ഐ ഫോണ്‍ 7 അവലോകനം


ഐഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി ഏറ്റവും പുതിയ മോഡലായ 7 പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ ആപ്പിള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഇഒ ടിം കുക്കാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്.

ഐ ഫോണ്‍ 7 ഉം 7 പ്ലസുമാണ് പുറത്തിറക്കിയത്. ഇതുവരെയുള്ള ഐ ഫോണുകളില്‍ ഏറ്റവും മനോഹരമായതെന്നാണ് ടിം കുക്ക് വിശേഷിപ്പിച്ചത്.

കറുപ്പ്, (മാറ്റ് ബ്ലാക്, ജെറ്റ് ബ്ലക്ക)് ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

ഐ ഫോണ്‍ 7 പ്ലസിന് 12 മെഗാപിക്‌സലുകളുള്ള പിന്‍ ക്യാമറയാണ് മുഖ്യ സവിശേഷത. രണ്ട് ലെന്‍സുകളുള്ള ഈ ക്യാമറയില്‍ 56 എംഎം ടെലി ഫോട്ടോ ലെന്‍സാണ് ഉള്ളത്. ഇതിനൊപ്പം വലിയ ക്യാന്‍വാസ് ചിത്രങ്ങള്‍ പകര്‍ത്താന്‍ വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ട്.

സുന്ദരമായ ചിത്രങ്ങള്‍ക്കായി എല്‍ഇഡി ഫ്‌ളാഷും ക്വാഡ് ടോണ്‍ എന്നീ സവിശേഷതകളുമുണ്ടാകും.

മികവാര്‍ന്ന സെല്‍ഫികളെ ഉദ്ദേശിച്ച് ഏഴു മെഗാ പിക്‌സല്‍ ഹൈ ഡെഫനിഷന്‍ മുന്‍ ക്യാമറുയുമുണ്ട്. ഇമേജ് സിഗ്നല്‍ എന്ന സംവിധാനം ആപ്പിള്‍ സ്വന്തമായി വികസിപ്പിച്ച് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആപ്പിള്‍ ഫോണുകളെ കുറിച്ചുള്ള പ്രധാന പരാതി ഇവ വെള്ളത്തില്‍ വീണാല്‍ പിന്നെ ഉപയോഗ ശൂന്യമാകുന്നുവെന്നതാണ്. ഇതിന് പരിഹാരമായാണ് വാട്ടര്‍ പ്രൂഫ് ഡസ്റ്റ് പ്രൂഫ് മോഡല്‍ ഇക്കുറി അവതരിപ്പിക്കുന്നത്.

64 ബിറ്റ് എ 10 പ്രൊസസറാണ് ഇതിനുള്ളത്. മികച്ച ഓഡിയോ ലഭ്യമാക്കാന്‍ മുകളിലും താഴെയും രണ്ട് സ്പീക്കറുകളുമുണ്ട്. പുതിയ ലൈറ്റിനിംഗ് 3.5 എംഎം ഓഡിയോ അഡാപ്റ്ററാണ് ഇതിനുള്ളത്. എയര്‍ പോഡും ഉപയോഗിക്കാം, ഫോണിനു പുറമേ ഇത് വാങ്ങേണ്ടിവരും.,

32 ജിബി, 128 ജിബി. 256 ജിബി സ്റ്റോറേജുകളാണ് ലഭ്യമാകുക. ബേസിക് മോഡലിന് അമേരിക്കയിലെ വില 646 ഡോളറാണ്. അമേരിക്കയൊടൊപ്പം ചൈന, ഏതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലാകും ഇത് ആദ്യമെത്തുക. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമെത്താന്‍ വൈകും.