വാട്ടർപ്രൂഫ് മൊബൈൽ ശരിക്കും വെള്ളത്തിലിടാമോ ?


ഫോണിൽ വെള്ളം വീണാൽ എന്തൊക്കെ ചെയ്യണമെന്നതിന് ടെക് വിദഗ്ധരുടെ ടിപ്സ് ധാരാളം ഉണ്ട്. ഇതൊക്കെ നാം ചെയ്ത് നോക്കുകയും മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വാട്ടര്‍ പ്രൂഫ് ഫോണുകളെത്തിയതോടെ സ്ഥിതിയാകെ മാറി. ഗ്ളാസിലെ വെള്ളത്തിൽ ഫോൺ ഇട്ടുവച്ചിരിക്കുന്ന ചിത്രങ്ങൾ നമ്മെ അമ്പരപ്പിച്ചു. അരമണിക്കൂറോളം വെള്ളത്തിലുപയോഗിച്ചാലും ഒരു കുഴപ്പവുമില്ലെന്ന് അവകാശവാദവുമായെത്തിയി സ്മാർട്ഫോൺ നിർമ്മാതാക്കളെത്തി. എന്നാൽ ഈ വാട്ടർപ്രൂഫ് ഫോണുമെടുത്ത് യഥാർഥത്തിൽ വെള്ളത്തിലിറങ്ങാമോ?, ഒന്നു പരിശോധിക്കാം.

ആദ്യ വാട്ടർപ്രൂഫ് മൊബൈൽ

വെള്ളത്തിനെ സമർഥമായി മാർക്കറ്റ് ചെയ്തത് സോണി തങ്ങളുടെ എക്സ്പീരിയ സെഡിലൂടെ ആയിരുന്നെങ്കിലും ആദ്യ അംഗീകൃത വാട്ടർ റെസിസ്റ്റന്റ് ഫോൺ അവതരിപ്പിച്ചത് നോക്കിയ കമ്പനി ആണ്. അതും 2006ൽ. സിമ്പിയൻ ഒഎസിൽ പ്രവർത്തിച്ചിരുന്ന ഈ ഫോൺ വെള്ളത്തിലും പാലിലും ബിയറിലുമൊക്കെ ഇട്ടുവച്ച് ഒരു അതിജീവന പരീക്ഷണം ഒരു റഷ്യൻ വെബ്സൈറ്റ് ആ സമയത്തും നടത്തിയിരുന്നു.

2007ൽ ഫ്യുജിസ്തു എഫ് 703ഐ,എഫ് 704ഐ,എഫ് 705ഐ മോഡലുകൾ അവതരിപ്പിച്ചു. ഒരു ടാപ്പിൽനിന്നും ഫോണിലേക്ക് വെള്ളമൊഴിക്കുന്ന ചിത്രവും ബാത്ത്ടബിൽ കിടന്ന് കോൾ ചെയ്യുന്ന മോഡലും ഈ ഫോണിനെ അത്യാവശ്യം ജനശ്രദ്ധയിലെത്തിച്ചു. പിന്നീട് സോണിയും കാസിയോയും സാംസങ്ങുമൊക്കെ ഒരു കൈനോക്കി. സംസങ്ങിന്റെ ബി2100 ഒക്കെ നിരാശപ്പെടുത്തുന്ന വിൽപ്പനയാണ് നടത്തിയത്. ഒരു ആൻഡ്രോയിഡ് സ്മാർട്ഫോൺ അവതരിപ്പിക്കാൻ മോട്ടോറോള തന്നെ വേണ്ടിവന്നു.

ഐപി-67, ഐപി 68 എന്നൊക്കെ പറഞ്ഞാൽ

സ്മാർട്ഫോണുകൾ ഡസ്റ്റ്പ്രൂഫും വാട്ടർപ്രൂഫുമൊക്കെയാണെന്ന് തെളിയിക്കാൻ നൽകുന്ന സർട്ടിഫിക്കറ്റുകളാണ് ഇവയൊക്കെ. ഐപി എന്നാൽ ഇന്റർനാഷണൽ പ്രൊട്ടക്ഷനെ സൂചിക്കുന്നു ഇലട്രോ ടെക്നിക്കൽ കമ്മീഷനാണ് ഈ സംവിധാനം പരിശോധിക്കുന്നത്. ഐപി 67ലെ 6 സൂചിപ്പിക്കുന്നത് പൊടിയെ പ്രതിരോധിക്കുന്നതാണ്. 7 എന്നത് വെള്ളത്തിനെതിരെയുള്ള സുരക്ഷിതത്വവും. 7 എന്നത് 30 മിനിട്ടുവരെയുള്ള സുരക്ഷിതത്വവും 8 എന്നത് 1.5 മീറ്റർ ആഴത്തിൽ 30 മിനിട്ട് സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു.

എങ്ങനെ വെള്ളത്തിൽ ആശാനാവുന്നു

ഏതൊരു ഫോണിലും വെള്ളം കയറുന്ന മാര്‍ഗമായ സ്പീക്കർ, ഹെഡ്ഫോൺ ജാക്ക്, മൈക്ക്, ബട്ടണുകള്‍ എന്നിവ ഈ വാട്ടർപ്രൂഫ് ഫോണുകൾക്കും ഉണ്ട്. പിന്നെങ്ങനെ വെള്ളം കയറാതെ തടയുന്നു. ഓരോ നിർമ്മാതാക്കളും വിവിധ മാർഗങ്ങളാണുപയോഗിക്കുന്നതെന്ന് ഫോൺ തുറന്ന് പരിശോധന നടത്തിയ വിദഗ്ദർ പറയുന്നു.

പശ, റബർ, പ്ളാസ്റ്റിക് തുടങ്ങിയവ, വെള്ളംകയറുന്ന അരികുപാളികളെല്ലാം നല്ല പോലെ സീൽ ചെയ്യുന്ന സിമ്പിള്‍ ഐഡിയ മുതൽ വാട്ടർ പ്രൂഫ് നാനോ കോട്ടിംഗ് വിദ്യ വരെ പരീക്ഷിക്കപ്പെടുന്നു. ഹെഡ്ഫോൺ ജാക്കിലും ചാർജ്ജ് പോർട്ടിലും റബർ വളയങ്ങൾ പിടിപ്പിക്കുന്നു. സിം കാർഡ് ട്രേയുടെ ചുറ്റും റബർ വളയും കാണാനാകും. ആപ്പിൾ ഫോണിൽ ചില കേബിളുകളും റബർ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

ബട്ടണിൽ പല നിർമ്മാതാക്കളും പല സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സിലിക്കൺ ഭാഗമുപയോഗിച്ച് ബട്ടണുകളെ ഇലട്രിക്കൽ ഭാഗങ്ങളിൽ നിന്ന് വേർതിരിക്കുന്നു.

പക്ഷേ പൂർണ്ണമായും വായുരന്ധ്രമാക്കാൻ കഴിയുമോ? വായു കയറേണ്ട ഭാഗങ്ങളുണ്ട് സ്പീക്കർ പോലുള്ളവ. സ്പീക്കറിനുമുന്നിൽ നല്ല മെഷ് ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ മെഷീലൂടെ കടന്നുപോകുന്നതിനുപകരം പറ്റിപ്പിടിച്ച് നിൽക്കുന്നു. ചില ഫോണുകളിൽ ഇത്തരം ഭാഗങ്ങളിൽ വെള്ളം കയറുന്നത് തടയാൻ പ്രെഷർ വെന്റുകളും ഉപയോഗിക്കുന്നു.

മെഷ് മാത്രമല്ല ജലത്തെ പ്രതിരോധിക്കുന്ന എന്നാൽ വായുകടക്കുന്ന ഫാബ്രിക് സുതാര്യസ്തരം (ePTFE) ജലം കയറുന്നത് തടയും. ചില നിർമ്മാതാക്കൾ വെള്ളത്തിൽ വീഴുമ്പോൾ തനിയെ ഫോൺ സ്വിച്ച് ഓഫാക്കുന്ന ടെക്നോളജിയും ഉപയോഗിക്കാറുണ്ട്.

പി2ഐ എന്ന നാനോ ടെക്നോളജി വിദഗ്ദ കമ്പനി വാട്ടർ പ്രൂഫാക്കി മാറ്റേണ്ട ഫോണുകളുടെ മുകളിൽ ഒരു വാക്വം ചേമ്പര്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നാനോ മീറ്റർ മാത്രം വലിപ്പമുള്ള പോളിമർ സ്തരത്തിനുള്ളിൽ ഫോൺ സുരക്ഷിതമാവും.

പരസ്യം കണ്ട് വെള്ളത്തിലേക്ക് ചാടിയാൽ

ഭാഗ്യം പോലിരിക്കും, കാരണം സോണി തന്നെ സ്വിമ്മിങ്ങ് പൂളിനടിയിൽ ഫോട്ടോയെടുക്കുന്ന തങ്ങളുടെ പരസ്യം പിൻവലിച്ചിരുന്നു. 1 മീറ്റർ ആഴത്തിൽ 30 മിനിട്ടൊക്കെ ലാബ് അന്തരീക്ഷത്തിൽ ഫോൺ രക്ഷപ്പെടുമെങ്കിലും സ്വിമ്മിങ്ങ് പൂളിലെ സാന്ദ്രത കൂടിയ അല്ലെങ്കിൽ ഉപ്പുരസമുള്ള ജലത്തിൽ ഫോൺ കേടായേക്കും. നീന്തുമ്പോൾ ജലത്തിന്റെ സമ്മർദ്ദം വർദ്ധിക്കാനും സാധ്യതയുണ്ട്. എന്നാൽ വാട്ടർ പ്രൂഫ് വാച്ചുമായി 50 മീറ്റർ ആഴത്തിൽ വരെ പലപ്പോഴും പോവാനുമാവും.

മൊബൈൽ വെള്ളത്തിലിട്ട് പരീക്ഷിക്കുമ്പോൾ യുഎസ്ബി പോർട്ടുകളെല്ലാം അടച്ചിരിക്കണമെന്ന് സോണി നിർദ്ദേശം നൽകുന്നുണ്ട്. വെള്ളത്തിൽ വീണ ഫോൺ ചാർജ് ചെയ്യുന്നതിനുമുമ്പ് ഉണങ്ങിയ തുണി ഉപയോഗിച്ച് പോർട്ട് തുടച്ച് വൃത്തിയാക്കണം. മാത്രമല്ല അണ്ടർ വാട്ടർ ഫോട്ടോഗ്രഫിയൊന്നും ചെയ്യാനുള്ളതല്ല വാട്ടർ പ്രൂഫ് ഫോണുകളെന്നും നിർമ്മാതാക്കൾ പറയുന്നു.