കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനെ രക്ഷിക്കാന്‍


കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ വളരെയധികം സമയം ചിലവഴിക്കുന്നവര്‍ക്കുണ്ടാകുന്ന ഒരു കൂട്ടം നേത്ര അസ്വാസ്ഥ്യങ്ങളെയാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം’ (COMPUTER VISION SYNDROME) ‘ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.

ജോലിസംബന്ധമായും പഠനാവശ്യങ്ങള്‍ക്കും മറ്റ് വിനോദങ്ങള്‍ക്കുമായി ഒരുപാട് സമയം നമ്മള്‍ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കമ്പ്യൂട്ടര്‍ സ്‌ക്രീനുകളോടൊപ്പം ചിലവഴിക്കാറുണ്ട്. സാധാരണയായി ദിവസേന രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം കണ്ടുവരുന്നത്.

പ്രധാന ലക്ഷണങ്ങള്‍
1.തലവേദന
2.ഫോക്കസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ
3.കണ്ണിനുപുകച്ചില്‍
4.കണ്ണുകഴപ്പ്
5.വാക്കുകള്‍ രണ്ടായി കാണുക
6.കാഴ്ച്ച കുറവ്
ഇതോടൊപ്പം തന്നെ കഴുത്ത് വേദന, തോള്‍വേദന മുതലായവ.

എന്താണ് കാരണം ?

കടാലാസില്‍ എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കടലാസില്‍ എഴുതിയ അക്ഷരങ്ങളുടെ അരികുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നവയില്‍ നിന്നും വ്യക്തമായ അതിരുകളോടു കൂടിയതാണ്.അതിനാല്‍ കോണ്‍ട്രാസ്റ്റ് (cotnrast) ചെയ്ത് ഫോക്കസ് ചെയ്യാന്‍ ആയാസകമല്ലാത്തതും ആയിരിക്കും.

പക്ഷെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങള്‍ അതുപോലെ ആയിരിക്കില്ല. ചെറിയ പ്രകാശബിന്ദുക്കളുടെ കൂട്ടായ്മയാലാണ് കമ്പ്യൂട്ടര്‍ സ്‌ക്രീനിലും മറ്റും വാക്കുകള്‍ തെളിഞ്ഞ് വരുന്നത്. അതിന്റെ പ്രത്യേകത അക്ഷരങ്ങളുടെ നടുഭാഗം തെളിച്ചമേറിയതും പാര്‍ശ്വങ്ങളിലേക്ക് പോകുമ്പോള്‍ തെളിച്ചത്തിന്റെ കാഠിന്യം കുറയുന്നതുമാണ്.ഇതുമൂലം കണ്ണുകള്‍ക്ക് കൂടുതല്‍ സമയം ഫോക്കസ് ചെയ്യുക എന്നത് ആയാസകരമായ പ്രവര്‍ത്തനമാവും. സ്‌ക്രീനിലെ ഇത്തരത്തിലുള്ള മാറിമറയുന്ന അക്ഷരങ്ങളെ കൂടുതല്‍ സമയം ഫോക്കസ് ചെയ്യുന്നതുമൂലം കണ്ണിനുചുറ്റുമുള്ള പേശികള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കണ്ണിന് കഴപ്പും, തളര്‍ച്ചയും അനുഭവപ്പെടുകയും ചെയ്യും.

മറ്റൊരു കാരണം കണ്ണുകളുടെ ചിമ്മല്‍ കുറയുന്നതാണ്. സാധാരണഗതിയില്‍ ഒരു മിനിറ്റില്‍ 15 തവണ (ഓരോ നാല് സെക്കന്റിലും ഒരു തവണ) വരെ നാമറിയാതെ നമ്മുടെ കണ്ണുകള്‍ ചിമ്മാറുണ്ട്. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോഴും സ്‌ക്രീനിന്റെ സ്ഥാനം നമ്മുടെ മുഖത്തിനേക്കാള്‍ പൊക്കത്തിലാകുമ്പോഴും കണ്‍പോളകള്‍ കൂടുതല്‍ വിടര്‍ന്നിരിക്കുകയും തുടര്‍ന്ന് ചിമ്മല്‍ (Blinking) കുറയുകയും ചെയ്യും. ഇത് കണ്ണുനീരിന്റെ ഒഴുക്കിനെ ബാധിക്കുകയും തുടര്‍ന്ന് കണ്ണിന്റെ നനവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതുമൂലം കണ്ണിനു പുകച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യുന്നു.

എങ്ങനെ തടയാം??

1. കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക, അത് സുഗമമാക്കാന്‍ സ്‌ക്രീന്‍ കണ്ണിന്റെ പൊക്കത്തില്‍ നിന്നും അല്‍പം താഴ്ന്നിരിക്കുന്നത് ഉചിതമായിരിക്കും. ആവശ്യമെങ്കില്‍ ലുബ്രിക്കേറ്റിങ്ങ് (TEAR SUBSTITUTES) തുള്ളിമരുന്നുകള്‍ വാങ്ങി ഓരോ തുള്ളി നാലുനേരം വച്ചു ഒഴിക്കാവുന്നതാണ്. ഇത് ആര്‍ക്കും, ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കനാവുന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നുകളാണ്.
2. 20-20-20 നിയമം ഓര്‍ക്കുക. (20-20-20 RULE). അതായത് കമ്പ്യൂട്ടര്‍ സ്‌ക്രീനുമായ് ജോലിചെയ്യുന്ന ഓരോ ഇരുപത് മിനിറ്റ് ഇടവേളകളിലും ഇരുപത് സെക്കന്‍ഡ് നേരത്തേക്ക് ഇരുപതടി ദൂരത്തേക്ക് നോക്കികൊണ്ട് ചെറിയ ‘വിശ്രമം’പാലിക്കാന്‍ ശ്രമിക്കാം.
3. മുറിയില്‍ ശരിയായ വെളിച്ചം ഉണ്ടായിരിക്കുക.
4. മുറിയിലെ മറ്റ് ലൈറ്റുകളില്‍ നിന്നോ ജനാലകളില്‍ നിന്നോ സ്‌ക്രീനിലേക്ക് വെട്ടം പ്രതിഫലിക്കുന്ന സാഹചര്യം കഴിവതും ഒഴിവാക്കുക.
5. കഴിയുമെങ്കില്‍ ഒരു ‘GLARE’ സ്‌ക്രീന്‍ ഉപയോഗിക്കുക.
6. കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ സ്ഥാനം നമ്മുടെ കണ്ണുകളില്‍ നിന്നും ഏകദേശം ഇരുപത് ഇഞ്ചെങ്കിലും അകലെയും നാലു മുതല്‍ ആറു ഇഞ്ചു വരെ താഴെത്തായും ക്രമീകരിക്കണം.
7. ചിത്രത്തില്‍ കാണും വിധമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
8. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ പൊടിയോ മറ്റ് അഴുക്കുകളോ ഇല്ലാത്തവിധം തുടച്ചു വൃത്തിയാക്കി ഉപയോഗിക്കുക.
9. മേല്‍പറഞ്ഞ ചിട്ടവട്ടങ്ങള്‍ പാലിച്ചിട്ടും ‘ലക്ഷണങ്ങള്‍’ മാറിയില്ലെങ്കില്‍ ഒരു നേത്രേരോഗ വിദഗ്ധനെ കണ്ട് കൂടുതല്‍ പരിശോധനകള്‍ നടത്തണം.