തുഷാരഗിരി വെള്ളച്ചാട്ടം


കിളികളോട് കിന്നാരം പറഞ്ഞ് കാട്ടുവഴികളിലൂടെ കുണുങ്ങിയൊഴുകുന്ന പുഴ. പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ് തുഷാരഗിരി വെള്ളച്ചാട്ടത്തെ കുറിച്ച് എങ്ങനെ പറയണമെന്നറിയില്ല..ചിത്രചിറകുള്ള ചിത്രശലഭങ്ങള്‍ ഒളികണ്ണാല്‍ ഒളിഞ്ഞുനോക്കുന്ന താഴ്വാരം….വെള്ളവും മണ്ണുമായുള്ള കൂട്ടായ്മ തീര്‍ക്കുന്ന അപൂര്‍വ്വ സൗന്ദര്യം…പര്‍വ്വത കാനന സൗന്ദര്യത്തില്‍ മയങ്ങുന്ന ട്രെക്കിങ്ങ് തുഷാരഗിരി….ശരിക്കും ഒരല്‍ഭുതമാണ്…..തുഷാരഗിരിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യം മഴക്കാലമാണ്.മഞ്ഞുകണങ്ങള്‍ നൃത്തം ചെയ്യുന്ന കാട്ടുവഴികള്‍ വേറിട്ട അനുഭവമാണ് സമ്മാനിക്കുക….

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് അടുത്തായി് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. . കോടഞ്ചേരിയില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തുഷാരഗിരിയില്‍ എത്തിച്ചേരാം. മഞ്ഞു മൂടിയ മല പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നാണ് തുഷാരഗിരിക്ക് ആ പേര് ലഭിച്ചത്. പശ്ചിമഘട്ടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് നീരൊഴുക്കുകള്‍ പിന്നീട് ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം എന്നിങ്ങനെ നാല് അതിമനോഹര വെള്ളച്ചാട്ടങ്ങളായി മാറുന്നു. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ (അവിഞ്ഞിതോട്) വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര എളുപ്പമല്ല. രണ്ടു കൈവഴികളിലെയും അരുവികള്‍ ഈരാറ്റുമുക്ക് എന്ന സ്ഥലത്ത് സംഗമിക്കുന്നു. അവിടന്നങ്ങോട്ട് ഇത് ചാലിപ്പുഴ എന്ന പേരിലാണ് ഒഴുകുന്നത്.തുഷാരഗിരി എന്ന പൊതുവായി അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമേറിയത്ത് 75 മീറ്റര്‍ ഉയരമുള്ള തേന്‍പ്പാറയാണ്.

തുഷാരഗിരിയിലെ രണ്ടാം വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് അതിരാവിലെ ട്രെക്കിങ്ങ് ആരംഭിക്കുന്നവര്‍ക്ക് സന്ധ്യയോടെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ എത്തിച്ചേരാം. അപൂര്‍വ ഇനം വൃക്ഷലതാദികളും പക്ഷികളും ഈ യാത്രായക്കിടയില്‍ സഞ്ചാരികള്‍ക്ക് ദൃശ്യമാകും.

ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തില്‍ നിന്ന് മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക് ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. വേരുകള്‍ പടര്‍ന്ന് കുത്തനെയുള്ള കയറ്റമാണ് മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക്.തൊട്ടുമുകളിലേക്ക് വീണ്ടും ചുവടുവെച്ചാല്‍ തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടമായി. വഴുക്കന്‍ പാറകളും ചെറിയ മുള്‍ച്ചെടികളും താണ്ടിവേണം അതിലേക്കെത്താന്‍. കാടിന് നടുവില്‍ അടുക്കിവെച്ച രണ്ട് കൂറ്റന്‍ കരിമ്പാറകള്‍ക്ക് മുകളിലൂടെയാണ് ഈ വെള്ളച്ചാട്ടത്തിന്റെ പതനം. ഒരു പാറയില്‍നിന്ന് മറ്റൊരു പാറയിലേക്ക് വീണ് ചിതറുന്നു. തുമ്പികളും പൂമ്പാറ്റകളും ഇവിടെ പാറിക്കളിക്കാറുണ്ടത്രെ. അതിനാലാണ് ഈ പേര്. തുഷാരഗിരി വനമേഖലയില്‍ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വര്‍ഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവന്‍കൂര്‍ ഈവനിംഗ് ബ്രൗണ്‍ എന്ന ചിത്രശലഭം ഈ ചിത്രശലഭ വര്‍ഗ്ഗത്തിലെ പ്രധാന ഇനമാണ് .

തുഷാരഗിരിയുടെ മറ്റൊരു പ്രത്യേകതയാണ് തോണിക്കയം വിശാലമായ പാറകള്‍ക്ക് മുകളിലൂടെ സൗമ്യമായ പാല്‍പുഞ്ചിരി തൂകി ഒഴുകുന്ന പുഴയുടെ മധ്യത്തിലായാണ് തോണിക്കയം. തോണിയുടെ ആകൃതിയില്‍ ചെത്തിയെടുത്തതുപോലുള്ള ഗര്‍ത്തമാണിത്. ദൂരെനിന്ന്നോക്കിയാല്‍ ഒരു തോണി മുങ്ങിക്കിടപ്പുണ്ടെന്ന് തോന്നും. ഇത്രയും വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകള്‍ക്കിടയില്‍ വനത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഏറെയുണ്ട്.

ആന, കാട്ടുപോത്ത്, മാന്‍, കേഴ, കരിങ്കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും മലമ്പ്രാവ്, ചെമ്പോത്ത്, കരിന്തലച്ചികിളി, കാട്ടുകോഴി, മൈന, മലമുഴക്കി വേഴാമ്പല്‍ തുടങ്ങിയ പക്ഷികളും പലതരം ചിത്രശലഭങ്ങളും വിവിധ ജാതി കാട്ടുമരങ്ങളും ഔഷധച്ചെടികളുംകൊണ്ട് സമ്പന്നമാണ് ഇവിടത്തെ വനമേഖല.. പക്ഷേ ഇവകളെ കാണണമെങ്കില്‍ ട്രക്കിങ് ആവശ്യമാണ്.ദ ഗ്രേയിറ്റ് ഹോളോ ട്രീ, എന്നറിയപ്പെടുന്ന 120 വര്‍ഷത്തോളം പഴക്കമുള്ള ഒരു താന്നിമരമുണ്ട് . താന്നിമുത്തശ്ശി എന്നപേരില്‍ അറിയപ്പെടുന്ന ഈ കൂറ്റന്‍ മരത്തിന്റെ ഉള്ള് പൊള്ളയാണ്. അടിഭാഗത്ത് 3 പേര്‍ക്കെങ്കിലും ഒരേ സമയം കയറി ഇരിക്കാനാവും…..സഞ്ചാരികള്‍്‌ക്കെല്ലാം ഈ മുത്തശ്ശിമരം ഏറെ പ്രീയപ്പെട്ടതാണ്..

കുരുമുളക്, ഇഞ്ചി, റബര്‍, അടയ്ക്കാ ,കൊക്കോ തുടങ്ങി നിരവധി തോട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് തുഷാരഗിരിയിലേക്കുള്ള യാത്ര.. തണുപ്പ് നിറഞ്ഞ വഴികള്‍,ഒരിക്കല്‍ കൂടി പോകണം…മഞ്ഞുതുള്ളികള്‍ നൃത്തം ചെയ്യുന്ന തുഷാരഗിരിയിലേക്ക്….ഇ യാത്ര തിരിച്ചിറങ്ങിയപ്പോള്‍ ഒരു നഷ്ടപ്പെടലിന്റെ വേദനയായിരുന്നു അനുഭവപ്പെട്ടത്…

ട്രക്കിംഗ് ചില സമയങ്ങളില്‍ മാത്രമേ അനുവദിക്കുകയു