റൂട്ട് കനാൽ ചികിത്സ അവശ്യ ചികിത്സയോ?


റൂട്ട് കനാൽ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്യം ഭൂരിഭാഗം ആൾക്കാരിലും നിലനിൽക്കുന്നു. പല്ലിനു പോട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിരോധ നടപടികളും ചികിത്സകളും സമയാസമയങ്ങളിൽ നടത്തണം. പോട് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ ശ്രദ്ധിക്കുക.

പല്ലുകളുടെ ഉപരിതലത്തിൽ ഉള്ള ഇനാമൽ (വെളുത്തപുറം) ശരീരത്തിലെ തന്നെ ഏറ്റവും കട്ടിയുള്ള പഥാർഥമാണ്. ദിനവും ഭക്ഷണം ചവച്ചരയ്ക്കാൻ പല്ലുകൾ ഉപയോഗിക്കുന്നതിനാൽ ഒരു മനുഷ്യായസു മുഴുവൻ പല്ലുകൾ ആവശ്യമാണ്. ഭക്ഷണം മുറിക്കാനും അരയ്ക്കാനും ഉതകുന്ന രീതികൾ ഉള്ള രൂപത്തിൽ പല്ലുകൾ ഉണ്ടാകുന്നു.

ഉദാ: കോന്പല്ലുകളുടെ ആകൃതി അല്ല അണപ്പല്ലുകൾക്ക്. അതുപോലെ തന്നെ ഉപയോഗവും വ്യത്യസ്തമാണ്. പുറകിലേക്കുള്ള അണപ്പല്ലുകൾ ആണ് പ്രധാനമായും ഭക്ഷണം ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തുന്നത്. മറ്റുള്ള എല്ലാ പല്ലുകളും ഈ പ്രക്രിയയെ സഹായിക്കുന്നതിനൊപ്പം കാഴ്ചയ്ക്കും മുഖസൗന്ദര്യത്തിനും ഉപയോഗപ്പെടുന്നു.

ജീവിതാവസാനം വരെ നിലനിൽക്കുന്ന ശരീരത്തിലെ ഒരു അവയവമായി പല്ലുകളെ പരിഗണിക്കണം. പോട് വന്ന് അത് ആഴത്തിൽ ബാധിച്ച് പല്ലിന്‍റെ ഉള്ളിൽ രക്തക്കുഴലുകളും ഞരന്പുകളും അടങ്ങുന്ന പൾപ്പിൽ എത്തുന്പോഴാണ് റൂട്ട് കനാൽ ചികിത്സ നടത്തേണ്ടതായി വരുന്നത്. ഇനാമലിന്‍റെയും ഡെന്‍റയിന്‍റെയും കട്ടി കുറഞ്ഞ് പൾപ്പുമായി അടുത്തു നിൽക്കുന്ന സാഹചര്യങ്ങളിലും റൂട്ട് കനാൽ നടത്താൻ നിർദേശിക്കാറുണ്ട്. പോടിന്‍റെ വിവിധ ഘട്ടങ്ങളും ചികിത്സയും:

ഒന്നാംഘട്ടം:

പോട് ഉണ്ടാകാതിരിക്കാൻ പ്രതിരോധ ചികിത്സകൻ ആവശ്യാനുസരണം നടത്തുക. ഇതിൽ പിറ്റ് ആൻഡ് ഫിഷർ ചികിത്സ, ഫ്ളൂറ്റെഡ് ആപ്ലിക്കേഷൻ എന്നിവ കുട്ടികളിൽ നിർബന്ധമായും നടത്തണം.വർഷത്തിൽ രണ്ടു തവണ ദന്ത ഡോക്ടറെ കണ്ട് വായ പരിശോധിപ്പിക്കുക. തുടക്കത്തിൽ പോട് കണ്ടുപിടിക്കാൻ പരിശോധന പ്രയോജനം ചെയ്യും.

രണ്ടാംഘം:

പോട് ഉണ്ട് എന്നു മനസിലായാൽ ഉടൻതന്നെ ചികിത്സ നടത്തി അടയ്ക്കാൻ ശ്രദ്ധിക്കണം. വിവിധ തരത്തിലുള്ള ഫില്ലിംഗ് മെറ്റീരിയൽസ് ഡോക്ടറുടെ നിർദേശം സ്വീകരിച്ച് തെരഞ്ഞെടുക്കുക. പ്രാരംഭഘട്ടത്തിൽ ചികിത്സ ലഭിച്ചാൽ സങ്കീർണമായ ചികിത്സകളിൽനിന്ന് ഒഴിവാക്കാൻ സാധിക്കും. ചെലവും കുറയ്ക്കാം.

മൂന്നാംഘട്ടം:

പോടിന് ആഴം കൂടുതൽ ആണെങ്കിൽ റൂട്ട് കനാൽ ചികിത്സ നടത്തേണ്ടതായി വരും. ഈ ഘട്ടത്തിലാണ് ദന്ത പരിശോധയ്ക്കായി സമയം കണ്ടെത്തുന്നത്. വേദനയോ അസ്വസ്ഥതയോ ഉണ്ടായാലാണ് ഡോക്ടറെ കാണുന്നത്. ഈ അവസ്ഥയിൽ പൾപ്പിനെ പഴുപ്പ് ബാധിച്ചിട്ടുണ്ടാകും.ഇവിടെ റൂട്ട് കനാൽ ചികിത്സ അല്ലാതെ ഒരു ചികിത്സയേ ഉള്ളൂ; അത് പല്ല് എടുത്തുകളയുക എന്നതു മാത്രം ആണ്. വേദനയും ബുദ്ധിമുട്ടുമില്ലാതെയാക്കാൻ റൂട്ട് കനാൽ ചികിത്സ സഹായിക്കും. ഇതിനുശേഷം പല്ല് പഴയ രീതിയിൽ ഉപയോഗത്തിൽ കൊണ്ടുവരാൻ ക്യാപ്പുകൾ ഇടേണ്ടതായി വരും. ഉറപ്പും ബലവും കുറവാണ് എങ്കിൽ പോസ്റ്റും കോറും ചെയ്താൽ പരമാവധി ബലം ഉറപ്പാക്കാം.

നാലാംഘട്ടം:

ചികിത്സകളുടെ ഫലം പൂർണമായി കിട്ടാൻ കൃത്യമായ പരിരക്ഷ ആവശ്യമാണ്. ഇത്തരത്തിൽ ചികിത്സകൾ നടത്തിക്കഴിഞ്ഞാൽ ഇത് പരമാവധി നാൾ നിലനിൽക്കാൻ വർഷത്തിൽ ഒരിക്കൽ പരിശോധനയും ക്ലീനിംഗും നടത്തണം. മോണയുടെ ബലം പ്രത്യേകം പരിരക്ഷിക്കണം. കാരണം മോണയിലും എല്ലിലും ആണ് പല്ലുകൾ ഉറച്ചുനിൽക്കേണ്ടത്. അടിത്തറ ബലം കുറഞ്ഞാൽ ചികിത്സകൾ ഒന്നും ദീർഘനാൾ നിലനിൽക്കില്ല. തെറ്റിദ്ധാരണകൾ റൂട്ട് കനാൽ ചികിത്സയെപ്പറ്റി അനവധി തെറ്റിദ്ധാരണകൾ ഉണ്ട്. ഇത് ഡോക്ടർ ആവശ്യം ഇല്ലാതെ നിർദേശിക്കുന്നതാണ് എന്നതാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. മുകളിൽ പറഞ്ഞ രണ്ടു ഘട്ടങ്ങളിലും ഏറ്റവും ചെറിയ സമയം കൊണ്ട് ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ പല്ല് അടയ്ക്കാൻ സാധിക്കും. എന്നാൽ ഘട്ടങ്ങൾ എല്ലാം കഴിഞ്ഞ് വേദനയും അസ്വസ്ഥതകളും ഉണ്ടാകുന്പോൾ മാത്രമാണ് ഡോക്ടറെ കാണാൻ സമയം കണ്ടെത്തുന്നത്. ഇതുകൊണ്ടാണ് ഭൂരിഭാഗം പോടുകളും റൂട്ട് കനാൽ ചികിത്സ നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നത്. ദന്ത- വായ രോഗങ്ങൾ ഓറൽ കാൻസർ ഉൾപ്പെടെ പരിശോധനയിൽ കൂടി കണ്ടുപിടിച്ച് പ്രാരംഭഘട്ടത്തിൽ തന്നെ ശാശ്വതമായി പരിഹരിക്കാവുന്നതാണ്. എന്നാൽ, നമ്മുടെ ജനസംഖ്യയിൽ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് പരിശോധനയ്ക്കായി ഡോക്ടറെ കാണുന്നത് എന്നതാണ് യാഥാർഥ്യം.