ഐഫോണ്‍ 7 സെപ്തംബറിലെത്തും


ആപ്പിള്‍ ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പായ ഐഫോണ്‍ 7 സെപ്തംബര്‍ ആദ്യ പകുതിയില്‍ തന്നെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഭാഗ്യമാസമാണ് സെപ്തംബര്‍. പുതിയ ഐഫോണ്‍ അവതരിപ്പിക്കാന്‍ സെപ്തംബര്‍ മാസം തന്നെ ആപ്പിള്‍ തിരഞ്ഞെടുക്കാറുമുണ്ട്.

ഐഫോണ്‍ 7 ന്റെ കാര്യത്തിലും ഈ പതിവിന് വ്യത്യസമില്ല. കിടിലന്‍ ഫീച്ചറുകളുമായി എത്തുന്ന ഐഫോണ്‍ 7 സെപ്തംബറില്‍ ഏതു ദിവസം അവതരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെങ്കിലും 12 ന് മുമ്പായി ഇത് സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണ്‍ 6 എസും 6 എസ് പ്ലസും സെപ്തംബര്‍ 9 നാണ് അവതരിപ്പിച്ചത്. ഇതേ ദിവസം തന്നെ ഐഫോണ്‍ 7 ഉം എത്തുമെന്നാണ് പ്രതീക്ഷ. ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 7 പ്രോ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് മിക്കവാറും പുതിയ പതിപ്പ് എത്തുക.

32 ജിബി സ്റ്റോറേജ് മുതല്‍ 256 ജിബി സ്റ്റോറേജ് വരെ എത്തും ഐഫോണ്‍ 7 ന്റെ മെമ്മറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോറേജ് കുറവാണെന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ പരിഭവത്തിന് പരിഹാരവുമായാണ് പുതിയ പതിപ്പിന്റെ വരവ്.

ഡ്യുവല്‍ കാമറയെന്ന സവിശേഷതയായിരിക്കും മറ്റൊരു പ്രധാന പ്രത്യേകത. 3 ജിബി റാമിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ആപ്പിളിന്റെ പുതിയ എ10 പ്രൊസസര്‍ വേഗമേറിയ പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തും. ഉയര്‍ന്ന ശേഷിയുള്ള ബാറ്ററിയും ഐഫോണ്‍ 7 ലുണ്ടാകും. ഐഫോണ്‍ 6 എസിനേക്കാള്‍ കൂടുതല്‍ മെലിഞ്ഞായിരിക്കും ഐഫോണ്‍ 7 എത്തുക.