മണ്ണിൽ താണാലേ കിണറിൽ തെളിയു.!


മഴപിറക്കുന്ന നാട്ടിൽ ഒരിറ്റ് വെള്ളത്തിനായി നെട്ടോട്ടമോടുന്നവരാണിന്ന്‌ നാം, പ്രകൃതിയോടുള്ള നമ്മുടെ ക്രൂരത വരും തലമുറയ്ക്കുകൂടി ശാപമാകുന്ന അവസ്ഥ..!

സാധാരണയായി നാം ടെറസിലും, പറമ്പിലും പെയ്യുന്ന മഴയെ പൈപ്പുവഴി റോഡിലേക്ക്‌ ഒഴുക്കും, മുറ്റത്ത് താഴാമെന്നു മഴ കരുതിയെങ്കിൽ തെറ്റി, അവിടെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അതിൽ ഇന്റർലോക്ക് കട്ടകൾ നിരത്തും, അപ്പോൾ പിന്നെ അല്പമുള്ള വിടവിൽക്കൂടി പുൽക്കൊടിയും കിളിർക്കില്ലല്ലോ, എന്തൊരു ക്രൂരതയാണ്, എന്നിട്ട് കിണറ്റിൽ വെള്ളമില്ലെന്ന് പറഞ്ഞു കരച്ചിലും, ചിന്തിക്കു മണ്ണിൽ താഴ്ന്നാലല്ലേ കിണറിൽ തെളിയു..!

മഴവെള്ളം വിവിധ രീതികളില്‍ ശേഖരിച്ച് ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതെന്ന് ഏവർക്കുമറിയാം, ഇതിലൂടെ മഴയുടെ നാടായ കേരളത്തില്‍ ലഭിക്കുന്ന ജലത്തിന്‍റെ നല്ലൊരു ഭാഗവും ഭൂഗര്‍ഭജലമായി മാറും, മഴയുടെ കുറവും,നമുക്ക് ലഭിക്കുന്ന മഴ ഒഴുകി കടലില്‍ പതിക്കുന്നതിനാലുമാണ് കുടിവെള്ള ക്ഷാമവും, ജലദൗര്‍ലഭ്യവും ഉണ്ടാകുന്നതെന്നാണ് വിദഗ്ദ്ധരും പറയുന്നത്.

മഴവെള്ളശേഖരണത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്, അതിലേറ്റവും ലളിതം മഴക്കുഴികളെന്നാണ് പഠനങ്ങള്‍ വരെ തെളിയിച്ചിരിക്കുന്നത്.

ഏവർക്കും വളരെ ചിലവുകുറഞ്ഞരീതിയിൽ നിർമ്മിക്കാവുന്നതും, വളരെ ഫലപ്രദവുമായ ഒരു കിണർ റീചാർജിങ് രീതിയാണ് താഴെ കാണിച്ചിരിക്കുന്നത്..!

1) ഒരു മീറ്റർ ആഴത്തിലും, വ്യാസത്തിലും കുഴി നിർമ്മിക്കുക.

2) ഉണങ്ങിയ തൊണ്ട് കമിഴ്ത്തി കുഴിയിൽ അടുക്കുക.

3) മലിനജലം കടക്കാതെ ചുറ്റും ഓട് അടുക്കുക.

4) മറ്റുവസ്തുക്കൾ വീഴാതെ വല ഇട്ട് മൂടുക.

5) താഴെ കാണിച്ചരീതിയിൽ കിണറിൽനിന്നും മൂന്നോ അഞ്ചോ മീറ്റർ അകലത്തിൽ നിർമ്മിച്ച കുഴിയിലേക്ക് ടെറസ്സിൽ നിന്നും മറ്റും വീഴുന്ന മഴവെള്ളം പൈപ്പ് മുഖേന എത്തിക്കുക

*****************************************************
ശ്രീ.അബ്ദു അരീക്കോട് എന്ന ഒരു വ്യക്തിയുടെ വോയിസ് മെസേജോടുകൂടി വാട്സ്ആപ്പിൽ കിട്ടിയ അറിവാണ്, അറിവ് പകർന്ന അദ്ദേഹത്തിന് ഒരായിരം നന്ദി, നന്മകൾ.
ശിവ, മാന്നാർ.
****************************************************