LG V20 ആദ്യ ആന്‍ഡ്രോയിഡ് ന്യൂഗട്ട് ഫോണ്‍ സെപ്തംബറില്‍


ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡായ നെക്‌സസ് ഫോണുകളിലല്ല ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ആദ്യം പുറത്തിറങ്ങുന്നത്. വി20 ( LG V20 ) എന്ന എല്‍ജിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലിലായിരിക്കും ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ് ആദ്യമെത്തുക. അതോടെ ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യസ്മാര്‍ട്‌ഫോണ്‍ എന്ന ബഹുമതി വി20 യ്ക്ക് സ്വന്തമാകും. സെപ്തംബര്‍ ആറിന് വി20 വിപണിയിലെത്തിക്കാനാണ് എല്‍ജിയുടെ പദ്ധതി.

കഴിഞ്ഞ വര്‍ഷം കമ്പനി പുറത്തിറക്കിയ വി10 എന്ന ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വി 20. ഗെയിമിങ് മികവിനായി മെച്ചപ്പെട്ട ഗ്രാഫിക്‌സും ഉയര്‍ന്ന ബാറ്ററി ലൈഫുമാണ് ഫോണിന്റെ പ്രധാന ആകര്‍ഷണമായി എല്‍ജി ഉയര്‍ത്തിക്കാട്ടുന്നത്. ഇറങ്ങാനിരിക്കുന്ന വി20 ഫോണിന്റെ സവിശേഷതകളെക്കുറിച്ച് പല ടെക് സൈറ്റുകളും സ്വന്തമായ നിഗമനങ്ങള്‍ പുറത്തുവിടുന്നുണ്ട്.

5.7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, നാല് ജിബി റാം, 20 എംപി പിന്‍ക്യാമറ, 8 എംപി മുന്‍കാമറ, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വി20യിലുണ്ടാകുക എന്ന് ജിഎസ്എം അറീന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയൊഴിച്ച് ഫോണിന്റെ മറ്റ് വിശദാംശങ്ങളോ ഹാര്‍ഡ്വേര്‍ സ്‌പെസിഫിക്കേഷനോ വെളിപ്പെടുത്താന്‍ എല്‍ജി തയ്യാറായിട്ടില്ല. എല്‍ജി വി10 ന് 34,999 രൂപയായിരുന്നു ഇന്ത്യയിലെവില. പുതിയ ഫോണിന് വില അതിനേക്കാള്‍ കൂടാനാണ് സാധ്യത.