പണം ഉപയോഗിക്കാതെ Niyog ന്റെ സഞ്ചാരം


പ്രിയപ്പെട്ട സുഹൃത്തുക്കളെ,  Niyog

കഴിഞ്ഞ രണ്ടുമാസമായി പണം ഉപയോഗിക്കാതെ നടത്തിവരുന്ന യാത്രയെക്കുറിച്ചു ഞാൻ എഴുതിയിരുന്നു. ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട്‌… അഭിനന്ദനങ്ങൾ… സംശയങ്ങൾ… സഹായ വാഗ്ദാനങ്ങൾ… വളരെയധികം സന്തോഷം തോന്നുന്നു. ഒറ്റക്കുള്ള യാത്രയിൽ ഒരുപാടുപേർ കൂടെയുണ്ടെന്നൊരു തോന്നൽ. ഇനി യാത്രചെയ്യാൻ പോകുന്ന പല സംസ്ഥാനങ്ങളിലും ഹോസ്റ്റ് ചെയ്യാൻ കുറേ ആളുകൾ മുന്നോട്ടുവരുകയും ചെയ്തു. “സഞ്ചാരികൾക്കു” ആത്മാർഥമായി നന്നി അറിയിക്കുന്നു. കൂടുതൽ അനുഭവങ്ങൾ പങ്കുവയ്ക്കണമെന്നും ഒരുപാടുപേർ ആവശ്യപ്പെട്ടിരുന്നു. ഞാൻ യാത്രക്കിടയിൽ കണ്ടുമുട്ടിയ ചിലരെപ്പോലെ തന്നെ ഇൻബോക്സിൽ വന്ന പലർക്കും പറയാനുണ്ടായിരുന്നത് യാത്രചെയ്യാനുള്ള മോഹത്തെക്കുറിച്ചും ജീവിതത്തിനും സ്വപ്നങ്ങൾക്കുമിടയിലെ തടസ്സങ്ങളെക്കുറിച്ചുമായിരുന്നു… “ഇങ്ങനെയൊരു യാത്ര ഞാനും സ്വപ്നംകണ്ടിരുന്നു… പക്ഷെ…”. യാത്രചെയ്യാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോട് പങ്കുവയ്ക്കണമെന്ന് തോന്നിയ കുറച്ചു അനുഭവങ്ങളാണ് എഴുതാൻ പോകുന്നത്. പുസ്തകങ്ങളിലൂടെയും സിനിമയിലൂടെയും തുടങ്ങിയ യാത്രകൾ ഇവിടെവരെയെത്തിയ കഥകൂടിയാണിത്. ഈ എഴുത്തു ചെറിയ രീതിയിലെങ്കിലും നിങ്ങളുടെ ജീവിതത്തേ സ്പർശിക്കും എന്ന വിശ്വാസത്തോടെയാണ് എഴുതുന്നത്. കുറച്ചു ആത്മീയതയും, ഫിലോസഫിയും, പേഴ്‌സണൽ എക്സ്പീരിയൻസുകളുമൊക്കെയുണ്ട്… ബോറടിപ്പിച്ചാൽ ക്ഷമിക്കുക.

ഓർമയുള്ള പ്രായം മുതൽ സിനിമയായിരുന്നു സ്വപ്നം. +2 പഠനം കഴിഞ്ഞ സമയത്തു അച്ഛന്റെ മരണത്തെത്തുടർന്ന് ഒരു പ്രൊഫഷണൽ കോഴ്സ് തിരഞ്ഞെടുക്കാൻ നിർബന്ധിതനാകുകയും നിയമം പഠിക്കാൻ പൂനയിലേക്കു പോകുകയും ചെയ്യുന്നത് 2010ലാണ് (പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ട് അടുത്തുള്ളതായിരുന്നു ഈ തീരുമാനത്തിന് കാരണം). പൂനെയിലുള്ള 5 വർഷങ്ങളിൽ സിനിമയല്ലാതെ മനസിലുണ്ടായിരുന്നത് യാത്രകൾമാത്രമാണ്. മോട്ടോർസൈക്കിൾ ഡയറീസ്, Into the wild, On the road… ഒരുപാട് വായിക്കുകയും സിനിമകൾ കാണുകയും ചെയ്ത 5 വർഷങ്ങൾ. സ്വാതന്ത്ര്യവും, പ്രണയവും, സംഗീതവും, സമാധാനവും, ആത്മാന്വേഷണവുമെല്ലാം ആഘോഷിച്ച ഹിപ്പികളുടെ യാത്രകൾ എന്നേ ഒരുപാട് സ്വാധീനിച്ചിരുന്നു. “ലോ ഓഫ് അട്ട്രാക്ഷനെ” കുറിച്ചും (നമ്മുടെ ചിന്തകളിൽ എന്താണോ അത് നമ്മളിലേക്ക് ആകർഷിക്കപെടുന്നു) പലതവണ വായിക്കാനിടയായി. സംശയങ്ങളും ഭയവുമാണ് ചിന്തകൾക്കും റിയാലിറ്റിക്കുമിടയിൽ തടസമായി നിൽക്കുന്നതെന്നും, പൂർണമായ വിശ്വാസം എന്തും സാധ്യമാക്കിത്തെരുമെന്നുമാണ്. സിനിമ, യാത്രകൾ, സ്വപ്നങ്ങൾ… എല്ലാം സാധ്യമാകുമെന്ന വിശ്വാസം ഞാൻ കാത്തുസൂക്ഷിച്ചു. ഒരു ആശയം പ്രപഞ്ചം നമ്മളിലേക്കെത്തിക്കുന്നതു അത് പൂർണമായും ഉൾക്കൊള്ളാനുള്ള തയാറെടുപ്പുകൾ തന്ന ശേഷം മാത്രമാണെന്ന് എവിടെയോ വായിച്ച ഓർമയുണ്ട്.

ചിന്തകളിൽ എന്നുമുണ്ടായിരുന്ന ക്ലാസ്സിക് മോട്ടോർസൈക്കിളുകളിലൊന്നായ ജാവ സ്വന്തമാക്കുന്നത് അവിചാരിതമായാണ്. ഞാൻ ചെറിയ യാത്രകൾ ചെയ്യാൻ തുടങ്ങുകയായിരുന്നു. യമഹ RD 350, യെസ്‌ഡി, സുസുക്കി ഷോഗൺ, ഷാവോലിൻ… പ്രിയപ്പെട്ട പല മോട്ടോർസൈക്കിളുകളും എന്നേ തേടിയെത്തുകയായിരുന്നു എന്ന് തോന്നിയിരുന്നു. ഈ പ്രണയമാണ് ഇന്നുള്ള പല സൗഹൃദങ്ങൾക്കും കാരണമായതും. ഹിമാലയത്തിലേക്കു ഒറ്റക്കുള്ള റൈഡ് എന്ന ഏതൊരു റൈഡറുടെയും ബേസിക് സ്വപ്നവും അവിടെയാണ് തുടങ്ങുന്നത്. 2015ൽ പഠനം കഴിഞ്ഞു സർട്ടിഫിക്കറ്റ് പോലും വാങ്ങാൻ നില്കാതെ സിനിമയ്ക് പിന്നാലെ പോകാമെന്നും തീരുമാനമെടുത്തു. വൈകാതെ ഏരീസ് ഗ്രൂപ്പ് ഉടമയും സംവിധായകനുമായ ശ്രീ സോഹൻ റോയിയെ കണ്ടുമുട്ടാനിടയാകുകയും അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. യാത്രകൾ നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ സിനിമയെന്ന സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണം എന്ന ചിന്തയിൽ മുന്നോട്ടുപോകുന്ന കാലം. മലയാളത്തിലാണെങ്കിൽ ലിജോ ജോസ് പല്ലിശ്ശേരിയെ അസ്സിസ്റ് ചെയ്യണമെന്നായിരുന്നു സ്വപ്നം… തമിഴിൽ കാർത്തിക് സുബരാജ്… ഹിന്ദിയിലാണെങ്കിൽ അനുരാഗ് കശ്യപ് അല്ലെങ്കിൽ ദിബാകർ ബാനർജി… അതിമോഹങ്ങളുടെ ഭാണ്ഡവുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഓൾ ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാകാനും അവസരം ലഭിച്ചു. ഇടയ്ക്കു മുന്നാറിലേക്കും വാഗമണ്ണിലേക്കും യാത്ര ചെയ്തു… IFFIയുടെ സമയത്തു ഗോവയിൽ പോകാനും അവസരം ലഭിച്ചു. നീണ്ട യാത്രകൾ സ്വപ്നമായിത്തന്നെ അവശേഷിച്ചു.

ഏതാണ്ട് ജോലി ചെയ്യാൻ തുടങ്ങിയിട്ടു പത്തു മാസങ്ങൾ കഴിഞ്ഞ സമയം… ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പലരുടേയും ട്രാവൽ ഫോട്ടോസ് കണ്ടു അസൂയയോടെയും അല്പം സങ്കടത്തോടെയും മുന്നോട്ടു പോകുന്ന സമയം. പെട്ടെന്ന് ഒരു വല്ലാത്ത മിടിപ്പ് എന്നേ പിടികൂടിയിരുന്നു. എന്തൊക്കെയോ ചെയ്യണമെന്നും കൊതിതീരും വരെ യാത്ര ചെയ്യണമെന്നും വല്ലാതെ തോന്നുന്നുണ്ടായിരുന്നു. ഈ അവസ്ഥ പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇതിനിടയിൽ ബൈക്കിൽ നിന്ന് വീണു ഒരു മാസത്തോളം വീട്ടിലിരിക്കാൻ ഒരവസരം കിട്ടിയപ്പോൾ വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന റോഡ് മൂവിയുടെ തിരക്കഥ ഞാൻ എഴുതി തുടങ്ങി. ശെരിക്കും പറഞ്ഞാൽ യാത്ര ചെയ്യാൻ കഴിയാത്ത ദുഃഖം മുഴുവൻ ഞാൻ എഴുത്തിലേക്ക് ഇറക്കിവെയ്കുകയായിരുന്നു. മടിയോടെയാണെങ്കിലും ജോലിയിലേക്ക് തിരിച്ചു പോകുക മാത്രമായിരുന്നു മുന്നിലുള്ള വഴി. ഞാൻ കണ്ടിട്ടില്ലാത്ത ഹിമാലയത്തിലേക്ക് എന്റെ തിരക്കഥ സഞ്ചരിച്ചു തുടങ്ങി. അപ്പോഴും ഞാൻ ഗൂഗിളിൽ ഹിമാലയത്തിന്റെ പടം കണ്ടിരുന്നു. കഥയിലെ നായകൻ തളക്കപ്പെട്ട മതിലുകൾക്കപ്പുറമുള്ള തുറന്ന ആകാശം തേടി സഞ്ചരിക്കുമ്പോൾ ഞാൻ ഹിമാലയത്തിലെ എതോ പർവതത്തിന്റെ വാൾപേപ്പർ സെറ്റ് ചെയ്തു ആ കംപ്യൂട്ടർ സ്ക്രീനിനു മുന്നിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. മാസാവസാനം കിട്ടുന്ന ശമ്പളത്തിനപ്പുറം ആ ജോലി എന്നേ ഒട്ടും തൃപ്തിപെടുത്തുന്നില്ല എന്ന തോന്നലിൽ അധികം മുന്നോട്ടുപോകേണ്ടി വന്നില്ല. ഇനി എന്ത് എന്നറിയാതെ ഒരു ദിവസം വീട്ടിലെത്തുമ്പോൾ ആകെയുള്ളതു അക്കൗണ്ടിൽ ബാക്കിയുള്ള ഒരുമാസത്തെ ശമ്പളം.

മോട്ടോർസൈക്കിളെടുത്തു നേരെ ഇടുക്കിക്ക് വിട്ടു. പ്രിയ സുഹൃത്തും നാലു വയസു മുതൽ സഹയാത്രികനുമായ വേണു ദുബായിൽ നിന്ന് അവധിയെടുത്തു ഒരു മാസത്തോളം കൂടെക്കൂടി. പൈസ തീരുന്നവരെ കറങ്ങി, ഒടുവിൽ ജൂൺ 2016ൽ വീട്ടിൽ തിരികയെത്തുമ്പോൾ ഇനി എന്തെന്നുള്ള ചോദ്യം. ആ വൈകുന്നേരം ഒരു കൂട്ടുകാരൻ ചോദിച്ചു… “എല്ലാം താനെയങ്ങു നടക്കും എന്നല്ലേ നീ പറയുന്നത്… ജോലി പോയത് മിച്ചം…”. എനിക്ക് അപ്പോഴും കുലുക്കമില്ല… ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല എങ്കിലും അജ്ഞാതമായ എന്തോ ഒന്ന് എന്നേ എന്നും മുന്നോട്ടു കൊണ്ട്പോകുന്നതുപോലെ തോന്നിയിട്ടുണ്ട്… അന്ന് വൈകിട്ടു തന്നെ സോഹൻ സാറിന്റെ കോൾ വന്നു… “ബേർണിങ് വെൽസ്” എന്ന സിനിമയുടെ തിരക്കഥ എഴുതാനായി ഐ വി ശശി സർ എർണാകുളത്തെത്തുന്നു… അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായി അടുത്ത ദിവസം തന്നെ എറണാകുളത്തെത്തണം. അവസാനത്തെ അഞ്ഞൂറിന് പെട്രോൾ അടിച്ചു നേരെ വിട്ടു… സ്വപ്നസാക്ഷാത്കാരം പോലെയൊരു യാത്ര…

ഭാഗ്യവാനാണ് ഞാൻ എന്ന് കാലം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തോടൊപ്പം ചെന്നൈയിലെ വീട്ടിലും കുറച്ചു കാലം തങ്ങാനുള്ള ഭാഗ്യമുണ്ടായി. മേടമെന്നല്ല അമ്മയെന്ന് വിളിക്കണമെന്ന് പറഞ്ഞ സീമാമ്മ… ശശി സാറിന്റെ മകൻ അനി ചേട്ടൻ… കണ്ടു മുട്ടുന്നവരെല്ലാം എന്തോ നിയോഗത്തിന്റെ ഭാഗമായി ജീവിതത്തിലേക്ക് വരുന്നുവെന്ന ഒരു തോന്നൽ ഉണ്ടാകുന്നുണ്ടായിരുന്നു. അനി ചേട്ടനും ഞാനും ഒരേ കാലങ്ങളിൽ എഴുതിയ കഥകൾക്കു വരെ വല്ലാത്ത സാമ്യങ്ങൾ ഉണ്ടായിരുന്നു. ഇടയ്ക്കു അവധി കിട്ടിയപ്പോൾ ഹൈദ്രബാദിൽ ഇൻഡീവുഡ് ഫിലിം കാർണിവലിൽ പങ്കെടുക്കാനായി തിരിക്കുമ്പോൾ കുറച്ചു കറങ്ങിയിട്ടേ തിരിച്ചുവരൂ എന്ന് തീരുമാനിച്ചിരുന്നു.

യാത്രയുടെ തലേ ദിവസം ‘ജൊനാഥൻ ലിവിങ്സ്റ്റൺ സീഗൾ’ എന്ന പുസ്തകം അവിചാരിതമായി ഒരു ഷെൽഫിൽ നിന്ന് ലഭിച്ചു. അതും വായിച്ചാണ് യാത്ര തുടങ്ങിയത്. ഹൈദ്രാബാദിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ കയറുമ്പോഴും എങ്ങോട്ടു പോകണം എന്ന് ഐഡിയ ഇല്ല. പല യാത്രകളും ഞാൻ അങ്ങനെതന്നെയാണ് നടത്തിയിട്ടുള്ളത്. ആഹാരം തേടി മാത്രം പറക്കുന്ന സീഗളുകൾക്കിടയിൽ പറക്കാനുള്ള ശേഷി ആഘോഷമാക്കിയ ജൊനാഥൻ സീഗളിനെ പോലെ തന്നെ ഞാനും പറക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് റൂർക്കിയിൽ പോയി ചേച്ചിയെ കണ്ടു. അവിടുന്ന് അംബാല വഴി ചണ്ഡിഗഡ്… ഇതിനിടയിൽ ഗിരീ ഭായ് എന്ന സുഹൃത്ത് വിളിച്ചു… മണാലിയിലേക്കു പോകാൻ പ്ലാൻ ഉണ്ടെങ്കിൽ എല്ലാ സഹായവും ചെയ്തുതരാൻ ആളുണ്ട് എന്ന് പറഞ്ഞു ഒരു നമ്പരും തന്നു. തൊട്ടു മുന്നിൽ യാത്ര പുറപ്പെടാൻ തയാറായി നിൽക്കുന്ന ബസ് മണാലിയിലേക്കാണ്… പ്രപഞ്ചം എന്നെയുംകൊണ്ട് എങ്ങോട്ടോ പോകുകയാണെന്ന തോന്നലിൽ ഞാൻ യാത്ര തുടർന്നു… അനന്തമായ നീലാകാശത്തിൽ പറക്കുന്ന സീഗളുകൾ പല തവണ സ്വപ്നങ്ങളിൽ വന്നു. മണാലിയിൽ യാത്ര അവസാനിപ്പിക്കാം എന്ന് ഉറപ്പിച്ചിരുന്നു. മണാലിയിൽ ഗിരി ഭായ്യുടെ സുഹൃത്തായ അനുജിനൊപ്പം ഒരാഴ്ച തങ്ങി. മോട്ടോർസൈക്കിൾ എടുത്തു മണലിയുടെ ഉൾഗ്രാമങ്ങളിൽ കുറേ കറങ്ങി. ഷനാഗ് മറക്കാനാകാത്ത ഓർമയാണ്… യാത്ര അവസാനിക്കുന്നതിനു ഒരു ദിവസം മുൻപ് ഓൾഡ് മണാലിയിലെ ഒരു ഹിപ്പി കഫേയിലിരിക്കുമ്പോഴാണ് അത് സംഭവിച്ചത്… അവിചാരിതമായി കഫെയുടെ ചുവരിൽ കണ്ട പാർവത്തിന്റെ ചിത്രം വളരെ സുപരിചിതമായിരുന്നു. ബാരാലച്ചയിലെ ആ പർവത നിരയായിരുന്നു എന്റെ ഓഫീസ് കമ്പ്യൂട്ടറിന്റെ വാൾപേപ്പർ. മാസങ്ങളോളം അതും നോക്കിയിരുന്നിട്ടുണ്ട്… ഫേസ്ബുക് തുറന്നപ്പോൾ ഒരു ഇമേജ് കണ്ടു… അതിലെഴുതിയിരുന്നത് ഇങ്ങനെയാണ്…”Coincidences, synchronicities and serendipities are all signs from the universe that you are on your true path.” പ്രപഞ്ചത്തിന്റെ ആ വിളി പിൻതുടരാതിരിക്കുന്നതെങ്ങനെയാണ്?

മണാലിയിൽ നിന്ന് ലേയിലേക്കു തിരിക്കാമെന്നു തീരുമാനമെടുക്കുമ്പോൾ ഒരു രീതിയിലുള്ള തയാറെടുപ്പുകളുമുണ്ടായിരുന്നില്ല… അടുത്ത ദിവസം തന്നെ എൻഫീൽഡ് തണ്ടർബേർഡ് ബൈക്ക് വാടകയ്‌ക്കെടുത്തു ഞാൻ തിരിച്ചു. ബാരാലച്ചയിൽ ആ പർവതങ്ങൾക്കുമുൻപിൽ നിൽകുമ്പോൾ അതുവരെയുള്ളതെല്ലാം ഒരു സ്വപ്നംപോലെയാണ് തോന്നിയത്. കോയിൻസിടൻസുകൾ എന്നേ പിന്തുടർന്നുകൊണ്ടിരുന്നു. രാത്രി സർച്ചുവിൽ തങ്ങി. അടുത്ത ദിവസം വൈകുന്നേരം ലേയിലെത്തി. ഒക്ടോബർ പകുതിക്കു ശേഷം ഒറ്റയ്ക്ക് അങ്ങനെയൊരു റൈഡ് റിസ്കിയായിരുന്നു. റോഡ് അടയ്ക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി. തിരിച്ചു പോകാൻ തോന്നിയില്ല. മുന്നോട്ടു തന്നെ പോയി… ഘർധൂങ്ലാ താണ്ടി നുബ്ര വാലിയും കടന്നു പങ്ങൊങ്ങിലെത്തിയപ്പോൾ നൂറുകണക്കിന് സീഗിളുകൾ മുന്നിലേക്ക് പറന്നിറങ്ങി…. പ്രപഞ്ചം നമ്മളെ വിളിക്കുന്നുണ്ട്… ആ വിളിക്ക് കാതോർക്കുക… സ്വപ്നങ്ങളിൽ വിശ്വസിക്കുക… സ്വപ്നങ്ങളെല്ലാം സാധ്യമാകുകതന്നെ ചെയ്യും… 

യാത്രകൾ തുടങ്ങിയതിനേകുറിച്ചാണ് ഈ എഴുത്തു. പണം ഉപയോഗിക്കാതെയുള്ള യാത്ര തുടങ്ങിയത് ഈ ജൂൺ 1നാണു… ഈ യാത്രയെക്കുറിച്ചു വരും ദിവസങ്ങളിൽ കൂടുതൽ എഴുതാൻകഴിയുമെന്ന് വിശ്വസിക്കുന്നു. ROAD TO MAGIC എന്ന എന്റെ ഫേസ്ബുക് പേജിൽ എല്ലാ ദിവസവും ചെറിയ കുറിപ്പുകൾ എഴുതുന്നുണ്ട്. കമ്പ്യൂട്ടരറും സമയവും ലഭിക്കുന്നതനുസരിച്ചു കൂടുതൽ എഴുതാൻ ആഗ്രഹിക്കുന്നു. പണമുപയോഗിക്കാതുള്ള യാത്രയായതുകൊണ്ട് എഴുതാനുള്ള അവസരം ലഭിക്കുന്നത് അപൂർവമായാണ്. കൂടുതൽ എഴുതാൻ ശ്രമിക്കും.

സ്നേഹത്തോടെ നിയോഗ്