ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍


ആറാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്താന്‍ പോയ മുസ്തഫയോട് കണക്ക് മാഷ് മാത്യു ചോദിച്ചു. നിനക്ക് ആരാവണം? കൂലിപ്പണിക്കാരനോ അതോ അധ്യാപകനോ? ഒന്നാലോചിച്ചശേഷം മുസ്തഫ പറഞ്ഞു: എനിക്ക് മാഷായാല്‍ മതി സാര്‍. കൂട്ടികളുടെ പരിഹാസം സഹിച്ച് മുസ്തഫ വീണ്ടും ആറാം ക്ലാസില്‍ തിരിച്ചെത്തി. കളിയാക്കല്‍ കേട്ടില്ലെന്ന് നടിച്ച് പിന്നെയും പഠിച്ചു. പഠിച്ച് പഠിച്ച് ബി.ടെക്കും എം.ബി.എ.യുമെടുത്തു. അച്ഛനെപ്പോലെ കൂലിപ്പണിക്കാരനാവാന്‍ പോയ മുസ്തഫ പക്ഷേ, മാഷായില്ല. പകരം ദോശമാവും പൊറോട്ട മാവും വില്‍ക്കുന്നയാളായി. മുസ്തഫയുടെ കമ്പനിയുടെ വിറ്റുവരവ് ഇന്ന് 100 കോടി രൂപയാണ്. കമ്പനിയില്‍ ജോലി ചെയ്യുന്നതാവട്ടെ 1,100 പേരും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മുസ്തഫയുടെ ഐ ഡി ഫ്രഷ് ഫുഡ് ലക്ഷ്യമിടുന്നത് ആയിരം കോടിയുടെ ബിസിനസാണ്.
ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍ കൊയ്യുന്ന മുസ്തഫയുടെ ബാല്യം പക്ഷേ, അത്ര സമ്പന്നമായിരുന്നില്ല. വയനാട് കല്‍പ്പറ്റയ്ക്കടുത്ത് ചെന്നലോട് ഉണ്ടായിരുന്നത് ഒരു പ്രൈമറി സ്‌കൂള്‍ മാത്രം. ഏറ്റവും അടുത്തുള്ള ഹൈസ്‌കൂളിലേയ്ക്ക് നാലു കിലോമീറ്റര്‍ നടക്കണം. അതുകൊണ്ടുതന്നെ പ്രൈമറി സ്‌കൂളില്‍ തന്നെ പഠിത്തം നിര്‍ത്തി കൂലിപ്പണിക്ക് പോകുന്നതായിരുന്നു കുട്ടികളുടെ ശീലം. ആറാം ക്ലാസില്‍ തോറ്റപ്പോള്‍ മുസ്തഫയോടും ഉപ്പ പറഞ്ഞത് തന്റെയൊപ്പം കൂലിപ്പണിക്ക് കൂടാനായിരുന്നു. അതില്‍ വലിയ അപരാധം തോന്നിയില്ല സ്‌കൂളില്‍ പോകാത്ത ഉമ്മയ്ക്കും. ഒരിക്കലും വഴങ്ങാത്ത ഇംഗ്ലീഷിനോടും ഹിന്ദിയോടും ഇനിയും തോല്‍ക്കാനാവില്ലെന്ന് ചിന്തിച്ചാണ് മുസ്തഫയും സ്‌കൂളിനോട് വിട പറയുന്നതിനെ കുറിച്ച് ആലോചിച്ചത്. പക്ഷേ, കണക്കില്‍ മിടുക്കനായ മുസ്തഫ പഠിത്തം നിര്‍ത്തുന്നതിനോട് തോമസ് സാറിന് ഒട്ടും യോജിപ്പുണ്ടായില്ല. മാഷിന്റെ വാക്ക് കേട്ട് മുസ്തഫ മടിച്ചു മടിച്ചാണ് പഴയ ക്ലാസില്‍ പിന്നെയും വന്നിരുന്നത്.
കൂലിപ്പണിയെടുത്ത് കുടുബം പുലര്‍ത്താതെ മകന്‍ പിന്നെയും പഠിക്കാന്‍ പോവുന്നതിനോട് ഉപ്പയ്ക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. തോമസ് സാറിന് നന്നായി പണിപ്പെടേണ്ടിവന്നു. മനസ്സില്ലാ മനസ്സോടെ ക്ലാസിലെത്തിയ മുസ്തഫയെ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കടമ്പ കടത്തിക്കൊടുത്തതും തോമസ് സാര്‍ തന്നെ. മാഷിന്റെ പ്രയത്‌നം വിഫലമായില്ല. ഏഴാം ക്ലാസില്‍ ഒന്നാം റാങ്കുകാരനായിരുന്നു മുസ്തഫ. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഒന്നാമനായി.
മുസ്തഫ അങ്ങനെ ആദ്യമായി ചുരമിറങ്ങാന്‍ തീരുമാനിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്രവേശനം ലഭിച്ചു. പഠിത്തത്തിനും താമസത്തിനുമുള്ള പണം കണ്ടെത്തലായിരുന്നു തടസ്സം. എന്നാല്‍, ഉപ്പയുടെ സുഹൃത്ത് ആ പ്രശ്‌നം പരിഹരിച്ചു. കോളേജിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍, പതിനഞ്ച് കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണത്തിനായി ഓരോ ഹോസ്റ്റലിലും പോകുന്നത് വേദന നിറഞ്ഞ അനുഭവമായിരുന്നു മുസ്തഫയ്ക്ക്. മറ്റ് കുട്ടികളുടെ അര്‍ഥം വച്ചുള്ള നോട്ടവും കമന്റുകളുമൊന്നും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നിട്ടും എല്ലാം സഹിച്ച് മുസ്തഫ പഠിത്തത്തില്‍ മുഴുകി. അപ്പോഴും ഇംഗ്ലീഷായിരുന്നു വില്ലന്‍. ക്ലാസുകളൊക്കെ ഇംഗ്ലീഷില്‍. മുസ്തഫയ്ക്കാണെങ്കില്‍ ഒരക്ഷരം പിടികിട്ടുന്നുമില്ല. ഒരു കൂട്ടുകാരനാണ് അതൊക്കെ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത്. മുസ്തഫയുടെ ഉള്ളില്‍ വാശിയുടെ കനലെരിയുകയായിരുന്നു അപ്പോഴെല്ലാം. മൊഴിമാറ്റി കേട്ട് പഠിച്ചിട്ടും മുസ്തഫ നല്ല മാര്‍ക്കോടെ തന്നെ പ്രീഡിഗ്രി ജയിച്ചു.
അക്കൊല്ലം തന്നെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് എഴുതി. അറുപത്തിമൂന്നാം റാങ്കുകാരന് അന്നത്തെ റീജ്യണല്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനവും ലഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. കണക്കിലെ മിടുക്കും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ദൈവാധീനവുമാണ് അന്ന് തനിക്ക് തുണയായതെന്ന് മുസ്തഫ പറയുന്നു. വിദ്യാഭ്യാസ വായ്പയെടുത്താണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് വളരെ കരുതിയായിരുന്നു ഒരോ പൈസയും ചിലവിട്ടത്.
1995ല്‍ കോഴിക്കോട് ആര്‍.ഇ.സിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരു എഞ്ചിനീയറാവുക മാത്രമായിരുന്നു സ്വപനം. അങ്ങിനെയാണ് ബെംഗളരൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മാന്‍ഹാട്ടന്‍ അസോസിയേറ്റ്‌സില്‍ ചേര്‍ന്നത്. അവിടെ നിന്ന് മോട്ടൊറോളയില്‍. കമ്പനി മുസ്തഫയെ പരിശീലനത്തിനായി അയര്‍ലന്‍ഡിലേയ്ക്ക് അയച്ചു. ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര.
പിന്നീട് വലിയ ശമ്പളത്തിന് ദുബായിലെ സിറ്റി ബാങ്കിലെത്തി. വിദ്യാഭ്യാസ വായ്പ അടച്ചുതീര്‍ത്ത് മിച്ചം വന്ന ഒരു ലക്ഷം രൂപ വയനാട്ടില്‍ ഉപ്പയ്ക്ക് അയച്ചു കൊടുത്തു. പൊട്ടിക്കരഞ്ഞാണ് ഉപ്പ ഈ വലിയ തുക സ്വീകരിച്ചത്. പിന്നീട് വീട് മാറ്റി നിര്‍മിച്ചു. സഹോദരിയുടെ കല്ല്യാണവും നടത്തി.
സ്വന്തം കല്ല്യാണം കഴിഞ്ഞ് 2003ല്‍ മുസ്തഫ വീണ്ടും ഇന്ത്യയിലേയ്ക്ക് മടങ്ങി. വീട്ടുകാര്‍ക്കൊപ്പം ജീവിക്കുകയും പഠനം തുടരുകയുമായിരുന്നു ലക്ഷ്യം. ജനിച്ച നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം മുസ്തഫയുടെ മനസ്സില്‍ ഉദിച്ചത് ഇക്കാലത്താണ്. പഠിത്തം പാതിവഴിയില്‍ നിര്‍ത്തിയും കൂലിവേല ചെയ്തും നാട്ടില്‍ ജീവിതം നശിപ്പിക്കുന്ന ചെറുപ്പക്കാര്‍ രക്ഷപ്പെടണമെങ്കില്‍ അവര്‍ക്കൊരു ജോലി വേണം. അങ്ങിനെയാണ് ഒരു വ്യവസായ സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഉണ്ടായത്. ജോലി ഉപേക്ഷിക്കുന്നതിനെ ഉപ്പയും ഭാര്യവീട്ടുകാരും നഖശിഖാന്തം എതിര്‍ത്തു. ഒപ്പം നിന്നത് ഭാര്യയും ബന്ധുവായ നസീറും മാത്രം. അവര്‍ നല്‍കിയ ധൈര്യത്തില്‍ എം.ബി.എ പഠിക്കാന്‍ ബെംഗളൂരു ഐ.ഐ.എമ്മില്‍ ചേര്‍ന്നു.
മുസ്തഫയുടെ ബന്ധുവായ ഷംസുദ്ദീനാണ് ദോശ മാവ് വില്‍ക്കുന്നതിന്റെ ആശയം പറഞ്ഞത്. ദോശമാവ് കവറിലാക്കി റബ്ബര്‍ ബാന്‍ഡ് കുടുക്കി വില്‍ക്കുന്നതിന് പകരം നല്ല കവറിലാക്കി വിറ്റാല്‍ എന്താണ് എന്നതായി ചിന്ത. മുസ്തഫ നല്‍കിയ 25000 രൂപയുടെ മൂലധനത്തിലായിരുന്നു കമ്പനിയുടെ തുടക്കം. ബന്ധുക്കളാായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പം കൂടി. അമ്പത് ശതമാനം ഓഹരി മുസ്തഫയ്ക്കും ബാക്കി അമ്പത് ശതമാനം മറ്റുള്ളവര്‍ക്കും. ബെംഗളൂരുവില്‍ 550 ച. അടി മാത്രമുള്ള ഒരു സ്ഥലത്തായിരുന്നു കമ്പനിയുടെ തുടക്കം. ആകെയുള്ളത് രണ്ട് ഗ്രൈന്‍ഡറും ഒരു മിക്‌സിയും ഒരു സീലിങ് മെഷിനും. കമ്പനിക്ക് ഐ ഡി ഫ്രഷ് എന്ന് പേരിട്ടു. സമീപത്തെ ഇരുപത് കടകളില്‍ മാവ് വില്‍ക്കാനായിരുന്നു പദ്ധതി. ദിവസവും നൂറ് പായ്ക്ക് വില്‍ക്കാനായാല്‍ കൂടുതല്‍ മെഷിനുകള്‍ വാങ്ങാനായിരുന്നു ധാരണ. എന്നാല്‍, പുതിയ ഉത്പ്പന്നം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ പല കടക്കാരും സമ്മതിച്ചില്ല. പല വിദ്യകളും പയറ്റിയാണ് ഇവരുടെ മനസ്സൊന്ന് മാറ്റിയെടുക്കാനായത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദിവസവും നൂറ് പായ്‌ക്കെന്ന ടാര്‍ജറ്റ് അവര്‍ കൈവരിച്ചു. ആദ്യത്തെ മാസം 400 രൂപയായിരുന്നു ലാഭം. ടാര്‍ജറ്റ് കൈവരിച്ചതോടെ സ്ഥാപനം വിപുലീകരിച്ചു. മൂലധനം ആറു ലക്ഷമാക്കി. അടുക്കളയുടെ വലിപ്പവും ഉപകരണങ്ങളുടെ എണ്ണവും കൂട്ടി. അഞ്ച് ബന്ധുക്കള്‍ക്ക് കൂടി ജോലിയും കൊടുത്തു.
2007ല്‍ എം.ബി.എ. പൂര്‍ത്തിയാക്കി മുസ്തഫ ഔദ്യോഗികമായി തന്നെ കമ്പനിയില്‍ ചേര്‍ന്നു. മാര്‍ക്കറ്റിങ്ങിന്റെയും ഫിനാന്‍സിന്റെയും ചുമതലയുള്ള സി.ഇ.ഒ. കമ്പനി പിന്നെ പടിപടിയായി വളര്‍ന്നു. നിത്യേനയുള്ള ഉത്പ്പാദനം 3,500 കിലോയായി. മാവ് വാങ്ങുന്ന കടകളുടെ എണ്ണം 400 ആയി. 30 ജീവനക്കാരുമായി. അടുത്ത വര്‍ഷം 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് കമ്പനി വീണ്ടും വിപുലീകരിച്ചു. ഹോസ്‌ക്കോട്ടെയില്‍ 2500 ച. അടി വിസ്തീര്‍ണമുള്ള ഷെഡിലായി മാവ് നിര്‍മാണം. അമേരിക്കയില്‍ നിന്ന് അഞ്ച് കൂറ്റന്‍ വെറ്റ് ഗ്രൈന്‍ഡറുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. അതേ വര്‍ഷം തന്നെ പൊറോട്ടയും ഉണ്ടാക്കിത്തുടങ്ങി.
കൃത്രിമമായ പ്രിസര്‍വേറ്റീവുകളൊന്നും ചേര്‍ക്കാത്ത മാവിനും പൊറോട്ടയ്ക്കും ആവശ്യക്കാര്‍ അനുദിനം വര്‍ധിച്ചു. കമ്പനിയുടെ പ്രരവര്‍ത്തനം ചെന്നൈ, മംഗളൂരു, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. രണ്ട് വര്‍ഷം മുന്‍പ് ഐ ഡി ഫ്രഷും മുസ്തഫയും ദുബായിലുമെത്തി. ഇന്ന് ദോശ മാവിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ദുബായില്‍ നിന്നാണ്. ഇന്ന് ദിവസേന 50,000 കിലോ മാവാണ് കമ്പനി ഉണ്ടാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന പ്രധാനപ്പെട്ട എല്ലാ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ഇന്ന് ഐ ഡി ഫ്രഷിന്റെ ദോശമാവും ഇഡ്ഡലി മാവും ലഭിക്കും. പത്ത് വര്‍ഷം മുന്‍പ് ദിവസവും പത്ത് പായ്ക്കറ്റ് ഉണ്ടാക്കി വിറ്റവര്‍ ഇന്ന് വില്‍ക്കുന്നത് പ്രതിദിനം അമ്പതിനായിരം പായ്ക്ക്. 1,100 ജോലിക്കാരുമായി. പിന്നാക്ക പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ ഇന്ന് ഒരു മാസം വാങ്ങുന്നത് നാല്‍പ്പതിനായിരത്തോളം രൂപ.
ഒരു മുത്തശ്ശിക്കഥയേക്കാള്‍ കാമ്പുള്ള ഈ വിജയകഥയുടെ രഹസ്യം മുസ്തഫ തന്നെ പറയും. എന്തെങ്കിലും തുടങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ നാളെയ്ക്കുവേണ്ടി കാത്തിരിക്കരുത്. വ്യവസായം തുടങ്ങാനുള്ള ആലോചനയുമായി നഷ്ടപ്പെടുത്തിയ കാലത്തില്‍ എനിക്ക് ഇന്ന് നഷ്ടബോധമുണ്ട്. അഞ്ച് വര്‍ഷം മുന്‍പെങ്കിലും ഈ കമ്പനി തുടങ്ങേണ്ടതായിരുന്നു. ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ശരിയായ ഉത്പ്പന്നവുമായി വന്നു എന്നതാണ് ഞങ്ങളുടെ വിജയം. സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച ഈ പാഠമാണ് മുസ്തഫ ഇന്ന് മറ്റ് യുവാക്കള്‍ക്ക് കൈമാറുന്നത്.