ലോജിസ്റ്റിക് മാനേജ്മെൻറ്റ്


ഓൺലൈൻ ഷോപ്പിങ്ങ് കമ്പനികളുടെ അഭൂത പൂർവ്വമായ വളർച്ചയും വല്ലാർപ്പാടവും, വിഴിഞ്ഞം പോലുള്ള വൻകിട പദ്ധതികളും തുറന്നിട്ട വളരെ വ്യത്യസ്തമായ ഒരു മാനേജ്മെൻറ്റ് പഠന ശാഖയാണു ലോജിസ്റ്റ്ക് മാനേജ്മെൻറ്റ്.  ഒരു കമ്പനിയുടെ വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും അത് സംബന്ധിച്ച വിവരങ്ങളും ഉൽപ്പാദന ഉറവിടത്തിൽ നിന്ന് വിപണിയിലെത്തിക്കാനായി ചെയ്യുന്ന മാനേജ്മെൻറ്റ് ധർമ്മത്തേയും നിയന്ത്രണത്തേയുമാണു ലോജിസ്റ്റ്ക് മാനേജ്മെൻറ്റ് എന്ന് പറയുന്നത്.  കമ്പനിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ വിദേശ രാജ്യങ്ങളിൽ നിന്നടക്കം കേടുപാടുകൾ കൂടാതെ അപായ സാധ്യതകൾ കുറച്ച് കമ്പനിയിലെത്തിക്കുന്നതും, ഇതേ കാര്യക്ഷമതയോടെ കമ്പനി ഉൽപ്പന്നങ്ങൾ ലോകത്തിൻറ്റെ ഏത് കോണിലുമുള്ള വിതരണക്കാരിലും കസ്റ്റമേഴ്സിലെത്തിക്കുന്നതും ലോജിസ്റ്റിക്കിൻറ്റെ പരിധിയിൽ വരുന്നു.  

വല്ലാർപാടം പോലുള്ള വൻകിട കണ്ടെയ്നർ ടെർമിനലുകൾ, ഷിപ്പിങ്ങ് കമ്പനികൾ, ഇ കൊമേഴ്സ് പോർട്ടലുകൾ തുടങ്ങി അസംസ്കൃത വസ്തുക്കൾ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന സാധാരണ കമ്പനികൾ വരെ ലോജിസ്റ്റിക്കിനെ ആശ്രയിക്കുന്നു.  ആയതിനാൽ തന്നെ വളർന്ന് വരുന്ന ഒരു തൊഴിൽ മേഖലയാണിത്.  ലോക വ്യാപാരത്തിൻറ്റെ 90 ശതമാനവും കപ്പലുകളിലൂടെയാണെന്നതും ഈ രംഗത്തെ പ്രൊഫഷണലുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു