പോസ്റ്റ്മോർട്ടം എന്തിന് ?
ഒരു വ്യക്തിയുടെ മരണം എപ്പോൾ എപ്രകാരം സംഭവിച്ചു എന്ന് ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള പ്രത്യേകതരം ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം (Postmortem), വൈദ്യശാസ്ത്രത്തിൽ ഈ പ്രക്രിയ ഓട്ടോപ്സി (Autopsy) എന്നാണ് അറിയപ്പെടുന്നത്. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും, ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് (Pathologist) എന്നാണ് വിളിക്കുക.
ഒന്നോ അതിലധികമോ പതോളജിസ്റ്റുകളും സംഘവും ചേർന്നായിരിക്കും ഒരു പോസ്റ്റ്മോർട്ടം നടത്തുക. ചരിത്രം പരിശോധിച്ചാൽ, മനുഷ്യശരീരം തുറന്ന് ആന്തരികാവയവങ്ങൾ പുറത്തെടുക്കുകയും പരിശോധിക്കുകയും, സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ, ബി.സി. 3000 കാലഘട്ടങ്ങളിൽ പുരാതന ഈജിപ്‌ഷ്യന്മാർ മമ്മികൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചെയ്തിരുന്നുവെന്ന് കാണാം.
മരണകാരണം നിർണ്ണയിക്കുന്നതിന്റെ ഭാഗമായി ശവശരീരങ്ങൾ തുറന്നു പരിശോധിക്കുന്ന രീതി മറ്റു പല പ്രാചീന നാഗരികതകളിലും ഉണ്ടായിരുന്നില്ല. ഇപ്രകാരം ശവശരീരം തുറക്കുന്നത്, മരിച്ച വ്യക്തിയുടെ മരണാനന്തര ജീവിതത്തിന് ഭംഗം വരുത്തുമെന്ന വിശ്വാസമായിരുന്നു അക്കാലത്ത് പരക്കെ ഉണ്ടായിരുന്നത്. പുരാതന ഗ്രീക്കിൽ പോസ്റ്റ്മോർട്ടങ്ങൾ സാധാരണമല്ലായിരുന്നു. ബി.സി 44 ൽ, ജൂലിയസ് സീസർ വധിക്കപ്പെട്ടപ്പോൾ നടത്തിയ ഒട്ടോപ്‌സി റിപ്പോർട്ടിൽ, സീസറിന്റെ ശരീരത്തിലേറ്റ രണ്ടാമത്തെ കുത്താണ് മരണകാരണമായതെന്ന് രേഖപ്പെടുത്തിയിരുന്നു.
റോമാക്കാരുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ പല മാറ്റങ്ങളോടെ കൃത്യമായ നടപടിക്രമങ്ങളില്ലാതെ അനേകവർഷങ്ങൾ തുടർന്നിരുന്നു. ഇന്ന് ഉപയോഗിക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനകൾ അനാട്ടമിക്കൽ പതോളജി (Anatomical pathology) രീതിലുള്ളതാണ്. ജിയോവാനി ബറ്റീസ മൊർഗാഗ്‌നി (Giovanni Battista Morgagni, 1682 – 1771) എന്ന ഇറ്റാലിയൻ അനാട്ടമിസ്റ്റ് ആണ് അനാട്ടമിക് പതോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്. The Seats and Causes of Diseases Investigated by Anatomy എന്ന പേരിൽ ഇദ്ദേഹം 1769 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഈ പതോളജി ശാഖയിൽ എഴുതപ്പെട്ട ആദ്യ പ്രാമാണിക ഗ്രന്ഥം.
19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്രജ്ഞനായിരുന്ന റുഡോൾഫ് വിർച്ചോവ് (Rudolf Virchow) ഒട്ടോപ്സി രീതികളെ ക്രമീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.പോസ്റ്റ്മോർട്ടം ഏറിയ പങ്കും നിയമപരമായ കാരണങ്ങളാലാണ് നടത്തപ്പെടുന്നതെങ്കിലും, ചില സാഹചര്യങ്ങളിൽ മരണ ഹേതുവായ രോഗാവസ്ഥ കണ്ടുപിടിക്കുവാനായും ഇത് ചെയ്യാറുണ്ട്. പോസ്റ്റ് മോർട്ടങ്ങളെ പ്രധാനമായും നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
1) ഫോറൻസിക് ഒട്ടോപ്‌സി : ഒരു മരണത്തിന്റെ വ്യക്തമായ കാര്യകാരണങ്ങൾ കണ്ടെത്തുക എന്നതാണ് ഈ രീതിയിലുള്ള പോസ്റ്റ്മോർട്ടങ്ങളുടെ ഉദ്ദേശം. നിയമം അനുശാസിക്കുന്ന രീതിയിൽ കൊലപാതകം, അപകടം, സംശയാസ്പദ സാഹചര്യങ്ങളിലെ മരണം, ആത്മഹത്യ തുടങ്ങിയവക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.
2) ക്ലിനിക്കൽ ഒട്ടോപ്‌സി : ഒരു വ്യക്തിയുടെ മരണത്തിനു നിദാനമായ രോഗാവസ്ഥ കണ്ടുപിടിക്കുന്നതിനായാണ് ഈ രീതിയിലുള്ള പോസ്റ്റ്മോർട്ടം നടത്തുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ടും ഈ രീതി അനുവർത്തിക്കാറുണ്ട്
3) അക്കാഡമിക് ഓട്ടോപ്സി : മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് നടത്തുന്ന പോസ്റ്റ്‌മോർട്ടമാണിത്.
4) വിർച്യുവൽ ഇമേജിങ് ഓട്ടോപ്സി : “ദൃശ്യ” മാധ്യമങ്ങൾ ഉപയോഗിച്ച് ശരീരം കീറി മുറീക്കാതെ ചെയ്യുന്ന ഒട്ടോപ്‌സിയാണിത്. മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (MRI), കമ്പ്യൂട്ടഡ് ടോമോഗ്രാഫി (CT) തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
ഇന്ത്യയിൽ നടത്തപ്പെടുന്ന പോസ്റ്റ്മോർട്ടം പരിശോധനകളിൽ ഭൂരിഭാഗവും ഫോറൻസിക് ഒട്ടോപ്‌സി വിഭാഗത്തിൽപ്പെടുന്നവയാണ്. ഒരു വ്യക്തിയുടെ മരണകാരണം ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കുക എന്നതാണ് ഫോറൻസിക് ഒട്ടോപ്‌സിയുടെ പ്രധാന ലക്ഷ്യം. ഈ പരിശോധനയുടെ ഫലങ്ങൾ തുടർന്നുവരുന്ന നിയമപരമായ കാര്യങ്ങളിൽ പ്രധാനപ്പെട്ട രേഖകളായി പരിഗണിക്കപ്പെടുന്നു. ശരീരത്തിലെ മുറിവുകളെ സംബന്ധിച്ച ആധികാരിക രേഖയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിശദാംശങ്ങൾ ലഭ്യമല്ലാത്ത സാഹിചര്യത്തിൽ മരണവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ മുറിവുകളിൽ നിന്നും, രക്തക്കറകളിൽ നിന്നും മറ്റും പുനരാവിഷ്കരിക്കാൻ ഇതിലൂടെ സാധിക്കും.
ജീവനുള്ളപ്പോഴാണോ മരണശേഷമാണോ ശരീരത്തിൽ മുറിവുകളുണ്ടായത്, സ്വയമുണ്ടാക്കാൻ സാധിക്കുന്ന തരമാണോ മുറിവുകൾ, മുറിവേറ്റശേഷം പരേതന് എന്തൊക്കെ പ്രവൃത്തികൾ ചെയ്യാൻ സാധിക്കും തുടങ്ങിയ ചോദ്യങ്ങൾക്കും ചിലപ്പോൾ ഓട്ടോപ്സിയിലൂടെ ഉത്തരം ലഭിച്ചേക്കാം.മരണമുണ്ടായ സാഹചര്യം സംബന്ധിച്ച സൂചനകൾ ഫോറൻസിക് സർജന് ഓട്ടോപ്സിയിലൂടെയും വേണ്ടിവന്നാൽ മരണം നടന്ന സ്ഥലം പരിശോധിച്ചും മറ്റും കണ്ടെത്താൻ സാധിക്കും. ഇന്ത്യയിലെ സംവിധാനത്തിൽ കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥനാണ് മരണമുണ്ടായ സാഹചര്യം കണ്ടെത്താനുള്ള ഉത്തരവാദിത്തം. ഇതിൽ പോലീസുദ്യോഗസ്ഥനെ സഹായിക്കുകയാണ് ഫോറൻസിക് സർജൻ ചെയ്യുക. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ തിരിച്ചറിയാൻ സഹായിക്കുന്ന കാര്യങ്ങൾ കണ്ടെത്തി രേഖപ്പെടുത്തുക എന്നതും ഓട്ടോപ്സിയുടെ ഒരു ലക്ഷ്യമാണ്.
അസ്ഥികളുടെയും, പല്ലുകളുടെയും മറ്റും മാറ്റങ്ങളിൽ നിന്ന് പ്രായം, ശരീരം ഛിന്നഭിന്നമായിട്ടുണ്ടെങ്കിൽ പോലും അസ്ഥികളിൽ നിന്ന് ആളുടെ ഉയരം,എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു ഫോറൻസിക് സർജന് സാധിക്കും. പണ്ട് ചെയ്തിട്ടുള്ള ശസ്ത്രക്രീയകളുടെ തെളിവുകൾ,പച്ചകുത്തിയതിന്റെയും മറ്റും വിവരണം, പുകവലി, മുറുക്ക് തുടങ്ങിയ ശീലങ്ങൾ എന്നിവയെല്ലാം ശരീരത്തിൽ തെളിവുകൾ അവശേഷിപ്പിക്കും. ശരീരത്തിലെ തഴമ്പുകളിൽ നിന്ന് ജോലി, മതവിശ്വാസം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും സൂചനകൾ ലഭിക്കും.പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ആന്തരാവയവങ്ങൾ, രക്തം, ആഹാരാവശിഷ്ടങ്ങൾ തുടങ്ങിയവയുടെ സാമ്പിളുകൾ വിശദമായ ഫോറൻസിക് പരിശോധനകൾക്കായി എടുക്കാറുണ്ട്. ഈ പരിശോധനാ റിപ്പോർട്ടുകളുടെയും, പോസ്റ്റ്മോർട്ടം നടത്തുന്ന അവസരത്തിൽ പതോളജിസ്റ്റ് നേരിൽ കണ്ടുമനസ്സിലാക്കുന്ന കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിനെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നുവിളിക്കുന്നത്. നിയമപരമായ പ്രക്രിയകൾ ഉൾപ്പെടുന്ന എല്ലാ കേസുകളിലും വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.മൃതശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ വിശദമായി പരിശോധിച്ച ശേഷം തലയോട്, നെഞ്ച്, ഉദരം എന്നിവ തുറന്നുള്ള പരിശോധനകൾ മിക്കവാറും എല്ലാ പോസ്റ്റ്മോർട്ടങ്ങളുടെയും ഭാഗമാണ്. പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയ മൃതദേഹം അതിനുശേഷം ഭംഗിയായി തുന്നിച്ചേർത്ത് പൊതുദർശനത്തിന് ഉതകുന്ന രീതിയിൽ മാറ്റിയെടുക്കുന്നതും പോസ്റ്റ്മോർട്ടം പ്രക്രിയയുടെ ഭാഗമാണ്.
ഒരു മൃതദേഹം പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ, മൃതദേഹം ലഭിച്ച സ്ഥലത്തുനിന്നുള്ള സാഹചര്യതെളിവുകൾ, മറ്റു ബന്ധപ്പെട്ട വസ്തുക്കൾ ഇവയൊക്കെ പോലീസ് വിഭാഗം ശേഖരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ഉതകാവുന്ന തെളിവുകൾ ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, അവ നഷ്ടമാകാത്ത രീതിയിൽ ശരീരം ഒരു പ്രത്യേക ബാഗിനുള്ളിൽ നിക്ഷേപിച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തുന്ന ക്ലിനിക്കിലേക്ക് കൊണ്ടുപോവുക. ഫോറൻസിക് മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ഫോറൻസിക് സർജനാണ് സാധാരണഗതിയിൽ ഫോറൻസിക് ഒട്ടോപ്സി നടത്തുന്നത്. കേരളത്തിലെ സർക്കാരുത്തരവനുസരിച്ച് എല്ലാ പോസ്റ്റുമോർട്ടങ്ങളും വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി നടത്തണം എന്ന് വ്യവസ്ഥയുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാത്രി സമയത്ത് കൃത്രിമവെളിച്ചത്തിന്റെ സഹായത്തോടെയും പോസ്റ്റ് മോർട്ടം അനുവദിച്ചിട്ടുണ്ട്.
സൂര്യപ്രകാശത്തിൽ ഓട്ടോപ്‌സി ചെയ്യണമെന്ന നിബന്ധന ഉണ്ട്. മഞ്ഞപ്പിത്തം, ഓക്സിജനേഷൻ കുറയുന്നതുമായി ബന്ധപ്പെട്ട ശരീരത്തിന്റെ നീലിമ (cyanosis), ക്ഷതങ്ങൾ എന്നിവ വ്യക്തമായും തനത് നിറത്തിൽ തന്നെ കാണാൻ സാധിക്കണം എന്നതുകൊണ്ടാണ് ഈ നിബന്ധന. ക്ഷതങ്ങളുടെ പോസ്റ്റ്മോർട്ടം ചെയ്യുന്നത് ആരായാലും, നിരീക്ഷണങ്ങൾ ഒരുപോലെ ആകണം എന്ന ശാസ്ത്രതത്വം മാനിച്ചാണ് സൂര്യവെളിച്ചത്തെ ആശ്രയിക്കുന്നത്. മാത്രവുമല്ല ചിലസ്ഥലങ്ങളിലെങ്കിലും മരണം നടന്ന സ്ഥലത്തിനടുത്തുവച്ച് തന്നെ ഓട്ടോപ്സിയും ചെയ്ത് തീർക്കാറുണ്ട്. ഓട്ടോപ്സിക്കുള്ള സ്ഥിരം സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ മറകെട്ടി അവിടെവച്ചുതന്നെ ചെയ്യാറുണ്ട്. സാഹചര്യ തെളിവുകളും, വസ്തുവഹകളും നശിപ്പിക്കപ്പെട്ടു പോകാതിരിക്കാൻ ഇത് സഹായകമാണ്. സൂര്യപ്രകാശത്തിന്റെ ആവശ്യകത മുന്നിൽകണ്ടുകൊണ്ട് ഓട്ടോപ്സി മുറികളുടെ മച്ചിൽ കണ്ണാടി വച്ച് സൂര്യവെളിച്ചത്തെ കടത്തിവിടാൻ സൗകര്യമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് ട്യൂബ് ലൈറ്റ് പോലെ സർവ്വസാധാരണമായ പ്രകാശസ്രോതസ്സുകൾ ഉപയോഗിച്ചും ഓട്ടോപ്‌സി ചെയ്യാറുണ്ട്.
പാശ്ചാത്യരാജ്യങ്ങളിൽ, പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുന്ന മുറികളുടെ ഭിത്തികളിൽ കാണാവുന്ന ഒരു ചുവരെഴുത്ത് ഇങ്ങനെയാണ് “This is the place where death rejoices to help those who live” അഥവാ, “മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന സ്ഥലം”. ഇതിൽ പറയുന്നത് പോലെ, തന്നിൽ അവശേഷിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ മൃതശരീരവും പോസ്റ്റ്മോർട്ടം ചെയ്യുന്ന പതോളജിസ്റ്റിനോട് നിശ്ശബ്ദമായി സംവദിക്കുന്നു.