡ് നേടാന്‍ സഹായകമായത്. ലോകത്തെ ഒരു ടെലികോം ഓപ്പറേറ്ററോ, സ്റ്റാര്‍ട്ടപ്പോ കൈവരിക്കുന്ന ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് ജിയോയുടെത്. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്അപ്പ്, സ്‌കൈപ്പ് ഇവരെക്കാളും വേഗത്തിലാണ് പുറത്തിറങ്ങിയ ഉടനെയുള്ള റിലയന്‍സ് ജിയോയുടെ വളര്‍ച്ച.

‘ജിയോ വെല്‍ക്കം ഓഫറിലൂടെ 16 മില്ല്യണ്‍ ഉപയോക്താകളാണ് 26 ദിവസം കൊണ്ട് ഇതില്‍ അംഗമായിരിക്കുന്നത്’ എന്ന് റിലയന്‍സ് ജിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജിയോ, ഇന്ത്യന്‍ ജനത സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും പുതിയ നേട്ടം കാരണം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

ഉപയോക്താകളുടെ താല്‍പര്യത്തിന് പ്രധാന്യം നല്‍കി സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മിനിട്ടുകള്‍ക്കകം സിം ആക്ടിവേഷന്‍ സാധ്യമാക്കുന്ന സംവിധാനം ഇന്ത്യയില്‍ 3100 കേന്ദ്രങ്ങളില്‍ ജിയോ നടപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം ഈ സംവിധാനം എത്തുമെന്നും ജിയോ അറിയിച്ചു.