സൂപ്പർ 30 – ലോകത്തെ അതിശയിപ്പിക്കുന്ന കലാലയം


സൂപ്പർ 30-യെക്കുറിച്ച്‌ നിങ്ങളുടെ അറിവിലേക്ക് ചില കാര്യങ്ങൾ പറയാം…സമൂഹത്തിലെ ദരിദ്രരായ കുട്ടികൾക്കുവേണ്ടി ഞാൻ തുടങ്ങിയ പദ്ധതിയാണ് സൂപ്പർ 30. ദാരിദ്ര്യത്തെ വളരെ അടുത്തുനിന്നു അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ…ദാരിദ്ര്യത്തിന്റെ വേദന എന്താണെന്ന് എനിക്കറിയാം…എന്റെ അച്ഛൻ ഇന്ത്യൻ തപാൽ സർവീസിലെ ഒരു താഴ്ന്ന ജോലിക്കാരനായിരുന്നു…ഒരു വലിയ ഗണിതശാസ്ത്രജ്ഞൻ ആകണമെന്നതായിരുന്നു എന്റെ ആഗ്രഹം…ഗണിതശാസ്ത്രത്തിലെ പുതിയ അറിവുകൾക്കുവേണ്ടി ഞാൻ തിരഞ്ഞുകൊണ്ടിരുന്നു…

എന്റെ കോളേജ് പഠനകാലത്ത് കുറെ ഗണിതശാസ്ത്രസംബന്ധിയായ പേപ്പറുകൾ ഞാൻ എഴുതിയിരുന്നു…ഇവ പല പ്രമുഖ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്…പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഗണിതശാസ്ത്രത്തിൽ ഉപരിപഠനം നടത്താൻ എനിക്ക് അവസരം കിട്ടിയതാണ്…പക്ഷെ, ആവശ്യത്തിന് പണം കണ്ടെത്താനാകാതെ എനിക്ക് അത് ഉപേക്ഷിക്കേണ്ടി വന്നു…ആ സമയത്താണ് എന്റെ അച്ഛൻ മരിച്ചത്…കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും എന്റെ ചുമലിലായി…

എന്റെ അച്ഛൻ ചെയ്ത അതേ ജോലി എനിക്ക് കിട്ടുമെന്ന വാഗ്ദാനം വന്നു…പക്ഷെ, ഞാൻ ആ വാഗ്ദാനം നിരസിച്ചുകൊണ്ട് “രാമാനുജൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ്” എന്ന സ്ഥാപനം തുടങ്ങി…….സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണക്കു പഠിപ്പിക്കുകയായിരുന്നു ലക്‌ഷ്യം…പക്ഷെ, നിലനിൽപ്പിനു വേണ്ടി പണം കണ്ടെത്തുക ..ശ്രമകരമായിരുന്നു….’അമ്മ ഉണ്ടാക്കിത്തരുന്ന പപ്പടം വീടുവീടാന്തരം കയറിയിറങ്ങി വിൽക്കുകയായിരുന്നു പണത്തിനുള്ള ഏക മാർഗ്ഗം….അനേക തവണ പലരും എന്നെ ആട്ടിയോടിച്ചിട്ടുണ്ട്….പക്ഷെ ഞാനൊരിക്കലും എന്റെ പ്രതീക്ഷയും ധൈര്യവും കൈവിട്ടില്ല…ക്രമേണ, കുട്ടികളുടെ എണ്ണം കൂടിവന്നു….

എന്റെ സ്ഥാപനത്തെക്കുറിച്ചു കേട്ടറിഞ്ഞു ബീഹാറിന്റെ പല ഭാഗങ്ങളിൽ നിന്നും ധാരാളം പാവപ്പെട്ട കുട്ടികൾ വന്നുകൊണ്ടിരുന്നു…..ഒരിക്കൽ മിടുക്കനായ ഒരു കുട്ടി എന്റെ അടുത്തുവന്നു…അവനു വർഷം 500 രൂപപോലും തരാനാകാത്ത സ്ഥിതിയാണ്….അവന്റെ അച്ചൻ ഉരുളക്കിഴങ്ങു വിളവെടുക്കുമ്പോൾ പണം തരാമെന്നാണ് അവൻ പറയുന്നത്…പക്ഷെ, നീയെങ്ങനെ ഇക്കാലമത്രയും പട്നയിൽ താമസിക്കും..?.എന്റെ ചോദ്യം കേട്ട അവന്റെ മറുപടി ഇതായിരുന്നു…അവിടെ അടുത്തുള്ള ഒരു കാശുകാരന്റെ വീടിന്റെ രണ്ടാം നിലയിലേക്കുള്ള ഗോവണിപ്പടിയുടെ അടിയിൽ താമസിക്കാനുള്ള കാര്യങ്ങൾ അവൻ ശരിയാക്കിയിരിക്കുന്നു… .

അവന്റെ മറുപടി കേട്ട് ഞാൻ സ്തബ്ദനായിപ്പോയി…ശരിക്കും ഈ സംഭവമാണ് സൂപ്പർ 30 തുടങ്ങാൻ എനിക്ക് പ്രേരണ ആയത്..മുംബയിൽ വയലിനിസ്റ്റ് ആയി ജോലി ചെയ്തിരുന്ന എന്റെ ഇളയ സഹോദരൻ പ്രണവിനെ ഞാൻ വീട്ടിലേക്കു തിരിച്ചു വിളിച്ചു…തുടക്കത്തിലെ ഒരു പ്രവേശന പരീക്ഷയിലൂടെ പാവപ്പെട്ട, എന്നാൽ മിടുക്കരായ 30 കുട്ടികളെ സൂപ്പർ 30-യിലേക്ക് തിരഞ്ഞെടുത്തു..ഈ മുപ്പതു കുട്ടികൾക്കുവേണ്ടി താമസിക്കാനും മറ്റും സൗകര്യങ്ങൾ ഒരുക്കുക എന്നത് തുടക്കത്തിൽ അത്ര .എളുപ്പമായിരുന്നില്ല…പക്ഷെ, എന്റെ കുടുംബം മുഴുവനും എല്ലാ സഹായവുമായി എന്റെ കൂടെ നിന്നു…ട്യൂഷൻ പഠിപ്പിക്കുന്നതിലൂടെ ഇതിനുവേണ്ട പണം ഞാൻ കണ്ടെത്തി …

എന്റെ ‘അമ്മ കുട്ടികൾക്കുവേണ്ടി ഭക്ഷണം തയ്യാറാക്കും…കുട്ടികൾക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…അധ്വാനിച്ചു പഠിക്കുക…സൂപ്പർ 30-യെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും കേട്ടറിഞ്ഞു എനിക്ക് ധാരാളം സഹായ വാഗ്ദാനങ്ങൾ വന്നുകൊണ്ടിരുന്നു….മഹിന്ദ്ര ആന്റ് മഹീന്ദ്രയുടെ ആനന്ദ് മഹീന്ദ്ര എനിക്ക് സാമ്പത്തീക സഹായം വാഗ്ദാനം ചെയ്തു…പക്ഷെ, ഞാൻ സ്നേഹത്തോടെ അത് നിരസിച്ചു…പലരും ഇതുകേട്ട് വിസ്മയപ്പെട്ടു….ഇത്രയും പണം തരാമെന്നു പറഞ്ഞിട്ട് എന്തിനാണ് വേണ്ടെന്നു വയ്ക്കുന്നത്..? കാരണം, എനിക്ക് ഒരു കാര്യം തെളിയിക്കാനുണ്ടായിരുന്നു….ബീഹാറിനെ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട സംസ്ഥാനമായാണ് എല്ലാവരും കരുതുന്നതു് …തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ ഇവിടെനിന്നുപോലും നിങ്ങൾക്ക് എല്ലാം നേടിയെടുക്കാനാകും എന്ന് എനിക്ക് തെളിയിക്കേണ്ടിയിരുന്നു….അടിസ്ഥാന സൗകര്യങ്ങളോ വലിയ കെട്ടിടങ്ങളോ ഇല്ലാതെതന്നെ മനഃശക്തികൊണ്ട് അസാധ്യമായതു നേടിയെടുക്കാനാകും എന്ന് കാണിച്ചുകൊടുക്കാൻ വേണ്ടിയാണ് എല്ലാ സഹായവാഗ്ദാനങ്ങളും ഞാൻ നിരസിച്ചത്…

സൂപ്പർ 30 വിജയമായതോടെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങളും മറ്റും വന്നുകൊണ്ടിരുന്നു…അതോടൊപ്പം തന്നെ പട്നയിലും പരിസരത്തുമുള്ള ചില കോച്ചിങ്ങ് മാഫിയകൾ സൂപ്പർ 30-യെ എങ്ങനെയെങ്കിലും ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…ആയുധധാരികളായ ഇവരുടെ ക്വൊട്ടേഷൻ ആക്രമണം പലതവണ നേരിടേണ്ടി വന്നു…ഒരു തവണ ഞങ്ങളുടെ ഓഫീസിലെ മുന്ന എന്ന ചെറുപ്പക്കാരൻ വയറ്റിൽ കുത്തേറ്റു മൂന്നുമാസം ആശുപത്രിയിൽ കഴിഞ്ഞു… മരണത്തിൽനിന്നു അവൻ കഷ്ടിച്ചാണ് രക്ഷപെട്ടത്…എന്തിനാണ് ഇത്ര റിസ്ക് എടുത്തു സൂപ്പർ 30 നടത്തിക്കൊണ്ടു പോകുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്…പക്ഷെ, ഇതൊന്നും കണ്ടു പിന്മാറാൻ ഞാൻ ഒരുക്കമല്ലായിരുന്നു….

ബീഹാർ സർക്കാർ എനിക്ക് സായുധധാരികളായ രണ്ടു പോലീസുകാരുടെ സംരക്ഷണം ഏർപ്പെടുത്തി….എപ്പോഴും അവർ എന്നോടുകൂടെയുണ്ട്….സൂപ്പർ 30-യുടെ ആദ്യവർഷം 30 കുട്ടികൾ പരീക്ഷ എഴുതിയതിൽ 20 പേർ IIT-JEE പരീക്ഷ പാസ്സായി. രണ്ടാം വർഷം 30 പേരിൽ 22 പേർ, മൂന്നാം വർഷം 26, നാലാം വർഷം 28, അഞ്ചാം വർഷം 28, ആറാം വർഷം തൊട്ടിങ്ങോട്ട് 30-ൽ 30-പേരും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി പ്രവേശന പരീക്ഷയായ IIT-JEE വിജയിച്ചുകൊണ്ടിരിക്കുന്നു….കഴിഞ്ഞ എട്ടു വർഷങ്ങളിൽ ഏതാണ്ട് 212 കുട്ടികളാണ് IIT-JEE പാസ്സായിട്ടുള്ളത്…ഇപ്പോൾ പക്ഷെ, കോച്ചിങ്ങ് മാഫിയയിൽ നിന്നുള്ള ആക്രമണം ഇല്ലെങ്കിലും അവർ മറ്റൊരു രീതിയിലാണ് അവർ പ്രതികാരം ചെയ്യുന്നത്…

അവർ അവരുടേതായ രീതിയിൽ സൂപ്പർ 30 നടത്തിക്കൊണ്ടിരിക്കുന്നു…സൂപ്പർ 30 എന്ന പേര് അവരുടെ സ്ഥാപനത്തിന്റെ പേരിനോട് ചേർത്തു വയ്ക്കുന്നു…”പട്ന സൂപ്പർ 30″, “ഗയ സൂപ്പർ 30”, “രാജാ സൂപ്പർ 30”, “ബാജാ സൂപ്പർ 30” എന്നിങ്ങനെ…അവരുടെ നെയിം ബോർഡിൽ പട്ന, ഗയ, രാജാ ഇതെല്ലം വളരെ ചെറിയ അക്ഷരത്തിൽ കൊടുത്ത് സൂപ്പർ 30 വലുതാക്കി കൊടുത്തിരിക്കുന്നു…ഇതിന്റെ പേരിൽ സർക്കാരിൽ നിന്നും, സ്വകാര്യ ഏജൻസികളിൽ നിന്നും കിട്ടുന്ന സംഭാവനകൾ നേടിയെടുക്കാൻ വേണ്ടിയാണ് ഈ പണികളെല്ലാം അവർ ചെയ്യുന്നത്…

ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും സൂപ്പർ 30-യെക്കുറിച്ചു പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്…ഡിസ്‌കവറി ചാനൽ ഒരു മണിക്കൂർ നീളുന്ന ഒരു പ്രോഗ്രാം സൂപ്പർ 30-യെക്കുറിച്ചു ചെയ്തിരുന്നു…ജപ്പാനിലെ പ്രശസ്ത മോഡലും നടിയുമായ നോറിക്ക ഫ്യൂജിവാര സൂപ്പർ 30-യെക്കുറിച്ചു ഒരു ഡോക്യൂമെന്ററി ചെയ്യാൻ ഇവിടെ വന്നിരുന്നു…ജപ്പാനിലെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനമായ NHK രണ്ടു സിനിമകൾ സൂപ്പർ 30-യെ ആസ്പദമാക്കി എടുത്തിട്ടുണ്ട്…അൽ ജസീറ ചാനലും സൂപ്പർ 30-യെക്കുറിച്ചു ഒരു സിനിമ എടുത്തിട്ടുണ്ട്…ടൈം മാഗസിൻ സൂപ്പർ 30-യെ “Best of Asia 2010” – ൽ ഉൾപ്പെടുത്തിയിരുന്നു…കഴിഞ്ഞയിടെ ന്യൂസ് മാഗസിൻ ഞങ്ങളുടെ സ്‌കൂളിനെ ലോകത്തിലെ ഏറ്റവും മികച്ച സ്‌കൂളുകളിൽ ഒന്നായി തിരഞ്ഞെടുത്തിരുന്നു…CNN-IBN ഏർപ്പെടുത്തിയ “റിയൽ ഹീറോ” അവാർഡ് 2010-ൽ മുകേഷ് അംബാനിയാണ് സൂപ്പർ 30-ക്കു നൽകിയത്…

സൂപ്പർ 30-യിലെ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്…മിടുക്കരായിരുന്നിട്ടും ചെറുപ്പത്തിലേ വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ജോലിക്കു പോകുന്ന കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാൻ ഒരു സ്‌കൂൾ തുടങ്ങാനാണ് ആഗ്രഹം….ആറാം ക്‌ളാസ്സുമുതൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഈ സ്‌കൂളിലും എല്ലാ കുട്ടികൾക്കും പഠനം പൂർണ്ണ സൗജന്യമായിരിക്കും…എന്റെ സ്വപ്ന പദ്ധതിയായ ഇവിടെ സൂപ്പർ 30-ക്കു വേണ്ടി മാത്രമായിരിക്കില്ല കുട്ടികളെ പരിശീലിപ്പിക്കുക…അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്‌, അന്താരാഷ്ട്ര ഊര്‍ജ്ജതന്ത്രശാസ്ത്ര ഒളിമ്പ്യാഡ്‌ എന്നിവയ്‌ക്കെല്ലാം പരിശീലനം നൽകും…എന്റെ കുട്ടികളെ നോബൽ സമ്മാന ജേതാക്കളായി കാണാനാണ് എനിക്ക് മോഹം…

എന്റെ വലിയൊരു സ്വപ്നമാണത്…അത് നടക്കുമോ എന്നെനിക്കറിയില്ല…പക്ഷെ, അതിനുവേണ്ടി എന്ത് ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ്…ഇപ്പോൾ എന്റെ സ്‌കൂൾ നടക്കുന്നത് തകര ഷീറ്റ് വിരിച്ച ഒരു ഷെഡിനു കീഴെയാണ്…പക്ഷെ, എനിക്കൊരു സ്വപ്നമുണ്ട്…ആറാം ക്‌ളാസ്സുമുതൽ തികച്ചും സൗജന്യമായി കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്‌കൂൾ…ഇതിനു ആരുടേയും പണം ഞങ്ങൾക്ക് വേണ്ട…നിങ്ങളുടെ പിന്തുണയും അനുഗ്രഹവും മാത്രം മതി ഞങ്ങൾക്ക്……തിളങ്ങുന്ന അടിസ്ഥാന സൗകര്യങ്ങളോ, വാരി വിതറാൻ പണമോ ഒന്നും വേണ്ട ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ മിടുക്കന്മാർക്ക് ഉയർന്നുവരാൻ, നിശ്ചയദാർഢ്യത്തിന്റെ, സമർപ്പണത്തിന്റെ, കഠിനാധ്വാനത്തിന്റെ തീപ്പൊരി മാത്രം മതി എന്ന് ഞങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു..