പഞ്ചമധുര പായസം


വിഷു സദ്യ എല്ലാം കഴിച്ച്‌ കഴിഞ്ഞൊ ? ചക്ക എരിശ്ശേരിയും മാമ്പഴക്കാളനും മാങ്ങാക്കറിയും കൂട്ടി വയറു നിറയെ ചോറുണ്ടു കഴിഞ്ഞ്, പായസ മധുരം കൂടി കഴിച്ചാൽ വിഷു പൊടിപൊടിക്കും. പഞ്ചസാര, ശർക്കര, തേൻ, പഴം, കൽക്കണ്ടം എന്നിങ്ങനെ പഞ്ചരസങ്ങളടങ്ങിയ ഒരു വെറൈറ്റി പായസം ആകട്ടെ ഇത്തവണ.
ഓട്ടുരുളിയിൽ തയാറാക്കി പാകമാകുമ്പോൾ തൊടിയിൽ നിന്ന് വെട്ടിയെടുത്ത തൂശനിലയിൽ ഒഴിച്ചു വയ്ക്കണം. തണുത്താൽ കഷണങ്ങളായി മുറിച്ചെടുക്കാം. പലതരം മധുരങ്ങളും പാലും നെയ്യുമെല്ലാം ചേരുന്നതുകൊണ്ടാകാം എത്ര കഴിച്ചാലും മടുക്കില്ല ഈ മധുരം.
ശർക്കര പാനിയാക്കാനോ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് പാലെടുക്കാനോ ഒന്നും സമയം കളയേണ്ട. വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാം ഈ രുചികൈനീട്ടം.

 

ചേരുവകൾ

1. ചെമ്പ പച്ചരി – കാൽ കിലോ

2. പാൽ – അര ലിറ്റർ

3. ശർക്കര – കാൽ കിലോ

4. പഞ്ചസാര – കാൽകിലോ

5. തേങ്ങ – ഒരു മുറി, ചുരണ്ടിയത്

6. കശുവണ്ടി പരിപ്പ് – ഒരു പിടി

ഉണക്കമുന്തിരി – ഒരു പിടി

കൽക്കണ്ടം ചെറിയ കഷണങ്ങളാക്കിയത് – മൂന്ന് വലിയ സ്പൂൺ

7. നെയ്യ് – രണ്ടു വലിയ സ്പൂൺ

തേൻ – ഒരു വലിയ സ്പൂൺ

8. ഏലയ്ക്ക – അഞ്ച് എണ്ണം പൊടിച്ചത്

ചെറുപഴം – മൂന്ന് എണ്ണം അരിഞ്ഞത്.

 

തയ്യാറാക്കുന്ന വിധം

1. ചേരുവകൾ തയാറാക്കി വയ്ക്കുക.

2. അരി കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിക്കുക.

3. മുക്കാൽ വേവാകുമ്പോൾ പാൽ ചേർത്തു തിളപ്പിക്കുക.

4. ഇതിലേക്ക് ശർക്കര പൊടിച്ചത് ചേർക്കുക

5. പഞ്ചസാര ചേർക്കുക

6. തേങ്ങ ചുരണ്ടിയത് ചേർക്കുക

7. കശുവണ്ടിപരിപ്പും ഉണക്കമുന്തിരി യും കൽക്കണ്ടവും ചേർക്കുക..

8. നെയ്യും തേനും ചേർക്കുക

9. പഴം അരിഞ്ഞതും ഏലയ്ക്ക പൊടിച്ചതും ചേർത്ത് തിളപ്പിച്ച് കുറുകിയ പരുവമാകുമ്പോൾ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *