ചെക്ക് ബൗണ്‍സ് ആയാല്‍ എന്തു ചെയ്യും?

1 12 Textbook Kerala


പറഞ്ഞ സമയത്തിനുള്ളില്‍ ചെക്ക് പണമായി മാറാന്‍ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് ‘ചെക്ക് ബൗണ്‍സ്’ അല്ലെങ്കില്‍ ‘ചെക്ക് മടങ്ങല്‍ ‘ എന്നു പറയുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം.

പ്രധാനമായും ചെക്ക് തന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, പഴഞ്ചന്‍ ചെക്കുകള്‍ , തീയതി കഴിഞ്ഞ ചെക്കുകള്‍ , ചെക്കിലെ തിരുത്തലുകള്‍ തുടങ്ങിയവാണ് ചെക്ക് മടങ്ങാനുള്ള മറ്റു കാരണങ്ങള്‍ .

ചെക്ക് മടങ്ങുമ്പോള്‍ അതിന് ഉത്തരവാദിയായ (ചെക്ക് പാര്‍ട്ടിക്ക് നല്‍കിയ) ആളില്‍ നിന്നും ബാങ്ക് പിഴ ഈടാക്കും. വേണമെങ്കില്‍ അയാള്‍ക്ക് ജയില്‍ശിക്ഷ പോലും ലഭിച്ചേക്കാം.
ചെക്ക് മടങ്ങിയാല്‍
ചെക്ക് മാറുന്നതിനു മുന്‍പായി, സംശയമുള്ളപക്ഷം അക്കൗണ്ടില്‍ ആവശ്യത്തിനു തുകയുണ്ടോ എന്ന് പാര്‍ട്ടിയോടു ചോദിക്കുന്നത് നല്ലതാണ്. പരസ്പര ധാരണയുള്ളവരുടെ കാര്യത്തില്‍ മാത്രമാണ് ഇത് കരണീയം.

എല്ലാത്തവണയും ഇങ്ങനെ ചോദിക്കേണ്ടി വരുന്നത് പ്രായോഗികവുമല്ല. അത്തരം സാഹചര്യങ്ങളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 പ്രകാരം നിയമ നടപടി സ്വീകരിക്കുക മാത്രമാണ് പരിഹാര മാര്‍ഗം.

ചെക്ക് ബൗണ്‍സിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 420 അനുസരിച്ച് വഞ്ചനാ കുറ്റത്തിന് കേസ് ഫയല്‍ ചെയ്യാവുന്നതുമാണ്. എന്നാല്‍ ഇതിന് കാലതാമസമെടുക്കുമെന്നതിനാല്‍ നേരത്തെ പറഞ്ഞപോലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം കേസ് ഫയല്‍ ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദവും വേഗത്തില്‍ നടക്കുന്നതുമായ മാര്‍ഗം.
ഡൊണേഷനായോ സമ്മാനമായോ നല്‍കിയ ചെക്കാണ് ബൗണ്‍സ് ആയതെങ്കില്‍ അത് കൈവശമുള്ളയാള്‍ക്ക് ആ ചെക്ക് നല്‍കിയ ആള്‍ക്കെതിരെ നിയമനടപടി സാധ്യമല്ല.
ചെക്ക് ബൗണ്‍സ് ആയാല്‍ ജയില്‍ശിക്ഷയോ കനത്ത പിഴയോ മാത്രമായിരിക്കില്ല അനന്തരഫലം. അത് ചെയ്തയാള്‍ക്ക് ചെക്ക്ബുക്ക് സൗകര്യം നിഷേധിക്കാനോ അയാളുടെ അക്കൗണ്ട് തന്നെ റദ്ദാക്കാനോ ഉള്ള അവകാശം ബാങ്കിനുണ്ട്

. ഒരു കോടി രൂപയ്ക്കു മുകളില്‍ വരുന്ന തുകയ്ക്കുള്ള ചെക്ക് നാലു തവണയെങ്കിലും ബൗണ്‍സ് ആവുന്ന സന്ദര്‍ഭത്തില്‍ മാത്രമേ അത്തരം കടുത്ത നടപടി സ്വീകരിക്കാവൂ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

വായ്പാ തിരിച്ചടവിനുള്ള ചെക്കാണ് മടങ്ങുന്നതെങ്കില്‍ ജാമ്യവസ്തു ലേലം ചെയ്ത് അത് ഈടാക്കാനുള്ള അധികാരം ബാങ്കിനുണ്ട്. അതിനു മുമ്പായി ബാങ്ക് ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്യും.
നിയമ നടപടി

മിക്കവാറും എല്ലാ ബാങ്കുകളും ബൗണ്‍സായ ചെക്കിനൊപ്പം അതിനുള്ള കാരണം രേഖപ്പെടുത്തിയ കുറിപ്പായ ‘ചെക്ക് റിട്ടേണ്‍ മെമ്മോ’ ഉള്‍പ്പെടെ നല്‍കുന്നതാണ്. നിങ്ങള്‍ ആ ചെക്ക് കൈവശം വച്ചിരിക്കുകയാണെങ്കില്‍ പിന്നീട് മൂന്ന് മാസത്തിനുള്ളില്‍ ഒരിക്കല്‍ക്കൂടി കാശാക്കിമാറ്റാന്‍ ബാങ്കില്‍ നല്‍കാമോ എന്ന് ചെക്ക് നല്‍കിയ ആളോട് ചോദിച്ച് ഉറപ്പുവരുത്തണം. മൂന്ന്് മാസമാണ് ഒരു ചെക്കിന്റെ കാലാവധി.
ചെക്ക് രണ്ടാമതും മടങ്ങിയാല്‍ നിങ്ങള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാം. അതിന്റെ ആദ്യപടിയായി ചെക്ക് റിട്ടേണ്‍ മെമ്മോ ലഭിച്ച അന്ന് മുതല്‍ മുപ്പത് ദിവസത്തെ കാലാവധിയില്‍ ക്രമക്കേട് കാണിച്ച വ്യക്തിക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കാം. നോട്ടീസ് ആവശ്യമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ക്രമക്കേട് കാണിച്ച വ്യക്തി ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറ്റേതെങ്കിലും തരത്തില്‍ പേയ്‌മെന്റ് നടത്തിയിരിക്കണം. ഇനിയും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ ആ വ്യക്തിക്കെതിരെ നിങ്ങള്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി ഫയല്‍ ചെയ്യാവുന്നതാണ്.
പതിനഞ്ച് ദിവസത്തെ കാലാവധി കഴിഞ്ഞ് പരമാവധി ഒരുമാസത്തിനകം കേസ് ഫയല്‍ ചെയ്തിരിക്കണം. ഈ സമയ പരിധിക്കുള്ളില്‍ത്തന്നെ കേസ് ഫയല്‍ ചെയ്തിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈ സമയപരിധി കഴിഞ്ഞ് കേസ് ഫയല്‍ ചെയ്യുകയാണെങ്കില്‍ അക്കാരണം കൊണ്ടുതന്നെ ഈ കേസ് പരിഗണനയ്‌ക്കെടുക്കുക പോലുമില്ല.
നിങ്ങളുടെ കേസ് ഹിയറിങ് കഴിയുമ്പോള്‍ ക്രമക്കേട് കാണിച്ച വ്യക്തിക്ക് രണ്ട് വര്‍ഷത്തെ ജയില്‍വാസമോ ചെക്ക് തുകയുടെ രണ്ട് മടങ്ങ് പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിച്ചേക്കാവുന്നതാണ്. ക്രമക്കേട് കാണിച്ച വ്യക്തിക്ക് വിധിവന്ന് ഒരുമാസത്തിനകം അതിനെതിരെ അപ്പീല്‍ നല്‍കാവുന്നതാണ്.
കോടതികളില്‍ നിന്നും ആര്‍ബിട്രേറ്ററിലേക്ക്
രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് ചെക്ക് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കാര്യമായി ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്. ഇതു സംബന്ധിച്ച നയരൂപീകരണത്തിനും നിയമനിര്‍മാണത്തിനുമായി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിരുന്നു.

ഇവര്‍ നിര്‍ദേശിച്ച ഭേദഗതികള്‍ നടപ്പില്‍വരികയാണെങ്കില്‍ ആര്‍ബിട്രേഷനിലൂടെയോ ലോക് അദാലത്തിലൂടെയോ ആവും ഇനി ചെക്ക് ബൗണ്‍സ് സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുക. ആര്‍ബിട്രേറ്റര്‍ രണ്ട് പാര്‍ട്ടികളുടെയും പരാതി കേള്‍ക്കുകയും ഇരുവര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകളോടെ ഒത്തുതീര്‍പ്പ് സാധ്യമാക്കുകയും ചെയ്യും.

ഇതുതന്നെ കേസ് അസാധുവാകുകയോ കേസ് ഫയല്‍ചെയ്യുന്നതിന് എതിര്‍കക്ഷിക്ക് മതിയായ സമയം ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ ആര്‍ബിട്രേറ്ററെ നിയമിക്കുന്നതു സംബന്ധിച്ച അറിയിപ്പ് നല്‍കാത്ത അവസരം നല്‍കാതിരിക്കുകയോ ചെയ്യുമ്പോള്‍ മാത്രം.

സുപ്രീം കോടതിയില്‍ മാത്രം 40 ലക്ഷം ചെക്ക് ബൗണ്‍സ് കേസുകളാണ് തീര്‍പ്പാകാന്‍ കാത്തുകിടക്കുന്നത് എന്നറിയുമ്പോള്‍ അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ, അല്ലേ.

Leave a Reply

Your email address will not be published. Required fields are marked *