ലോകത്തുള്ള എല്ലാ പക്ഷികളും എവിടെ പോയാണ് മരിക്കുന്നത്


കാക്കകളെ മറക്കാം. മറ്റു പക്ഷികള്‍ ചത്തുകിടക്കുന്നത് അപൂര്‍വമായി മാത്രം നമ്മുടെ കണ്‍മുന്നില്‍ വരുന്നത് എന്തുകൊണ്ടാണ്. ചിന്തിച്ചു നോക്കൂ, പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? ലോകത്ത് എല്ലായിടത്തും ബാക്കിയാകുന്ന ഒരു സംശയമാണ് പക്ഷികള്‍ ചത്തുപോകുന്നത് എന്തേ മനുഷ്യര്‍ അറിയാത്തത് എന്ത്. പൊതുവായ ഒരുത്തരം ഇതിന് നല്‍കുന്നത് എളുപ്പമല്ല .അതിനര്‍ഥം ഉത്തരമില്ല എന്നല്ല. വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രം ആയുസ് ആണ് കൂടുതല്‍ പക്ഷികള്‍ക്കുള്ളത്.

തൊടിയില്‍ കാണുന്ന പക്ഷികള്‍ പരമാവധി നാല് വര്‍ഷംവരെയാണ് ജീവിക്കുക. സ്വാഭാവികമായ മരണങ്ങള്‍ പക്ഷികള്‍ക്കിടയില്‍ വളരെക്കുറവ് മാത്രമെ സംഭവിക്കുന്നുള്ളുവെന്ന് ബ്രിട്ടണിലുള്ള പക്ഷി നിരീക്ഷണ സ്ഥാപനം, ആര്‍‍എസ്‍പിബി (റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേഡ്‍സ്‍) പറയുന്നു.ഏറ്റവും കൂടുതല്‍ പ്രായം ജീവിക്കുന്നത് ആല്‍ബട്രോസ് ഇനത്തില്‍പ്പെട്ട പക്ഷികളാണ്. ഇവ 64 വര്‍ഷത്തിന് മുകളില്‍ ജീവിക്കും. പ്രായം രണ്ട് കടക്കുമ്പോള്‍ തന്നെ ചെറിയ കിളികളുടെ ജീവിതം അവസാനിച്ചിട്ടുണ്ടാകും. ഇണചേരുന്ന കാലം കടന്നുകിട്ടിയാല്‍ പക്ഷികള്‍ക്ക് ആയുസ് കൂടുതലായിരിക്കുമെന്നാണ് ആര്‍എസ്‍പിബി ഗവേഷകര്‍ കണ്ടെത്തിയത്.പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്? പറക്കുന്നതിനിടയില്‍ ചത്ത് വീഴുകയല്ല പക്ഷികള്‍. കൂടുതലും പക്ഷികള്‍ അവരുടെ അവസാനം അടുത്തെന്ന് മനസിലാക്കി ഏകാന്തവാസത്തിലായിരിക്കുമെന്നാണ് കരുതുന്നത്. മറ്റു പക്ഷികളെയും ,മനുഷ്യരെയും ഒഴിവാക്കി ഏകാന്ത താവളങ്ങള്‍ കണ്ടെത്തുകയാണ് ചെറിയ പക്ഷികള്‍ ചെയ്യുന്നത്. കുറ്റിക്കാടുകളോ, മരത്തിലെ പോടുകളോ പക്ഷികള്‍ അവസാന ദിവസങ്ങള്‍ കഴിച്ചുകൂട്ടാന്‍ തെരഞ്ഞെടുക്കും.

പക്ഷിയുടെ മൃതദേഹം എവിടെപ്പോകുന്നു?

പറക്കാന്‍ കഴിയുന്ന ജീവികള്‍ ആയതുകൊണ്ടു പക്ഷികള്‍ക്ക് ശരീരഭാരം വളരെക്കുറവാണ്. ഭാരം കുറഞ്ഞ അസ്ഥികളും, കൂടുതല്‍ തൂവലുകളും ഉണ്ട്. മാംസം വളരെ കുറവാണ്. ചത്തു പോകുന്നതോടെ തൂവലുകളും, മാംസവും എളുപ്പത്തില്‍ അഴുകി ഇല്ലാതാകുന്നു. ശരീരത്തില്‍ കൂടുതല്‍ മാംസം ഉള്ള ജീവികളെ അപേക്ഷിച്ച് വളരെ പെട്ടന്ന് ഈ പ്രക്രിയകള്‍ നടക്കും.അസുഖ ബാധിതരായിക്കഴിഞ്ഞാല്‍ പക്ഷികള്‍ വിശ്രമത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.

ചിലപ്പോള്‍ വിശ്രമം പക്ഷികളെ അസുഖങ്ങളില്‍ നിന്ന് കരകയറാന്‍ സഹായിക്കാറുണ്ട്. മരംകൊത്തി പൊത്തിനുള്ളില്‍ ,ഇരിപ്പുറപ്പിക്കുന്നതും ചില കിളികള്‍ മണ്ണില്‍ ഒളിച്ചിരിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. പറക്കാന്‍ വയ്യാതാകുമ്പോള്‍ പൂച്ച, പട്ടി, പാമ്പ് എന്നിങ്ങനെ മറ്റു ജീവികള്‍ക്ക് പക്ഷികള്‍ ഇരയാകും.പ്രകൃതിയിലെ ആഹാരശൃംഖലയില്‍ ചെറിയ പക്ഷികള്‍ നിര്‍ണായകമാണ്. പക്ഷികള്‍ മറ്റു ജീവികള്‍ക്ക് ഭക്ഷണമാകുന്നത് ആവാസ വ്യവസ്ഥ നിലനില്‍ക്കാന്‍ അത്യാവശ്യവുമാണ്. പക്ഷികളുടെ കൂട്ടമരണങ്ങള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി പഠനങ്ങള്‍ ഇതില്‍ നടക്കുന്നു. കൂടുതലും സാഹചര്യങ്ങളില്‍ മനുഷ്യര്‍ തന്നെയാണ് പക്ഷികളെ കൊല്ലുന്നത്.

🔹2011 പുതുവര്‍ഷ ദിനത്തിന്‍റെ പിറ്റേന്ന് അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ ഒരു നഗരത്തില്‍ 5000 പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി.പുതുവര്‍ഷം ആഘോഷിക്കാന്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിലാണ് പക്ഷികള്‍ ചത്തതെന്ന് പിന്നീട് തെളിഞ്ഞു.

🔹അതേ വര്‍ഷം തന്നെ അമേരിക്കയിലെ ല്യൂയിസിയാനയില്‍ 500ഓളം പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. വലിയ കെട്ടിടങ്ങള്‍, ചില്ല് ജനാലകള്‍, വിഷ പ്രയോഗം, കീടനാശിനികള്‍ എന്നിങ്ങനെ പല ഭീഷണികള്‍ പക്ഷികള്‍ നേരിടുന്നുണ്ട്.

🔹2016ല്‍ അലാസ്‍കയുടെ തീരത്ത് 1000ത്തോളം കടല്‍പ്പക്ഷികള്‍ ചത്തടിഞ്ഞു. മലിനീകരണമാണ് ഈ കൂട്ടക്കുരുതിക്ക് കാരണമെന്ന് പിന്നീട് വ്യക്തമായി.